''തങ്ങളുടെ സമ്പത്ത് ദൈവികസരണിയില്‍ ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരു ധാന്യമണി വിതച്ചത് പോലെയാകുന്നു. അത് ഏഴ് കതിരുകള്‍ വിളയിച്ചു. ഓരോ കതിരിലും നൂറ് വീതം മണികള്‍, അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മത്തെ ഇവ്വിധം പെരുക്കിക്കൊടുക്കുന്നു. അല്ലാഹു വിശാലനും സര്‍വജ്ഞനുമാണ് (ഖു:2:261).
ദൈവം ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍, ദൈവിക നിര്‍ദേശാനുസരണം മനുഷ്യന്‍ ചെലവഴിക്കുന്ന പണം ഒരിക്കലും നഷ്ടപ്പെടുകയില്ല. മറിച്ച് ഇരട്ടിയിരട്ടിയായി തിരിച്ച് ലഭിക്കുന്ന വന്‍നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. സ്വന്തം ജീവിതാവശ്യങ്ങള്‍ക്കും കുടുംബപരിപാലനത്തിനും ബന്ധുക്കള്‍, അയല്‍വാസികള്‍, അഗതികള്‍, അനാഥകള്‍ തുടങ്ങിയവരുടെ സംരക്ഷണത്തിനും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ധനം ചെലവഴിക്കുന്നതെല്ലാം ദൈവമാര്‍ഗത്തിലുള്ള ധനവ്യയമാണ്.
ഇത് നഷ്ടമായി കാണരുത്. വമ്പിച്ച പ്രതിഫലവും പുണ്യവും ലഭിക്കുന്ന കാര്യമാണിത്. അതിനെ നമുക്ക് വയലില്‍ വിതക്കുന്ന നെല്‍വിത്ത് പോലെ കാണാം. നല്ല ഒരു വിത്തില്‍ നിന്ന് ഏഴു മുളകള്‍ പൊട്ടുന്നു. അവ വളര്‍ന്നാല്‍ ഓരോ മുളയും ഓരോ കതിരുകളായി മാറും. ഓരോ കതിരിലും നൂറു നെന്മണിയുണ്ടാവുന്നു. അങ്ങനെ ഒന്നില്‍നിന്ന് എഴുന്നൂറ് തിരിച്ച് തരുന്നു. മനുഷ്യന്റെ സത്കര്‍മ്മങ്ങളുടെ ഫലം എഴുന്നൂറു മേനിയായാണ് സ്രഷ്ടാവ് തിരിച്ച് തരുന്നത്.
നല്ല കാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കുന്നതിന് മടി കാണിക്കുന്നവരുണ്ട്. മണ്ണില്‍ വിതക്കേണ്ട വിത്തെടുത്ത് നമുക്ക് ആഹാരമാക്കാം. പക്ഷേ അത് മണ്ണില്‍ കുഴിച്ചിട്ടാല്‍ വളരെയേറെ വിത്തുകളാണ് വളര്‍ന്നു വരിക. പിശുക്ക് കാരണം ധനം ചെലവഴിക്കാത്തവര്‍ക്ക് ഒരു നേരത്തെ നേട്ടം മാത്രം ലഭ്യമായേക്കാം. എന്നാല്‍ അത് ചെലവഴിക്കുന്നവര്‍ക്ക് ലഭിക്കുന്നത് അനേകായിരം ഗുണങ്ങളാണെന്ന് അല്ലാഹു ഉദാഹരണസഹിതം വ്യക്തമാക്കുകയാണ്.
നന്മകള്‍ക്ക് പരലോകത്ത് പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറയുന്നു. അതുപോലെ അല്ലാഹു അതിലും കൂടുതല്‍ നല്‍കുമെന്നുള്ള കാര്യവും പല ഹദീസുകളില്‍നിന്നും ആയത്തുകളില്‍നിന്നും വ്യക്തമാണ്. ഏതൊരു കാര്യത്തിനും അല്ലാഹു പ്രതിഫലം നല്‍കുന്നത് അത് ചെയ്യുന്നവന്റെ ആത്മാര്‍ത്ഥയും താത്പര്യവും സദുദ്ദേശ്യവും അനുസരിച്ചാണ്. അതുകൊണ്ട് നിഷ്‌കളങ്കവും ആത്മാര്‍ത്ഥവും സന്ദര്‍ഭോചിതവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലം നമുക്ക് കണക്കാക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്.