Skip to main content

പ്രകാശത്തിനു മേല്‍ പ്രകാശം

''അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ. ചുമരില്‍ ഒരു വിളക്കുമാടം. അതില്‍ ഒരു വിളക്ക്. വിളക്കാകട്ടെ ഒരു സ്ഫടികത്തിനകത്ത്. സ്ഫിടകമാകട്ടെ ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് ആ വിളക്കിനുള്ള ഇന്ധനം. അതായത് കിഴക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ അല്ലാത്ത ഒലീവ് മരത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയിട്ടില്ലെങ്കില്‍തന്നെ പ്രകാശിക്കുന്നതാകുന്നു. അങ്ങനെ പ്രകാശത്തിനുമേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. മനുഷ്യര്‍ക്ക് വേണ്ടി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ'' (24:35).

എത്ര സര്‍ഗാത്മകമായ ഉദാഹരണം. പരമ പ്രകാശമായ ആ പരബ്രഹ്മത്തിന് ഉദാത്തമായ ഉപമാലങ്കാരം. സാധാരണയായി വിളക്ക് വെക്കാന്‍വേണ്ടി മുന്‍പ് കാലത്ത് ചുമരില്‍ അര്‍ധ വൃത്താകൃതിയില്‍ ഉണ്ടാക്കുന്ന പഴുതിനാണ് മിശ്കാത്ത് എന്ന അറബി പദം (വിളക്കുമാടങ്ങള്‍)  ഉപയോഗിക്കുന്നത്. കാറ്റില്‍ അണഞ്ഞ് പോകാതിരിക്കാനും വെളിച്ചം ഒരു പ്രത്യേക ഭാഗത്തേക്ക് കേന്ദ്രീകരിക്കുവാനും വേണ്ടിയാണിത്. അതില്‍വെച്ച വിളക്കാകട്ടെ സ്വയം ജ്വലിക്കുന്ന നക്ഷത്രം കണക്കെയുള്ള സ്ഫടികവും. എന്തുമാത്രം ശുദ്ധവും ശുഭ്രവുമായ പ്രകാശം. അതിന്റെ പുറമെ അതിന് ഇന്ധനമേകുന്ന എണ്ണയാകട്ടെ നല്ല തിളക്കമുള്ള ഒലീവ് എണ്ണയും. അതുതന്നെ പകല്‍ മുഴുവന്‍ വെയിലുകൊള്ളുന്ന ഒലീവില്‍നിന്ന്. കാരണം ഒരു കുന്നിന്റെ കിഴക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ഉള്ള മരമാണെങ്കില്‍ ഉച്ചക്ക് മുന്‍പും ശേഷവും കുറെ സമയം വെയില്‍ കിട്ടാതെ വരാം. പകല്‍ മുഴുവന്‍ വെയിലേറ്റു നില്‍ക്കുന്ന ഒലീവ് വൃക്ഷത്തിന്റെ എണ്ണ കൂടുതല്‍ തെളിഞ്ഞതായിരിക്കുകയും സ്ഫടികത്തിന്റെ തിളക്കവും വിളക്കുമാടത്തിന്റെ ആകൃതിയും എല്ലാംകൂടി പ്രകാശത്തെ പരമാവധി തെളിഞ്ഞതാക്കുന്നു. ശുദ്ധ പ്രകൃതിയില്‍നിന്നും ലഭിക്കുന്ന ശുഭ്ര പ്രകാശം! പ്രപഞ്ചത്തിനാകെ പ്രകാശം പരത്തിയ ദിവ്യ ദീപ്തിയുടെ അത്യന്തം ലളിതമായ ഒരു പ്രതീകം.

പ്രകാശത്തിന്റെ സമ്പൂര്‍ണത ആ ഉദാഹരണത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നു എന്നാണ്.  ദിവ്യ പ്രകാശത്തിന്റെ ഒരംശം പര്‍വത മുകളില്‍ പ്രതിഫലിച്ചപ്പോള്‍ മൂസാനബി(അ) ബോധരഹിതനായ സംഭവം ഖുര്‍ആനില്‍ (7:143) വിവരിക്കുന്നിടത്ത് പാഠമുണ്ട്. 

ദൈവത്തെ ഈ ഭൂമിയില്‍വെച്ച് ഒരാള്‍ക്കും കാണാന്‍ കഴിയില്ല. മഹാനായ യേശു ക്രിസ്തു തന്റെ അനുചരന്മാരെ പഠിപ്പിച്ച ''അവന്റെ സ്വരം ഒരാളും കേട്ടിട്ടില്ല. അവന്റെ സ്വരൂപം ഒരാളും കണ്ടിട്ടില്ല''. തന്റെ മുന്നില്‍ നില്‍ക്കുന്ന, തന്നെ കേള്‍ക്കുന്ന ശിഷ്യരോടാണ് യേശു ഇത് പറയുന്നത്.

കേനോപനിഷത്തിലെ പ്രഥമ കാണ്ഡത്തില്‍തന്നെ ആറാം ശ്ലോകത്തില്‍ പറയുന്നത് കാണുക. ''ഏതൊന്നിനേയാണോ കണ്ണു കൊണ്ട് കാണാന്‍ സാധിക്കാത്തതും എന്നാല്‍ കണ്ണുകള്‍ക്ക് കാഴ്ച നല്‍കുകയും ചെയ്യുന്നത് അതിനെ നീ ബ്രഹ്മമായി മനസ്സിലാക്കുക. കണ്ണുകൊണ്ട് കാണുന്ന ഏതൊന്നിനെയും മനുഷ്യന്‍ ഉപാസിക്കുന്നുവെങ്കില്‍ അത് ബ്രഹ്മമല്ല''

സര്‍വശക്തന്റെ പ്രകാശം പോലും ഏറ്റവും ഉല്‍കൃഷ്ടവും സുന്ദരവുമാവുമ്പോള്‍ അവന്റെ രൂപം എത്ര മനോഹരമായിരിക്കും. ആ സുന്ദര സ്വരൂപം വിശ്വാസികള്‍ക്ക് സ്വര്‍ഗപ്രവേശാനന്തരം ദര്‍ശിക്കാമെന്ന് അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. തെളിഞ്ഞ മാനത്ത് പൂര്‍ണ ചന്ദ്രനെ കാണുംപോലെ രാജാധിരാജന്‍ തന്റെ വിനീത ദാസന്മാര്‍ക്ക് വെളിപ്പെടും. അതിനുള്ള രണ്ട് ഡിമാന്റുകള്‍, ആ ദൈവത്തോടുള്ള പ്രാര്‍ഥനയിലും ആരാധനയിലും യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ധാരാളം സല്‍ത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ.്      (18:110).

അല്ലാഹു ഉപമകള്‍ക്ക് വിധേയമല്ല. എന്നാല്‍ ഖുര്‍ആന്‍ അവതരണ കാലത്ത് മനുഷ്യന്ന് മനസിലാകത്തക്ക വിധം ഒരു സമ്പൂര്‍ണ പ്രകാശത്തിന്റെ തനിമ പറഞ്ഞു തരുന്നതാണിത്. ശുദ്ധ പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ശുഭ്രപ്രകാശംപോലെ പ്രപഞ്ചത്തിനാകെ പ്രകാശം നല്‍കിയ ദിവ്യദീപ്തിയുടെ അത്യന്തം ലളിതവും സുതാര്യവും സുന്ദരവുമായ ഒരു പ്രതീകമാണീ പ്രകാശത്തിനു മേല്‍ പ്രകാശത്തിന്റെ ഉപമ.

Feedback