Skip to main content

അബ്ദുല്ലാഹിബ്‌നു അബ്ദില്ല ഇബ്‌നു ഉബയ്യ്(റ)

മദീനയില്‍ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മില്‍ രക്തരൂഷിത യുദ്ധം നടക്കുന്ന കാലം. മരണക്കൊയ്ത്തിലൂടെ പരസ്പരം വാശിതീര്‍ത്ത് അവര്‍ 'ഗോത്രമഹിമ' കാത്തുപോരവെയാണ് അബ്ദുല്ലാഹിബ്‌നു ഉബയ്യിന് ഒരു പുത്രന്‍ ജനിക്കുന്നത്. ഖസ്‌റജുകാരുടെ തലവനും ബനൂഔഫുകാരുടെ അവസാന വാക്കുമായിരുന്ന ഇബ്‌നു ഉബയ്യ് മകന് ഹുബാബ് എന്ന് പേരിട്ടു. അവന്‍ നേതൃമഹിമകളും ഗുണങ്ങളും ബാല്യം മുതല്‍ തന്നെ പ്രകടിപ്പിച്ചുകൊണ്ട് വളര്‍ന്നുകൊണ്ടിരുന്നു. ഹുബാബിന്റെ കര്‍മകുശലതയില്‍ പിതാവും ബനൂഔഫും ഒരുപോലെ അഭിമാനം കൊണ്ടു. 

വര്‍ഷങ്ങള്‍ കടന്നുപോയി. മദീനയിലെ ജൂതന്‍മാരുടെ കുറുക്കന്റെ ബുദ്ധി തിരിച്ചറിഞ്ഞ ഔസുകാരും ഖസ്‌റജുകാരും യുദ്ധവഴി വിട്ട് സൗഹൃദത്തിന്റെ പാതയിലെത്തി. അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ തങ്ങളുടെ നേതാവാക്കാനും അവര്‍ ധാരണയിലെത്തി. 

ഇതിനിടെയാണ് ഒന്നുരണ്ടു അഖബ ഉടമ്പടികള്‍ അധികമാരും അറിയാതെ നടന്നത്. മദീനയിലെ മിക്ക വീടുകളിലും ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കൊണ്ടിരുന്നു. ഹുബാബ് എന്ന ചെറുപ്പക്കാരനിലും തിരുനബിയിലൂടെ വന്ന ദിവ്യസന്ദേശമെത്തി. പിതാവ് ഇബ്‌നു ഉബയ്യ് 'ഇസ്‌ലാമിന്റെ അപകടം' തിരിച്ചറിഞ്ഞപ്പോള്‍ മകനെ അതാകര്‍ഷിക്കുകയാണ് ചെയ്തത്. 

ഇസ്‌ലാം മദീനയിലെത്തിയാല്‍ ഔസ്-ഖസ്‌റജ് ഗോത്രങ്ങളുടെ നേതൃപദവി തനിക്ക് നഷ്ടപ്പെടും എന്നതായിരുന്നു ഇബ്‌നു ഉബയ്യിന്റെ ആശങ്ക. അത് സംഭവിക്കുകയും ചെയ്തു. ഇസ്‌ലാമും പ്രവാചകനും ഔസുകാരെയും ഖസ്‌റജുകാരെയും വല്ലാതെ ആകര്‍ഷിച്ചു. അവര്‍ അതിനെ മനസാ വരവേറ്റു. അതവരെ സ്‌നേഹ-സാഹോദര്യങ്ങളുടെ പൊട്ടാച്ചരടില്‍ കോര്‍ത്തെടുക്കുകയും ചെയ്തു. 

മനമില്ലാ മനസ്സോടെ ഇബ്‌നു ഉബയ്യ് ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ മകന്‍ ഹുബാബ് ഇസ്‌ലാമിന് മനസ്സും ശരീരവും നല്കി. തിരുനബിയുടെ ഇഷ്ടക്കാരനായി ഹുബാബ്. പുറമെ മിത്രവും അകമേ ശത്രുവുമായി ഇബ്‌നു ഉബയ്യ് കപടവിശ്വാസികളുടെ നേതാവായാണ് പില്ക്കാല ചരിത്രത്തില്‍ അറിയപ്പെട്ടത്. അയാളുടെ വീട് ഇസ്്‌ലാമിനെതിരായ ഗൂഢാലോചനയുടെ കേന്ദ്രമായിരുന്നു. 

ഹുബാബിന്റെ പേര് തിരുനബി അബ്ദുല്ല എന്ന് മാറ്റി വിളിച്ചു. 

അബ്ദുല്ല ഇസ്‌ലാമില്‍

തിരുനബിയുടെ മദീനാ ഹിജ്‌റയോടെ മുസ്‌ലിമായ അബ്ദുല്ല, ബദ്‌റിലും ഉഹ്ദിലും ഇസ്‌ലാമിനു വേണ്ടി യുദ്ധക്കളത്തിലിറങ്ങി. ഉഹ്ദിലേക്കുള്ള യാത്രയില്‍ പിതാവ് ഇബ്‌നു ഉബയ്യ് മുസ്‌ലിംകളെ വഞ്ചിച്ച് 300 പേരെയും കൂട്ടി വഴിമധ്യേ മടങ്ങിയിരുന്നു. മുസ്‌ലിം സൈന്യത്തിന്റെ മനോവീര്യം കെടുത്താനുള്ള പിതാവിന്റെ ശ്രമം അബ്ദുല്ലയെ ദുഃഖിതനാക്കി. യുദ്ധക്കളത്തില്‍ വീരോചിതം പോരാടിയാണ് ഈ യുവാവ് പിതാവിനോടുള്ള രോഷം തീര്‍ത്തത്. 

ഒരിക്കല്‍ അന്‍സ്വാരികളും മുഹാജിറുകളും തമ്മില്‍ ഖേദകരമാം വിധം ചേരിതിരിഞ്ഞു. ഇത് ഊതിക്കത്തിക്കാന്‍ ശ്രമിച്ച ഇബ്‌നു ഉബയ്യ് 'അഭയം നല്കിയവരെ ഒടുവില്‍ പുറത്താക്കാന്‍ ശ്രമിക്കുന്നു' എന്ന് പ്രചരിപ്പിച്ച് മുഹാജിറുകള്‍ക്കും തിരുനബിക്കുമെതിരെ പരസ്യമായി രംഗത്തുവന്നു. പിന്നീട് വിഷയം ഗൗരവതരമായി. ഇബ്‌നു ഉബയ്യിന്റെ ഉള്ളം തുറന്നുകാട്ടി ഖുര്‍ആന്‍ സൂക്തം ഇറങ്ങി (സൂറ. മുനാഫിഖൂനിലൂടെ ആദ്യവചനങ്ങള്‍). 

ഉമര്‍(റ) അയാളെ കൊല്ലാന്‍ അനുമതി തേടി. തിരുദൂതര്‍ അനുവദിച്ചില്ല. ഇതറിഞ്ഞ് ദുഃഖഭാരവുമായി അബ്ദുല്ല തിരുമുന്നിലെത്തി: 'ദൂതരേ, അങ്ങ് ശക്തനും അയാള്‍ (തന്റെ പിതാവ്) ദുര്‍ബലനുമാണ്. പിതാവിനെ വധിക്കാനാണ് അവിടുത്തെ തീരുമാനമെങ്കില്‍ ആ ദൗത്യം അങ്ങ് എന്നെ ഏല്പിക്കണം. ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പിതാവിനെ മറ്റൊരു മുസ്‌ലിം വധിക്കുകയും എന്റെ പിതാവിന്റെ ഘാതകന്‍ എന്റെ മുന്നിലൂടെ നടക്കുകയും ചെയ്യുന്നത് സഹിക്കാന്‍ എനിക്കാവില്ല നബിയേ. ആ മുസ്‌ലിമിനെ കൊന്ന് പകരം വീട്ടിയേക്കും ഞാന്‍. അങ്ങനെ ഞാന്‍ നരകവാസിയാവും. അത് സംഭവിക്കാതിരിക്കാനാണ് എന്റെ അപേക്ഷ ദൂതരേ'. 

'ഇല്ല, അബ്ദുല്ലാ, താങ്കളുടെ പിതാവ് നമ്മുടെ സഹചാരിയാണ്. അദ്ദേഹത്തെ വധിക്കാന്‍ നമുക്കാവില്ല'. അബ്ദുല്ലയുടെ ചുമലില്‍ കൈവെച്ച് തിരുനബി സമാധാനിപ്പിച്ചു. 

തിരുപത്‌നി ആഇശ(റ)ക്കെതിരായ ലൈംഗികാപവാദ സംഭവത്തിലും നേതൃത്വം ഇബ്‌നു ഉബയ്യിനായിരുന്നു. വിശ്വാസികളുടെ മാതാവിനെ കണ്ണീരണിയിക്കുകയും തിരുനബിയെ ദിവസങ്ങളോളം ദുഃഖപരവശനാക്കുകയും ചെയ്ത പിതാവിന്റെയും ചില കൂട്ടുകാരുടെയും നീക്കം അബ്ദുല്ലയെ സങ്കടത്തിലാക്കി. കപടവിശ്വാസികളുടെ തലവന്‍ (സൂറ. അന്നൂര്‍) എന്ന പിതാവിനെക്കുറിച്ചുള്ള പരാമര്‍ശം ആ യുവാവിനെ അപമാനിതനാക്കി. 

ഒടുവില്‍ ഇബ്‌നു ഉബയ്യ് മരിച്ചു. വാര്‍ത്തയുമായി മകന്‍ അബ്ദുല്ല നബിയുടെ മുന്നിലെത്തി. പിതാവിനുവേണ്ടി നമസ്‌കരിക്കാനും പ്രാര്‍ഥിക്കാനും ആവശ്യപ്പെടുകയും ചെയ്തു. കഫന്‍ പുടവയില്‍ വെക്കാന്‍ ദൂതരുടെ വസ്ത്രവും തേടി. സന്തപ്തനായ ആ പുത്രന്റെ ആഗ്രഹങ്ങളെല്ലാം പ്രിയനബി നിറവേറ്റി. 

വസ്ത്രം നല്കി. ജനാസ സന്ദര്‍ശിച്ചു. അനുഗമിച്ചു. നമസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഇബ്‌നു ഉബയ്യെന്ന കപടവിശ്വാസിയുടെ കാര്യത്തില്‍ വീണ്ടും ഖുര്‍ആന്‍ സൂക്തമിറങ്ങി: 'അവരില്‍ (കപടവിശ്വാസികളില്‍) നിന്ന് മരിച്ച ഒരാളുടെ പേരിലും നീ നമസ്‌കരിച്ചു പോകരുത്. അവന്റെ ഖബറില്‍ നില്‍ക്കുകയുമരുത്'. 

തിരുനബി വിടവാങ്ങി. കള്ളപ്രവാചകനായി മുസൈലിമ രംഗത്തു വന്നു. ഖലീഫ അബൂബക്ര്‍ മുസൈലിമയെ തുരത്താന്‍ ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ നേതൃത്വത്തില്‍ സൈനികരെ അയച്ചു. അവരില്‍ അബ്ദുല്ലയുമുണ്ടായിരുന്നു. യമാമയില്‍ ക്രി.വ. 635 ല്‍ നടന്ന ചരിത്ര വിശ്രുത യുദ്ധം ഒരു പക്ഷേ, ബദ്ര്‍ യുദ്ധം കഴിഞ്ഞാല്‍ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക പോരാട്ടമാവും യമാമ യുദ്ധം. 1200 ഓളം മുസ്‌ലിംകള്‍ രക്തസാക്ഷിത്വം വരിച്ച യമായയില്‍, അബ്ദുല്ലാഹിബ്‌നു അബ്ദില്ലയും വീരചരമം പൂകി.
 

Feedback