Skip to main content

ആസ്വിമുബ്‌നു സാബിത്(റ)

ആസ്വിമുബ്‌നുസാബിതിന്റെ തലയോട്ടി തനിക്ക് കള്ളുകുടിക്കാന്‍ കിട്ടണം, തന്റെ ഭര്‍ത്താവിനെയും മൂന്ന് മക്കളെയും കൊന്നവരോട് പ്രതികാരം ചെയ്യണം എന്നാലേ എന്റെ വിരഹവേദന മാറുകയുള്ളൂ എന്ന് പ്രഖ്യാപിച്ചത് സുലാഫയായിരുന്നു. അദ്ദേഹത്തെ തടവിലാക്കുകയോ കൊല്ലുകയോ തല ഹാജരാക്കുകയോ ചെയ്യുന്നവര്‍ക്ക് വിലപിടിച്ച ഇനാമുകളും അവള്‍ പ്രഖ്യാപിച്ചു. ഖുറൈശികളിലെ യുവാക്കള്‍ ഇതിനായി വെമ്പല്‍ കൊണ്ടു.

മുസ്‌ലിംകള്‍ പരാജയമേറ്റു വാങ്ങിയ ഉഹ്ദുയുദ്ധത്തില്‍ സുലാഫയുടെ ഭര്‍ത്താവ് ത്വല്‍ഹയെയും മുസാഫിഅ, ജൂലാസ്, കിലാബ് എന്നീ മൂന്ന് മക്കളെയും വധിച്ചത് ആസ്വിമുബ്‌നു സാബിതായിരുന്നു. ഉഹ്ദ് മലയില്‍ മരണാസന്നനായി കിടക്കുന്ന ജൂലാസില്‍ നിന്നാണ് ഉമ്മയായ സുലാഫ ഈ വാര്‍ത്തയറിയുന്നത്.

ബദ്ര്‍ യുദ്ധത്തിന് പതാക കൊടുക്കുംമുമ്പ് യുദ്ധതന്ത്രങ്ങള്‍ ആരാഞ്ഞ പ്രവാചകന് ആസ്വിമുബ്‌നു സാബിതിന്റെ അഭിപ്രായം ഏറെ ഇഷ്ടപ്പെട്ടിരുന്നു. 'ഇതാണ് യുദ്ധം, യുദ്ധം ചെയ്യുന്നവര്‍ ആസ്വിമുബ്‌നു സാബിതിനെ കണ്ടുപഠിക്കണം' എന്ന് പ്രവാചകന്‍ പറഞ്ഞു.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് അധികമായില്ല. ഒരു സുപ്രധാന കാര്യത്തിന് നബി ആസ്വിമുബ്‌നു സാബിതിന്റെ നേതൃത്വത്തില്‍ ആറ് പ്രമുഖ സ്വഹാബികളെ തെരഞ്ഞെടുത്തയച്ചു. മക്കക്കാരില്‍ വെച്ച് ഹുദൈല്‍ ഗോത്രക്കാര്‍ അവരെ നേരിട്ടു. സുലാഫയുടെ ആഗ്രഹം ആസ്വിമിന് ഓര്‍മവന്നു. ഉഹ്ദ് യുദ്ധത്തില്‍ ഹിന്ദിന്റെ നേതൃത്വത്തിലുള്ള സ്ത്രീകള്‍ മുസ്‌ലിം പടയാളികളുടെ മൃതശരീരങ്ങള്‍ വികൃതമാക്കിയിരുന്നു. ആസ്വിമുബ്‌നു സാബിത് ആ നിര്‍ണായകഘട്ടത്തില്‍ തന്റെ എല്ലും മാംസവും കാത്തുസൂക്ഷിക്കാനും ശരീരം വികൃതമാകാതിരിക്കാനും അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.

ആസ്വിമുബ്‌നു സാബിത് ഉള്‍പ്പെടെ എല്ലാവരും കൊല്ലപ്പെട്ടു. വിവരം ഖുറൈശികള്‍ക്കിടയില്‍ പരന്നു. ഖുറൈശികള്‍ ഹുദൈലുകാര്‍ക്ക് വന്‍ പാരിതോഷികം സമ്മാനിച്ച് തല മുറിച്ചുകിട്ടുന്നതിനായി പരിശ്രമിച്ചു. സുലാഫയ്ക്ക് കള്ള് കുടിക്കാന്‍ ആസ്വിമുബ്‌നു സാബിതിന്റെ തല മുറിച്ചെടുക്കാന്‍ അവര്‍ ചെന്നപ്പോള്‍ മൃതദേഹത്തിനുചുറ്റും തേനീച്ചകളും കടന്നലുകളുമായിരുന്നു. രാത്രിയായാല്‍ ഈച്ചയെല്ലാം മാറുമെന്ന് വിചാരിച്ചിരുന്നവര്‍ക്ക് വീണ്ടും പിഴച്ചു, കനത്ത മഴ കാരണം കുണ്ടുകളും താഴ്‌വരകളും നിറഞ്ഞു പുഴകളായി. കാത്തിരുന്നവര്‍ വീഷണ്ണരായി.

ആസ്വിമുബ്‌നു സാബിതിന്റെ പ്രാര്‍ഥന സ്വീകരിച്ച അല്ലാഹു ആ ഭൗതിക ശരീരത്തെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

അബൂസുലൈമാന്‍ എന്ന വിളിപ്പേര്. പിതാവ് സാബിത്ബ്‌നു ഖൈസ് ഗോത്രം മരണം ഹിജ്‌റ 4ല്‍.


 

Feedback