Skip to main content

മിഖ്ദാദ് ബിൻ അംറ്(റ)

ഭീകരത മുറ്റിനിന്ന ഒരു ദിവസം. ഖുറൈശികള്‍ എല്ലാ സംഹാരശക്തികളും സംഭരിച്ചാണ് നില്‍പ്പ്. മുസ്‌ലിംകള്‍ ന്യൂനപക്ഷം. ഇസ്‌ലാമിനു വേണ്ടിയുള്ള ഒരു യുദ്ധത്തില്‍ അവര്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. അവരുടെ ആദ്യത്തെ യുദ്ധമാണിത്. അബൂബക്ര്‍ സിദ്ദീഖും ഉമറുല്‍ ഫാറൂഖും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞതോടെ മിഖ്ദാദ് മുന്നോട്ടു ചെന്നു.

'അല്ലാഹുവിന്റെ റസൂലേ അങ്ങയോട് അല്ലാഹു നിര്‍ദേശിച്ച വഴിക്ക് നീങ്ങിയാലും. ഞങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്. 'നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യൂ. ഞങ്ങള്‍ ഇവിടെ ഇരിക്കാം' എന്ന് ഇസ്‌റാഈല്യര്‍ മൂസായോട് പറഞ്ഞതുപോലെ, അല്ലാഹുവാണെ, ഞങ്ങള്‍ പറയുകയില്ല. താങ്കളും താങ്കളുടെ റബ്ബും യുദ്ധം ചെയ്യൂ; ഞങ്ങളും കൂടെ യുദ്ധം ചെയ്യാം എന്നേ ഞങ്ങള്‍ പറയൂ. അങ്ങയെ സത്യവുമായി അയച്ചവന്‍ സാക്ഷി, ഞങ്ങളെയും കൊണ്ട് അങ്ങ് വന്‍ പര്‍വതം കേറിയാല്‍ ഞങ്ങള്‍ ക്ഷമാപൂര്‍വം താങ്കളെ അനുമഗിക്കും. അല്ലാഹു വിജയം പ്രദാനം ചെയ്യുന്നതുവരെ അങ്ങയുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും ഞങ്ങള്‍ യുദ്ധം ചെയ്യും.'

നബിയുടെ മുഖം പ്രസന്നമായി. അദ്ദേഹം മിഖ്ദാദിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കാകട്ടെ ആവേശവും ആത്മധൈര്യവും ഇതോടെ കൈവന്നു. 

മേലുദ്ധരിച്ച മിഖ്ദാദിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ മാത്രം തെളിവല്ല. അഗാധചിന്തയെയും ദൂരക്കാഴ്ചയെയും അത് സൂചിപ്പിക്കുന്നു. താത്ത്വികനായിരുന്ന മിഖ്ദാദ് താത്ത്വികമായ സമീപനമായിരുന്നു ഏത് വിഷയത്തിലും സ്വീകരിച്ചിരുന്നത്. 

ഒരിക്കല്‍ നബി അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചു. അവിടെ നിന്നു തിരിച്ചുവന്നപ്പോള്‍ പുതിയ ഉദേ്യാഗത്തെപ്പറ്റി എന്തുതോന്നുന്നു എന്നു തിരുമേനി അനേ്വഷിച്ചു. മിഖ്ദാദിന്റെ പ്രതികരണം ഇതായിരുന്നു. 'ഞാന്‍ മേലെയും ജനങ്ങള്‍ താഴെയും എന്ന ചിന്താഗതി വളര്‍ത്താനേ അത് ഉപകരിച്ചുള്ളൂ. താങ്കളെ സത്യവുമായി അയച്ചവന്‍ സാക്ഷി, ഇന്നുമുതല്‍ ഒരിക്കലും ഞാന്‍ രണ്ടുപേര്‍ക്ക് മേധാവിയാവുകയില്ല.'

'ഇസ്‌ലാം പ്രബലമായിരിക്കെ എനിക്കു മരിക്കണം.' അതായിരുന്നു മിഖ്ദാദിന്റെ അഭിലാഷം. ഇതിന്റെ സാഫല്യത്തിനായി നിരന്തരമായും നിഷ്‌കളങ്കമായും അദ്ദേഹം പ്രവര്‍ത്തിച്ചു. തന്മൂലം, 'താങ്കളെ സ്‌നേഹിക്കാന്‍ അല്ലാഹു എന്നോട് കല്‍പ്പിക്കുകയും അവന്‍ താങ്കളെ സ്‌നേഹിക്കുന്നതായി അറിയിക്കുകയും ചെയ്തു.'എന്നു തിരുമേനി പറയാനുള്ള അര്‍ഹത മിഖ്ദാദ് നേടി.

മിഖ്ദാദുബ്‌നുഅംറ്. സ്വദേശം മക്ക. ഗോത്രം ബനൂബഹ്‌റാഅ്. പിതാവ് അംറുബ്‌നു സഅ്‌ലബ. മരണം: ഹി: 33ല്‍ (ക്രി 653) മദീനയില്‍.

Feedback