''അല്ലാഹു നല്ല വചനത്തിന് നല്‍കിയ ഉപമ നീ കണ്ടില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ മുരട് ഉറച്ച് നില്‍ക്കുന്നതും അതിന്റെ ചില്ലകള്‍ ആകാശത്തിലേക്ക് പടര്‍ന്ന് നില്‍ക്കുന്നതുമാണ്. അതിന്റെ രക്ഷിതാവിന്റെ അനുമതിയാല്‍ എല്ലാകാലത്തും അത് ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന് യാതൊരു നില നില്പുമില്ല (14:24- 26).
മതവിശ്വാസത്തിലെ ഏറ്റവും മര്‍മമായ ഭാഗമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏകദൈവ വിശ്വാസം. ആരാധനക്കര്‍ഹന്‍ ഏകനായ സാക്ഷാല്‍ ആരാധ്യന്‍ മാത്രമാകണം എന്നുറപ്പിച്ച് ഉച്ചരിക്കുന്ന വചനമാണ് അറബിയില്‍ 'ലാഇലാഹ ഇല്ലാല്ലാഹ്' എന്നത്. ഈ വചനം ഏറ്റെടുത്തവന്‍ സാങ്കേതികമായി മുസ്‌ലിമായി. അഥവാ ഏകദൈവ വിശ്വാസിയായി. ആ ഏകദൈവ വിശ്വാസികള്‍ക്ക് പിന്നീട് ദൈവിക കല്‍പനാ-നിര്‍ദേശങ്ങളും ജീവിതക്രമവും പഠിപ്പിക്കാന്‍ വന്ന പ്രവാചകരെയും ആ പ്രവാചകര്‍ക്ക് വെളിപ്പെട്ട ദിവ്യവെളിപാടു(വഹ്‌യ്)കളെയും അംഗീകരിക്കേണ്ടിവരുന്നു. അവനാണ് സത്യവിശ്വാസി അഥവാ മുഅ്മിന്‍.
ഈ വചനങ്ങളില്‍ മനുഷ്യര്‍ക്ക് ആലോചിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു എന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്. രണ്ടുതരം മരങ്ങളെയാണ് ഇവിടെ ഉപമിച്ചത്. ഒന്ന് നല്ല മണ്ണില്‍ ആഴത്തിലേക്ക് വേരൂന്നിയ ശക്തമായ കാറ്റിലും മഴയിലും മറിയാതെ തടിയെ ഉറപ്പിച്ച് നിര്‍ത്തുന്ന മരം. അതിന്റെ ശിഖിരങ്ങള്‍ ആകാശത്തിലേക്ക് പടര്‍ന്നിരിക്കുന്നു എന്ന് മാത്രമല്ല എക്കാലത്തും അതില്‍ കായ്കനികളുണ്ട്. ശക്തനായ ഒരു ഏകദൈവ വിശ്വാസിക്ക് യോജിച്ച ഉദാഹരണം. ഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവനെ ഉലയ്ക്കുകയില്ല. അവന്റെ മനസ്സില്‍ ആഴത്തില്‍ വേരോടിയ ബലിഷ്ഠമായ ദൈവ വിശ്വാസം ഏത് പ്രസിസന്ധിയെയും മറികടക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു.
പ്രവാചക(സ്വ) ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ''വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്. നന്മയുണ്ടായാല്‍ നന്ദി കാണിക്കും, തിന്മ ബാധിച്ചാല്‍ ക്ഷമയവലംബിക്കും. രണ്ടായാലും പുണ്യം ഉറപ്പ്. മറ്റാര്‍ക്കും ലഭ്യമല്ലാത്ത അനുഗ്രഹം. ശക്തനായ ദൈവത്തിന്റെ വിധിവിലക്കുകള്‍ക്ക് വിധേയമാണ് നശ്വരമായ മനുഷ്യജീവിതം എന്നാണ് ഈ വിശ്വാസത്തിന്റെ കാതല്‍. അതിലുണ്ടാകുന്ന സൗകര്യങ്ങളും അസൗകര്യങ്ങളും അന്തിമമല്ല; അനന്തവുമല്ല. താത്ക്കാലിക പരീക്ഷണം മാത്രം. ഇതാണ് ശക്തനായ ഏക ദൈവ വിശ്വാസികളുടെ ഗുണമായി പറഞ്ഞ മനസ്സുറപ്പും വിധി വിശ്വാസവും.
നല്ല വചനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട മനുഷ്യജീവിതം സ്വസ്ഥവും സമാധാനവും മനുഷ്യര്‍ക്കും സഹജീവികള്‍ക്കും എന്നും ഉപകാരപ്രദമായതുമായി മാറുന്നു. പ്രതിസന്ധികളില്‍ പതറാതെയും സൗകര്യങ്ങളില്‍ മതിമറക്കാതെയും നല്‍കപ്പെട്ട ജീവിത പരീക്ഷണം കൃത്യമായി വിനിയോഗിക്കുന്നു. ഇതിന് വിരുദ്ധമായി ചീത്ത വചനത്തിനാല്‍ പ്രചോദിതമായ മനുഷ്യ ജീവിതം നിലം പതിക്കാന്‍ പാകമായി നില്‍ക്കുന്ന വന്‍മരം പോലെയായിരിക്കും. അതിന് അടിവേരില്ല. ഉറപ്പിച്ച് നിര്‍ത്തുന്ന മണ്ണുമില്ല. അതുകൊണ്ടുതന്നെ ഇഹലോകത്തും പരലോകത്തും നിലനില്‍പ്പുമില്ല.