''സന്മാര്‍ഗം വിറ്റ് ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു. അയാള്‍ ഒരു തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ തപ്പുവാന്‍ അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധരുമായതിനാല്‍ അവര്‍ സത്യത്തിലേക്ക് തിരിച്ച് വരില്ല'' (2:16-18).
ദുര്‍ഘടമായ പാതയിലൂടെ ഇരുട്ടുള്ള രാത്രിയിലെ സഞ്ചാരം ഓര്‍ത്തു നോക്കുക! എത്ര പ്രയാസമായിരിക്കും. എന്നാല്‍ ആ രാത്രി സഞ്ചാരത്തിനിടയില്‍ ശക്തമായ ഒരു പ്രകാശത്തെ കൂട്ടായി കിട്ടിയാല്‍ അതെത്ര സൗഭാഗ്യമായിരിക്കും! അപരിചതമായ അപകട സാധ്യതകളെ മുന്‍കൂട്ടി കാണാനും അബദ്ധങ്ങളില്‍ വീഴാതെ സൂക്ഷിക്കാനുമൊക്കെ ഉപകരിക്കുന്ന നല്ല വെളിച്ചം പ്രദാനം ചെയ്യുന്ന ഒരുകൈവിളക്ക് വലിച്ചെറിയുന്നവന്‍ എന്തൊരക്രമമാണ്‌ചെയ്യുന്നത്. സത്യവിശ്വാസവും സന്മാര്‍ഗവും വ്യക്തമായതിനുശേഷം അവ കൈയൊഴിഞ്ഞ് അധാര്‍മികതയും തന്നിഷ്ടവും പിന്‍പറ്റി ജീവിക്കുന്ന ദുര്‍വൃത്തരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അസത്യത്തെ ഇരുട്ടായിട്ടാണ് ഖുര്‍ആനില്‍ പലയിടത്തും വിശദീകരിക്കുന്നത് സത്യത്തെ പ്രകാശമായും. സത്യവെളിച്ചം എന്ന് ബൈബിളിലുടനീളം കാണാന്‍ കഴിയും. ഏക സ്വരൂപനോടുള്ള ഓംകാര മന്ത്രത്തില്‍ അസദോമ സദ്ഗമയ- തമസോമ ജ്യോതിര്‍ഗമയ, അഥവാ അസത്യത്തില്‍നിന്നും സത്യത്തിലേക്ക് ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കേണമേ എന്ന പ്രാര്‍ഥനയും ഇതേ അര്‍ഥത്തില്‍തന്നെയാണ്.
അതായത് സത്യവിശ്വാസവും ധര്‍മ വിചാരവും സത്കര്‍മങ്ങളും ജീവിതത്തെ പ്രകാശമാനമാക്കുന്നുവെങ്കില്‍ അസത്യവും അധര്‍മവും അവിശ്വാസവും വികല വിശ്വാസവും ജീവിതത്തെ ഇരുള്‍മുറ്റിയതാക്കുന്നു. ആ പ്രകാശം കാലാകാലങ്ങളില്‍ പ്രവാചകന്‍മാരിലൂടെ ലോകത്തിന് കൈമാറിയിട്ടുണ്ട്.
സാക്ഷാല്‍ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള സത്യപ്രകാശത്തെ ഊതിക്കെടുത്തിയും കൈയൊഴിച്ചും അജ്ഞതയുടെ അന്ധകാരത്തിലൂടെ മുന്നോട്ട് ഗമിക്കുന്നവര്‍ ചെന്നെത്തുന്നത് ഭയാനകമായ നരകത്തിന്റെ കവാടത്തിലേക്കാണ്. ആ യാത്രയില്‍ അവര്‍ക്ക് കിട്ടിയ വെളിച്ചത്തെ സസന്തോഷം സ്വീകരിക്കുകയും നന്മ- തിന്മകളെ തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ അതവര്‍ക്ക് നിലയ്ക്കാത്ത അനുഗ്രഹവും നിരന്തരമായ സന്തോഷവും പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ ഭൗതികതയുടെ അതിപ്രസരത്തില്‍ അത് ചിന്തിക്കാനുള്ള മനസ്സും കേള്‍ക്കാനുള്ള കാതും കാണാനുള്ള കണ്ണും അവര്‍ക്കുണ്ടായില്ല. അതാണ് ബധിരരും മൂകരും അന്ധരുമായ അവര്‍ സത്യത്തിലേക്ക് മടങ്ങിവരികയില്ലെന്ന് പറഞ്ഞത്. തങ്ങളുടെ ഇഹലോകത്തെ അവര്‍ പരലോകത്തിന് പകരം വിറ്റുതുലച്ചു.
ആ കച്ചവടം ഒരിക്കലും അവര്‍ക്ക് ലാഭകരമല്ല. നശ്വരമായ അറുപതോ എഴുപതോ വര്‍ഷങ്ങള്‍ക്കായി അനശ്വരതയുടെ സുഖാനുഭവങ്ങളാണ് അവര്‍ നഷ്ടപ്പെടുത്തിയത്. ഒരിക്കല്‍ അവര്‍ക്ക് നല്കിയ വെളിച്ചം തിരിച്ചെടുത്ത് അവരെ കൂരിരുട്ടിലേക്ക് തള്ളിവിട്ടതുപോലെ. ദൈവിക മാര്‍ഗദര്‍ശനം കൈയൊഴിച്ച മനുഷ്യനെയും അഗണ്യകോടിയില്‍ തള്ളുന്നു. അവന്‍ പ്രകാശത്തെ കൈവിട്ടു. അവനെ പ്രകാശത്തിന്റെ ഉടമയും കൈവിട്ടു എന്നു ചുരുക്കം.