'ഒരാളുടെ ഉടമസ്ഥതയിലുള്ള യാതൊന്നിനും കഴിവില്ലാത്ത, ഒരു അടിമയെയും നമ്മുടെ വകയായി നാം ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തു കാണിക്കുന്നു. ഇവര്‍ തുല്യരാകുമോ. അല്ലാഹുവിന് സ്തുതി. പക്ഷേ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഇനിയും) രണ്ട് പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തു കാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്മയും കൊണ്ടു വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ'(16:75,76)
തൊഴിലാളിയും മുതലാളിയും, അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി ധാരാളം ഉദാഹരണങ്ങളും ഉപമകളും ഉദ്ധരിക്കുന്നുണ്ട് ഖുര്‍ആനില്‍. ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ സാഹചര്യത്തിലും മറ്റു ലോകങ്ങളിലുമെല്ലാം സാമൂഹിക ക്രമത്തിന്റെ അനിവാര്യ ഘടകമായിരുന്നു അടിമ സമ്പ്രദായം. ഇതാണ് അടിമകള്‍ ഉപമകളും ഉപമേയങ്ങളുമാകാനുള്ള പശ്ചാത്തലം. ഇസ്‌ലാമിക പ്രബോധനവുമായി മുഹമ്മദ് നബി കടന്നുവന്നപ്പോള്‍ ആ അടിമ സമ്പ്രദായത്തെ ഇല്ലാതാക്കാനുള്ള ക്രിയാത്മകമായ അനേകം നിര്‍ദേശങ്ങള്‍ മതവിധികളില്‍ കൂടി നല്‍കുകയുണ്ടായി. അങ്ങനെ ലോകം അടിമത്തമോചനം അജണ്ടയാക്കുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പേ ഇസ്‌ലാമിക ലോകത്തു നിന്ന് അടിമത്വം തുടച്ചു നീക്കുകയുണ്ടായി.
രണ്ടുതരം അടിമകളെയും ഉടമകളെയും ഈ സൂക്തങ്ങളില്‍ ഉപമിക്കുകയാണ് അല്ലാഹു. യഥാര്‍ഥ ദൈവത്തെ ആരാധിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതിന് പകരം അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ നിലപാട് ന്യായീകരിക്കാന്‍ വേണ്ടി പല ഉപമകളും പറയാറുണ്ട്. വക്കീല്‍ മുഖേനയല്ലാതെ കോടതിയില്‍ പോകാമോ, ട്രാന്‍സ്‌ഫോമറില്‍നിന്ന് നേരിട്ട് ബള്‍ബ് കത്തിക്കാമോ എന്നതു പോലെയാണ് ദൈവത്തിലേക്കടുക്കാന്‍ പങ്കാളിയെ സ്വീകരിക്കുന്നവര്‍ ന്യായീകരിക്കാറുള്ളത്. ഇത്തരം ഉപമകളൊന്നും രാജാധിരാജനായ സൃഷ്ടികര്‍ത്താവിനെ ഉപമയാക്കി പറയരുതെന്ന ശക്തമായ താക്കീതാണ് ഈ സൂക്തത്തിന് തൊട്ടുമുന്‍പില്‍ പറഞ്ഞത്. ശേഷമാണ് സര്‍വസ്വതന്ത്രനും പരമാധികാരിയും പരാശ്രയ മുക്തനുമായ അല്ലാഹുവിന് തുല്യരായി സൃഷ്ടികളില്‍ ആരെയെങ്കിലും ഗണിക്കുന്നത് തെറ്റാണെന്നും അയുക്തമാണെന്നും ഈ ഉപമകളിലൂടെ സമര്‍ഥിക്കുന്നത്.
ആദ്യത്തെ ഉദാഹരണത്തില്‍ സ്വന്തമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരാളെപ്പോലെ എന്നത് ലോകത്തുള്ള ഏതു മനുഷ്യരും ഏത് സൃഷ്ടിക്കും ബാധകമാണ്. കാരണം ഒരു സൃഷ്ടിയും സ്രഷ്ടാവിന്റെ വിധിക്കും നിയന്ത്രണത്തിനും വിധേയമാവാത്തതായി ഇല്ല. സ്വതന്ത്രനായ ഒരു വ്യക്തിക്ക് തന്റെ സ്വത്തില്‍നിന്ന് ചെലവഴിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ആരോടും ചോദിക്കേണ്ട. അവന് വേണ്ടത് ചെലവഴിക്കാം. കാരണം അവനാണ് അവന്റെ സ്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം. എന്നാല്‍ മറ്റൊരാളുടെ അടിമയായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് പണമില്ല എന്നത് മാത്രമല്ല, സ്വന്തം കാര്യങ്ങള്‍ പോലും സ്വതന്ത്രമായി തീരുമാനിക്കാന്‍ സാധ്യമല്ല. 1400 വര്‍ഷം മുന്‍പ് ഈ ഉപമ ആ സമൂഹത്തില്‍ വളരെയധികം സ്വാധീനിച്ചിരിക്കണം. കാരണം തന്റെ വീട്ടിലെ അടിമയാരെന്ന് ശരിക്ക് ബോധ്യമുള്ളവരാണല്ലോ അവര്‍. അപ്പോള്‍ സ്വതന്ത്രനും അടിമയും തമ്മിലെ താരതമ്യം ഉദാഹരിക്കുന്നതിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാനും സ്വാധീനിക്കാനും വേണ്ടി വിളിച്ച് പ്രാര്‍ഥിക്കുന്ന ദൈവേതര ശക്തികളൊക്കെ സാക്ഷാല്‍ ദൈവത്തിന്റെ അടിമകളാണെന്ന് അവരെ വീണ്ടും ബോധ്യപ്പെടുത്തുകയാണ്. അപ്പോള്‍ ദുര്‍ബലനായ ഒരു അടിമ തന്റെ ഉടമയായ സ്രഷ്ടാവിലേക്കടുക്കാന്‍ മറ്റൊരടിമയോട് സഹായം തേടുകയല്ല വേണ്ടത്.
ഇനി ഇയാള്‍ അടിമത്വം എന്നതിനു പുറമെ യജമാനന് ഭാരമായ ഊമകൂടിയാണെങ്കില്‍, അവര്‍ക്ക് ഒന്നും ചെയ്തുതരാന്‍ കഴിയില്ല. ദൈവേതര ആരാധ്യരുടെ ദുര്‍ബലത ഇതിലേറെ ഭംഗിയായി വിവരിക്കാന്‍ ആര്‍ക്കാണ് കഴിയുക.