''സത്യനിഷേധികളുടെ കര്‍മങ്ങളുടെ ഉദാഹരണം, കൊടുങ്കാറ്റടിക്കുന്ന നാളില്‍ കാറ്റില്‍പ്പെട്ടു പോയ ചാരം പോലെയാണ്. തങ്ങള്‍ ചെയ്തുവെച്ച കര്‍മങ്ങളൊന്നും അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. അത് ഒരു വിദൂരമായ വഴിപിഴവ് തന്നെയാകുന്നു'' (14:18).
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത അധര്‍മകാരികള്‍ക്ക് കടുത്ത ശിക്ഷയും നാശവും ഏല്‍ക്കേണ്ടിവരുമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് തോന്നും അവര്‍ ഇഹലോകത്ത് കുറെ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടല്ലോ എന്ന്. നല്ല കാര്യങ്ങള്‍ എത്ര ചെയ്താലും അവയുടെ പിന്നിലെ ലക്ഷ്യം വളരെ പ്രധാനപ്പെട്ടതാണ്. പടച്ചടവന്റെ പ്രീതിയും പരലോകവിജയവും ലക്ഷ്യമാക്കി വിശ്വാസപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ പരലോകത്ത് പ്രതിഫലം ലഭ്യമാവൂ. അവിശ്വാസികള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം ചില ഭൗതികതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയാണ്. അത്തരം കാര്യങ്ങള്‍ അവര്‍ നേടിയെടുത്തിട്ടുമുണ്ടാവാം. എന്നാല്‍ പരലോകം ലക്ഷ്യം വെച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവിടെ പരിഗണിക്കപ്പെടുക.
അല്ലാഹു പറയുന്നു. ''ഒരാള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടങ്ങളാണ് ആഗ്രഹിക്കുന്നതെങ്കില്‍ അയാള്‍ക്കത് നല്‍കുന്നു, നാം ഉദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന അളവില്‍ നല്കുന്നതാണ.് പിന്നീടവര്‍ക്ക് നല്കുന്നത് നരകമാണ്. നിന്ദ്യനും അപമാനിതനും ആയിക്കൊണ്ട് അതിലവന്‍ കത്തിയെരിയുന്നു. എന്നാല്‍ ഒരാള്‍ പരലോകം ലക്ഷ്യമാക്കുകയും വിശ്വാസത്തോടെ അതിന്നു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്താല്‍ അവരുടെ കര്‍മങ്ങള്‍ പ്രതിഫലാര്‍ഹമായിരിക്കും (17:18,19).
വളരെയേറെ മേന്മകളുള്ളതാണ് ചാരം. വിളകള്‍ക്ക് അത് നല്ല വളമാണ്. എന്നാല്‍ ഒരിടത്ത് അത് കൂട്ടിയിട്ടിരിക്കുന്നു. ശക്തമായ കാറ്റു വന്ന് ഇവ മുഴുവന്‍ പറന്നുപോയാല്‍ കര്‍ഷകന് ഒരിക്കലും അത് ഉപകാരപ്പെടാന്‍ പോകുന്നില്ല. ഇപ്രകാരം അവിശ്വാസികള്‍ ചെയ്യുന്ന സത്കര്‍മങ്ങള്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉപകരിക്കാതെ കേവലം ധൂളികളായി പറന്ന് പോകുന്ന സ്ഥിതി വിശേഷമാണുണ്ടാവുക. അതുകൊണ്ട് സത്യവിശ്വാസം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പരലോകത്ത് ഉപകാരപ്പെടുക എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.