ഒരു യുദ്ധം കഴിഞ്ഞ ശേഷമുള്ള രംഗം. നബി തിരുമേനി അനുചരന്‍മാരോട് ചോദിച്ചു. ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ? സ്വഹാബികള്‍ ചില വ്യക്തികളുടെ പേരുകള്‍ പറഞ്ഞു. ഇനി ആരെങ്കിലുമുണ്ടോ? തിരുമേനി വീണ്ടും ചോദിച്ചു. അവര്‍ ആലോചിച്ച് ചില സ്വഹാബികളുടെ പേരുകള്‍ കൂടി പറഞ്ഞു. ഇനി ആരെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? ഇനി ആരുമില്ലെന്നായിരുന്നു അനുചരന്‍മാരുടെ മറുപടി. അപ്പോള്‍ നബിതിരുമേനി പറഞ്ഞു: 'ജുലൈബീബിനെ നമുക്ക് നഷ്ടമായിട്ടുണ്ട്, നിങ്ങള്‍ യുദ്ധക്കളത്തില്‍ അന്വേഷിക്കൂ'.
ഏഴു മുശ്‌രിക്കുകളുടെ നടുവില്‍ രക്തസാക്ഷിയായി കിടക്കുന്ന ജുലൈബീബിനെ അവര്‍ കണ്ടെത്തി. മുശ്‌രിക്കുകളെ വെട്ടിവീഴ്ത്തിയ ശേഷം അദ്ദേഹവും അന്ത്യശ്വാസം വലിച്ചിരിക്കുന്നു. അവിടേക്ക് വന്ന പ്രവാചകന്‍ അഭിമാനത്തോടെ പറഞ്ഞു: ഏഴു പേരെ കൊന്നശേഷം വധിക്കപ്പെട്ടു. 'ഇവന്‍ എന്നില്‍പെട്ടവനാണ്. ഞാന്‍ ഇവനില്‍പെട്ടവനും'. ഇതു തന്നെ നബി മൂന്നുതവണ ആവര്‍ത്തിച്ചു. സ്വന്തം കൈത്തണ്ടയില്‍ പ്രവാചകന്‍ ആ മൃതദേഹം ചുമന്ന് ശിഷ്യന്‍മാര്‍ ഒരുക്കിയ കുഴിയില്‍ ഇറക്കിവെച്ചു.
അന്‍സ്വാരിയായ ജുലൈബീബ്. പൊക്കം കുറഞ്ഞ് വിരൂപനായ മുഖമുള്ളയാളായിരുന്നു. പക്ഷേ കളങ്കമില്ലാത്ത ഹൃദയത്തിന്റെ ഉടമ. തന്റെ വൈരൂപ്യത്തില്‍ അപകര്‍ഷബോധം ജുലൈബീബിനുണ്ടായിരുന്നു. ഇതു മറക്കാന്‍ നബി തിരുമേനിയില്‍ ആശ്വാസവും ആനന്ദവും കണ്ടെത്താനുമുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.
ജുലൈബീബിന്റെ ഈ അപകര്‍ഷ മാറ്റിയെടുക്കാന്‍ അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചു. ഈ വിവരം അറിയിച്ചപ്പോള്‍ അല്ലാഹുവിന്റെ റസൂലേ, അപ്പോള്‍ ഞാന്‍ ഒരു വിലകുറഞ്ഞവനായിത്തീരുന്നത് അങ്ങേക്ക് കാണാം എന്നായിരുന്നു ജുലൈബീബിന്റെ മറുപടി. അല്ലാഹുവിന്റെ അടുത്ത് താങ്കള്‍ വിലകുറഞ്ഞവനല്ല എന്ന പ്രവാചകന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അദ്ദേഹം സമ്മതം മൂളി. പ്രവാചക തിരുമേനിയുടെ നിര്‍ദേശപ്രകാരം ഒരു അന്‍സ്വാരിയുടെ മകളെ കാണുന്നതിനായി അദ്ദേഹം ചെന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജുലൈബീബിനെ ഇഷ്ടമായില്ല. ഒരു വിരൂപന് മകളെ വിവാഹം കഴിച്ചുകൊടുക്കുകയോ? പക്ഷേ പ്രവാചകന്റെ നിര്‍ദേശമാണ്. എന്തുചെയ്യുമെന്നാലോചിച്ചു വിഷമിച്ചു നില്‍ക്കുകയായിരുന്നു അവര്‍. അപ്പോള്‍ അകത്തുനിന്ന് പെണ്‍കുട്ടി 'അല്ലാഹുവും റസൂലും ഒരു സംഗതി തീരുമാനിച്ചാല്‍ തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും പാടുള്ളതല്ല' എന്ന അര്‍ഥം വരുന്ന ഖുര്‍ആന്‍ വചനം ഓതി. അല്ലാഹുവിന്റെയും റസൂലിന്റെയും ഹിതമനുസരിച്ച് ജീവിക്കണമെന്ന് നിര്‍ബന്ധമുള്ള ആ യുവതി മാതാപിതാക്കളോട് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്‍ ഇഷ്ടപ്പെട്ട് നിര്‍ദേശിച്ചത് എന്തായാലും ഏറ്റുവാങ്ങാന്‍ ഞാന്‍ ഒരുക്കമാണ്. ജുലൈബീബിനെ ഞാന്‍ സ്വീകരിക്കുന്നു'. ഈ വിവരം അറിഞ്ഞപ്പോള്‍ നബി തിരുമേനി ആ യുവതിയുടെ നന്‍മക്കുവേണ്ടി പ്രാര്‍ഥിച്ചു: അല്ലാഹുവേ, അവള്‍ക്ക് നിര്‍ലോപം നന്‍മ ചൊരിയണേ.. അവളുടെ ജീവിതം ദുരിതപൂര്‍ണമാക്കരുതേ.'
ബാഹ്യസൗന്ദര്യത്തിലോ ഭൗതികസുഖാഡംബരങ്ങളിലോ താല്‍പര്യമില്ലാത്ത ഒരു സഹധര്‍മിണിയെ കൂട്ടിന് ലഭിച്ച ജുലൈബീബ് യുദ്ധക്കളത്തില്‍ ധീരമായി പോരാടി രക്തസാക്ഷിയായി.