Skip to main content

പ്രാര്‍ഥനയും ജലപാനവും

യഥാര്‍ഥ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അവന്നു പുറമെ അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് യാതൊരുനിലക്കും ഉത്തരം ചെയ്യാനാവില്ല. വെള്ളം വായിലെത്താന്‍ വെള്ളത്തിലേക്ക് കൈ നീട്ടുക മാത്രം ചെയ്യുന്ന ഒരു ദാഹാര്‍ത്തനെപ്പോലെയാണ് അവരോട് പ്രാര്‍ഥിക്കുന്നവര്‍.അത് വായിൽ വന്നെത്തുകയുമില്ല. അവിശ്വാസികളുടെ പ്രാര്‍ഥന വൃഥാവിലായിപ്പോവുക മാത്രമാണ് ചെയ്യുന്നത് (13:14).

മനുഷ്യന്റെ സകലമാന ആവശ്യങ്ങളും പരിഹരിച്ച് കിട്ടുവാന്‍ അപേക്ഷിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും അവ യഥാര്‍ഥത്തില്‍ നിര്‍വഹിച്ചുതരാന്‍ പ്രാപ്തിയുള്ളവനോട് മാത്രമാണ്. മുഴുവന്‍ മനുഷ്യരുടെയും ഏതു പ്രശ്‌നവും പരിഹരിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ അവനോട് മാത്രമേ പ്രാര്‍ഥിച്ചിട്ട് ഫലമുള്ളൂ.

എന്നാല്‍ അല്ലാഹുവിന് പുറമെ പലരെയും ആരാധിക്കുന്നവരുണ്ട്. തങ്ങളുടെ സങ്കടങ്ങള്‍ നിവര്‍ത്തിച്ച് തരാനും ആവശ്യങ്ങള്‍ നേടിത്തരാനും ഇവര്‍ക്കാര്‍ക്കും സാധ്യമല്ല. മാത്രമല്ല തങ്ങളുടെ ശ്രമങ്ങള്‍ വെറുതെ പാഴായിപ്പോവുകയാണ് ചെയ്യുന്നതും.

ദാഹിക്കുന്നവന് ദാഹം മാറാന്‍ വെള്ളം കുടിക്കണം. കൈവിരലുകള്‍ മുഴുവന്‍ വിടര്‍ത്തി വെള്ളത്തിന് നേരെ നീട്ടി നിന്നാല്‍ ഒരിക്കലും അവന് ദാഹം തീര്‍ക്കാവുന്ന ജലം ലഭിക്കില്ല. കൈകള്‍ കൂട്ടിച്ചേര്‍ത്തു വെച്ച് വെള്ളം കൈകൊണ്ട് കോരിയെടുത്ത് കുടിച്ചാല്‍ മാത്രമേ ദാഹം മാറൂ. അവിശ്വാസികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് വിഫലവും ബുദ്ധിശൂന്യവുമായ ഒരു പണിയാണ്. പലരിലേക്കും അവര്‍ കൈനീട്ടുന്നു. അവരുടെ ലക്ഷ്യം പലതും നേടണമെന്നാണ് ആഗ്രഹം. പക്ഷേ, ഒന്നും നേടാന്‍ കഴിയാതെ അവര്‍ നിരാശരാവുകയാണ്. എന്നാല്‍ സത്യവിശ്വാസികള്‍ സാക്ഷാല്‍ രക്ഷിതാവായ അല്ലാഹുവിലേക്ക് കൈ നീട്ടുമ്പോള്‍ അത് യാഥാര്‍ഥ്യമാവുന്നു.  കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് ദാഹം ശമിപ്പിക്കുന്നതുപോലെ യഥാര്‍ഥ സ്രഷ്ടാവിന്റെ അനുഗ്രഹം വാരിയെടുത്ത് അവന്‍ സമാധാനം കൊള്ളുന്നു.

Feedback