മക്കയിലെ ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യകാലം. പ്രവാചകന്‍ രഹസ്യമായി ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ് അവിടെയെങ്ങും പരിചയമില്ലത്ത ഒരാള്‍ നബിയുടെ അടുത്തെത്തുന്നത്. വന്നയാള്‍ ചോദിച്ചു. താങ്കള്‍ ആരാണ്?
ഞാന്‍ ഒരു നബി.
എന്ത് നബി?,
അല്ലാഹുവിന്റെ ദൂതന്‍
അല്ലാഹുവാണോ താങ്കളെ അയച്ചത്.
അതേ
എന്തിന്?
അല്ലാഹു ഏകനാണെന്നും അവനില്‍ പങ്കുചേര്‍ക്കരുതെന്നും ഉപദേശിക്കാന്‍, വിഗ്രഹങ്ങളെ ഒഴിവാക്കാന്‍, കുടുംബത്തില്‍ ഐക്യം സ്ഥാപിക്കാന്‍.
ഇതില്‍ താങ്കളുടെ കൂടെ ആരുണ്ട്?
ഒരു സ്വതന്ത്രനും അടിമയും (അബൂബക്‌റും ബിലാലുമായിരുന്നു അത്).
എങ്കില്‍ ഞാനും താങ്കളെ പിന്തുടരാം.
'ഇപ്പോഴത്തെ സാഹചര്യത്തില്‍ താങ്കള്‍ക്കതിനാവില്ല. താങ്കള്‍ കുടുംബത്തിലേക്ക് മടങ്ങണം. ഞാന്‍ പരസ്യമായി രംഗത്തിറങ്ങി എന്നു കേള്‍ക്കുമ്പോള്‍ വന്നാല്‍ മതി.'
അതനുസരിച്ച് അദ്ദേഹം കുടുംബത്തിലേക്ക് തന്നെ തിരിച്ചു പോയി. ഇസ്ലാമിന്റെ തുടക്കത്തില്‍ മതത്തിലേക്ക് കടന്നുവന്ന അംറുബ്നു അബസയായിരുന്നു ഇത്. നബിയെയും അബൂബക്ര്‍, ബിലാല്‍ എന്നിവരെയും കഴിച്ചാല്‍ ചരിത്രകാരന്‍മാര്‍ നാലാം സ്ഥാനം നല്‍കുന്ന വ്യക്തിയാണ് അംറുബ്നു അബസ.
നബി(സ്വ) അഭയാര്‍ഥിയായി മദീനയിലേക്ക് പോയതിന് ശേഷം അവിടെ നിന്ന് വരുന്നവരോടെല്ലാം അദ്ദേഹം പ്രവാചകനെക്കുറിച്ച് ചോദിക്കും. 'നിങ്ങളുടെ അടുത്തേക്ക് വന്ന ആ മക്കക്കാരന്റെ സ്ഥിതി എന്തായി'. സ്വന്തം ജനത അദ്ദേഹത്തെ വധിക്കാന്‍ തീരുമാനിച്ചു. പക്ഷേ അവര്‍ക്കതിന് കഴിഞ്ഞില്ല. അവര്‍ക്കും അദ്ദേഹത്തിനുമിടയില്‍ അല്ലാഹു തടസ്സം സൃഷ്ടിച്ചു.' അവരുടെ ഈ വാക്കുകള്‍ കേട്ട അംറിന് ക്ഷമിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ മദീനയിലേക്ക് പുറപ്പെട്ടു. പ്രവാചകന്റെ മുമ്പിലെത്തി ചോദിച്ചു: താങ്കള്‍ക്ക് എന്നെ അറിയുമോ? അറിയും. താങ്കളല്ലേ മക്കയില്‍ എന്റെ അടുത്തേക്ക് വന്നിരുന്നതെന്ന പ്രവാചകന്റെ മറുപടിയില്‍ ഏറെ സന്തോഷവാനായ അംറ് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കള്‍ക്ക് പഠിപ്പിച്ചുതന്നതും എനിക്ക് വിവരമില്ലാത്തതുമായ കാര്യങ്ങള്‍ പഠിപ്പിച്ചുതന്നാലും.'
സത്യം അന്വേഷിച്ചറിയാനുള്ള അംറിന്റെ ആഗ്രഹഫലമായി പ്രവാചക സന്നിധിയില്‍നിന്ന് ഒട്ടേറെ അറിവുകള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി.
അബൂനജീഹ് എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. റുബൂഉല്‍ ഇസ്ലാം (നാലാമത്തെ മുസ്ലിം) എന്ന കീര്‍ത്തിനാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. സുലൈം ഗോത്രക്കാരനായിരുന്നു അംറുബ്്‌നുഅബസ. ഉസ്മാന്റെ(റ) ഭരണകാലഘട്ടത്തിന്റെ അവസാനത്തില്‍ ഹിംസ്വില്‍ വെച്ചാണ് മരണപ്പെടുന്നത്.