മദീനയില്‍ മരണപ്പെടുന്ന ആദ്യത്തെ മുഹാജിര്‍. ഉസ്മാനുബ്നു മദ്വ്ഊനിന്റെ ജീവിതത്തിലെ അവസാന സമയം. പ്രവാചകന്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തുണ്ട്. നബി അദ്ദേഹത്തിന്റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. എന്നിട്ട് പറഞ്ഞു.'അബൂസാഇബ്, താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ദുന്‍യാവില്‍ നിന്ന് താങ്കള്‍ യാത്രയാവുന്നു. ദുന്‍യാവില്‍ നിന്ന് താങ്കള്‍ ഒന്നും നേടിയിട്ടില്ല. താങ്കളില്‍ നിന്ന് ദുന്‍യാവിന് ഉപദ്രവമുണ്ടായിട്ടുമില്ല.'
ഇസ്ലാമിലേക്ക് വന്ന പതിനാലാമത്തെ വ്യക്തിയാണ് ഉസ്മാനുബ്‌നു മദ്വ്ഊന്‍. ബഖീഇല്‍ അടക്കം ചെയ്ത പ്രഥമ മുസ്‌ലിമുമാണ്. മക്കാനിവാസിയായ ഇദ്ദേഹം ആദ്യകാല മുസ്ലിമെന്ന നിലക്ക് ഒട്ടനവധി മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. അബ്സീനിയയിലേക്ക് പലായനം ചെയ്ത മുസ്ലിം സംഘത്തിന്റെ നായകനായിരുന്നു ഉസ്മാന്‍. തിരിച്ച് മക്കയിലേക്ക് വരുന്ന ദിനങ്ങളെ അദ്ദേഹവും കൂട്ടരും കാത്തുകാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഖുറൈശികള്‍ ഇസ്‌ലാമില്‍ വിശ്വസിച്ചെന്ന വാര്‍ത്ത അവര്‍ കേട്ടു. സന്തോഷത്തോടെ ഉടന്‍ തന്നെ അവര്‍ മക്കയിലേക്ക് തിരിച്ചു. എന്നാല്‍ മക്കയുടെ തൊട്ടടുത്തെത്തിയപ്പോഴാണ് അത് വ്യാജമായിരുന്നുവെന്ന് അവര്‍ക്ക് ബോധ്യമായത്. ചിരകാലമായി കെണിവെച്ച് പിടിക്കാന്‍ കാത്തിരിക്കുന്ന ഇര തങ്ങളെത്തേടി ഇങ്ങോട്ടുവരുന്നുണ്ടെന്ന് ഖുറൈശികളുടെ കാതിലുമെത്തിയിരുന്നു. അവരും കാത്തിരിക്കുകയായിരുന്നു, ഉസ്മാനെയും കൂട്ടരെയും.
പവിത്രമെന്ന് അറബികള്‍ കണ്ടിരുന്ന സമ്പ്രദായമായിരുന്നു അഭയം നല്‍കുക എന്നുള്ളത്. ബലഹീനനായ ഒരാള്‍ ഒരു ഖുറൈശി നേതാവിന്റെ അഭയം സ്വീകരിച്ചാല്‍ അയാള്‍ സുരക്ഷിതനായി. അയാളെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ആരും ശ്രമിക്കുകയില്ല. കുറച്ചുപേര്‍ക്ക് മാത്രമാണ് കൂട്ടത്തില്‍ അഭയം കിട്ടിയത്. ഇവരില്‍ ഉസ്മാനുബ്നു മദ്വ്ഊനും ഉള്‍പ്പെട്ടു. ഖുറൈശീ പ്രധാനിയായ വലീദുബ്നു മുഗീറയാണ് ഉസ്മാന് അഭയം നല്‍കിയത്. അങ്ങനെ നിര്‍ഭയനായി അദ്ദേഹം മക്കയിലൂടെ നടക്കാന്‍ തുടങ്ങി.
എന്നാല്‍ സഹായിക്കാന്‍ ആരുമില്ലാത്ത ദുര്‍ബലരായ പല മുസ്ലിംകളെയും ഖുറൈശികള്‍ അക്രമിക്കുന്നതു കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകഞ്ഞു. താനിവിടെ സുരക്ഷിതനായി നടക്കുക. അവരെല്ലാം മര്‍ദനങ്ങള്‍ ഏല്‍ക്കുക. സഹിക്കാന്‍ കഴിഞ്ഞില്ല ഉസ്മാന്. വലീദുബ്‌നു മുഗീറയെ സമീപിച്ച് പറഞ്ഞു. 'താങ്കളുടെ കടമ താങ്കള്‍ നിര്‍വഹിച്ചു. താങ്കളുടെ സംരക്ഷണം ഞാനിതാ ഒഴിയുന്നു.'
എന്താണ് കാരണം, സഹോദരപുത്രനെ തന്റെ ആളുകള്‍ ഉപദ്രവിച്ചോയെന്ന വലീദിന്റെ ചോദ്യത്തിന് ഇല്ലായെന്നും ഇനി അല്ലാഹുവിന്റെ സംരക്ഷണയില്‍ ഞാന്‍ തൃപ്തിപ്പെട്ടു കൊള്ളാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കള്‍ പരസ്യമായി എന്നെ ഏറ്റെടുത്തതു പോലെ പള്ളിയില്‍ ചെന്ന് പരസ്യമായി അത് പിന്‍വലിച്ച കാര്യവും പറയണമെന്നും ഉസ്മാന്‍ പറഞ്ഞു. വലീദ് അതുപ്രകാരം ചെയ്തു.
ഖുറൈശികളുടെ ഒരു സദസ്സ്. ലബീദുബ്നു റബീഅ അവരെ ഒരു കവിത പാടിക്കേള്‍പ്പിക്കുകയാണ്. ഉസ്മാനും സദസ്സില്‍ വന്നിരുന്നു. ദൈവമല്ലാത്തതെല്ലാം അസാധുവാണെന്നോര്‍ക്കുക എന്നര്‍ഥം വരുന്ന ഒരു വരി ലബീദ് പാടിയപ്പോള്‍ താങ്കള്‍ സത്യം പറഞ്ഞുവെന്ന് ഉസ്മാന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എല്ലാ സൗഖ്യവും നശ്വരമാകുന്നു എന്നും ലബീദ് പാടി. അപ്പോള്‍ അത് തെറ്റാണെന്നും സ്വര്‍ഗസുഖം നശ്വരമല്ലെന്നും പറഞ്ഞ് ഉസ്മാന്‍ അതിനെ എതിര്‍ത്തു.
അപ്പോള്‍ ലബീദ് ചോദിച്ചു: 'അറബികളേ, അതിഥികളെ ശല്യപ്പെടുത്തുന്ന പതിവ് നിങ്ങള്‍ക്കില്ലല്ലോ? ഇത് നിങ്ങള്‍ക്ക് എപ്പോള്‍ തുടങ്ങി.' ഞങ്ങളുടെ മതംവിട്ടുപോയ ഒരു വിഡ്ഢിയാണിവന്‍ എന്ന് സദസ്യരില്‍ നിന്ന് ഒരാള്‍ പറഞ്ഞു. ഉസ്മാന്‍ ഇതിന് മറുപടി പറഞ്ഞപ്പോള്‍ ഇരുവരും വഴക്കായി. അയാള്‍ എണീറ്റ് ഉസ്മാന്റെ മുഖത്തടിച്ചു. കണ്ണിന് പരിക്കുപറ്റി.
ഇതുകണ്ടുകൊണ്ടിരിക്കുകയായിരുന്ന വലീദ് പറഞ്ഞു 'ഭദ്രമായ സംരക്ഷണയില്‍ കഴിയുകയായി രുന്നുവല്ലോ താങ്കള്‍. ഉദ്ദേശിക്കുന്നുവെങ്കില്‍ എന്റെ സംരക്ഷണയിലേക്ക് മടങ്ങിവരൂ.' 'താങ്കളെക്കാളും കഴിവും പ്രതാപവുമുള്ള ഒരുവന്റെ സംരക്ഷണയിലാണ് ഞാനിപ്പോള്‍. ആ അല്ലാഹുവിന് വേണ്ടി എന്റെ ഒരു കണ്ണിന് പരിക്കേറ്റിട്ടുണ്ടെങ്കില്‍ മറ്റേ കണ്ണിനും പരിക്കേറ്റാലേ എനിക്ക് സമാധാനമാവുകയുള്ളൂ' എന്നാണപ്പോള്‍ ഉസ്മാന്‍ മറുപടി പറഞ്ഞത്.
വലീദിന്റെ സംരക്ഷണം നഷ്ടപ്പെട്ട ഉസ്മാന് ഖുറൈശികളുടെ മര്‍ദനങ്ങള്‍ ധാരാളം എല്‌ക്കേണ്ടിവന്നു. തിരുമേനിയുടെ നിര്‍ദേശപ്രകാരം ഇതര സ്വഹാബികളോടൊപ്പം ഉസ്മാനുബ്‌നു മദ്വ്ഊനും മദീനയിലേക്ക് പലായനം ചെയ്തു.
ആരാധനയിലൂടെ കൈവരുന്ന ആനന്ദവും സംതൃപ്തിയും അനുഭവിച്ചറിഞ്ഞപ്പോള്‍ ഭൗതികജീവിതത്തോട് അദ്ദേഹത്തിന് മടുപ്പ് തോന്നി. അങ്ങനെ ജീവന്‍ നിലനിര്‍ത്താനുള്ള അല്‍പാഹാരവും നാണം മറയ്ക്കാനുള്ള പരുക്കന്‍ വസ്ത്രവുംകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. ആ കാലഘട്ടത്തിലെ നബിശിഷ്യന്‍മാരുടെ ജീവിതരീതി ഇതുതന്നെയായിരുന്നുവെങ്കിലും ഉസ്മാന്‍ ഈ രംഗത്ത് തനതായ വ്യക്തിത്വം പുലര്‍ത്തി.
നബിയും കൂട്ടരും ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ ഉസ്മാന്‍ അവിടേക്ക് കയറിവന്നു. കീറിയ വസ്ത്രമാണ് വേഷം. കീറിയ സ്ഥലത്ത് ഒരുകഷ്ണം മൃഗത്തോല്‍ കൊണ്ട് തുന്നിയിരിക്കുന്നു. നബിയുടെയും ശിഷ്യന്‍മാരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. സുഖാഡംബര വിരക്തിയില്‍ ഭാര്യയുമായുള്ള സംസര്‍ഗം വരെ ഉപേക്ഷിച്ചപ്പോള്‍ തിരുമേനി അദ്ദേഹത്തെ വിളിച്ച് 'താങ്കളുടെ ഭാര്യയോട് താങ്കള്‍ക്ക് ചില കടമകളുണ്ട് ' എന്ന് ഓര്‍മിപ്പിച്ചു.
അബുസ്സാഇബ് എന്ന പേരിലായിരുന്നു ഉസ്മാനുബ്‌നു മദ്വ്ഊന്‍ അറിയപ്പെട്ടിരുന്നത്. പിതാവ്: മദ്വ്ഊനുബ്‌നു ഹബീബ്. ഖുറൈശ് ഗോത്രത്തിലെ ബനൂ ജുമഹ് വംശത്തിലായിരുന്നു ജനനം. ഹിജ്‌റ രണ്ടാം വര്‍ഷം മദീനയിലാണ് അദ്ദേഹം മരണപ്പെട്ടത്.