''തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതക്ക് സമാനമാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്ത വചനങ്ങളെ നിഷേധിക്കുന്ന ജനങ്ങളുടെ ഉദാഹരണമെത്ര മോശം! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല'' (62:5).
ഒരു സമൂഹത്തെ നേര്‍വഴിക്ക് നടത്താനുള്ള ദൈവിക മാര്‍ഗദര്‍ശനത്തെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഏത് മത സമൂഹത്തിനും താക്കീതാണീ വചനം. കഴുതപ്പുറത്ത് മൂല്യവത്തായ ഗ്രന്ഥങ്ങള്‍ എത്രതന്നെ വെച്ചാലും തനിക്ക് ചുമക്കാനുള്ള ഭാരം എന്നതിനപ്പുറം അതിലെ ഉള്ളടക്കത്തെക്കുറിച്ച് ആ മൃഗത്തിന് യാതൊരു ബോധവുമില്ല.
ഇതു തന്നെയാണ് സത്യവേദം ലഭിച്ചിട്ട് അതിന്റെ പ്രയോക്തക്കളാണെന്ന് പറഞ്ഞവരുടെ അവസ്ഥയും. തൗറാത്ത് പഠിക്കാത്ത യഹൂദര്‍ക്ക് മാത്രമല്ല സമ്പൂര്‍ണവും സാര്‍വകാലികവുമായ ഖുര്‍ആനിന്റെ അനുയായികള്‍ക്കും ഈ ഉപമ ബാധകമാണ്.
ഒരു ഗ്രന്ഥത്തിന്റെ മഹത്വം അതിന്റെ ഉള്ളടക്കം വായനക്കാരനെ എത്ര സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ആ ഗ്രന്ഥത്തിലുള്ള കല്പനകള്‍ ലംഘിക്കുകയും നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ഉള്ളടക്കം മനസ്സിലാക്കാതെ പോകുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക് ആ ഗ്രന്ഥത്തെ യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നാണ് അര്‍ഥം. അതിനാല്‍ വേദഗ്രന്ഥങ്ങളെ കേവലം ആലങ്കാരിക ഉപയോഗത്തിനല്ല പഠിക്കാനും പിന്തുടരാനും ശ്രമിക്കുമ്പോഴാണ് ഒരാള്‍ മനുഷ്യനാകുന്നത്.