''പക്ഷേ, ദൃഷ്ടാന്തങ്ങള്‍ എല്ലാം കണ്ടിട്ടും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അത് പാറപോലെയോ അതിനേക്കാള്‍ കടുത്തതോ ആയി മാറി. ചില പാറകളില്‍ നിന്ന് നദികള്‍ ഉദ്ഭവിക്കാറുണ്ട്. ചിലത് പിളര്‍ന്ന് നീരുറവകള്‍ പുറത്ത് വരാറുണ്ട്. ദൈവഭയത്താല്‍ ചിലത് താഴോട്ടുരുണ്ട് വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെക്കുറിച്ചും അല്ലാഹു അശ്രദ്ധനല്ല'' (2:74).
നല്ല ചിന്തകളും സത്യവിശ്വാസവും കടന്നു ചെല്ലാത്ത മനസ്സുകളെ പാറക്കല്ലുകളോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. 'ശിലാഹൃദയ'മെന്ന മലയാള പ്രയോഗം ഓര്‍ക്കുക. സ്രഷ്ടാവായ ദൈവത്തെ മനസ്സിലാക്കാനും പ്രവാചകന്മാരുടെ സത്യസന്ധത ഉള്‍ക്കൊള്ളുവാനും ഉപയുക്തമായ നിരവധി തെളിവുകള്‍ കണ്‍മുന്നില്‍ കാണാനും അനുഭവിക്കാനും അവസരം ലഭിച്ചവരായിരുന്നു ബനൂഇസ്‌റാഈല്യര്‍. പക്ഷേ, മൂസാനബി(അ)യോട് വളരെ നന്ദികെട്ട സമീപനമാണവര്‍ സ്വീകരിച്ചത്. ക്രൂരനായ ഫറോവയില്‍ നിന്ന് രക്ഷപ്പെടുത്തി, ചെങ്കടല്‍ കടത്തി, സീനാ താഴ്‌വരയില്‍ മന്നും സല്‍വായും ഭക്ഷണമായി നല്‍കി. കാര്‍മേഘങ്ങളാല്‍ തണല്‍ നല്‍കി. പാറപിളര്‍ത്തി പന്ത്രണ്ട് നീരുറവകള്‍ നല്‍കി, വാഗ്ദത്ത ഭൂമിനല്കി ഇങ്ങനെ ഒട്ടേറെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും നേരില്‍ കണ്ട ആ സമൂഹം യഥാര്‍ഥത്തില്‍ മൂസാ നബി(അ)യെ അംഗീകരിക്കാനോ അല്ലാഹുവിനെ മാത്രം ആരാധിക്കാനോ സന്നദ്ധമാവാതെ കടുത്ത മനസ്സിന്റെ ഉടമകളായി മാറുകയായിരുന്നു.
മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും മറ്റും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ കരിമ്പാറകളില്‍ നിന്നുപോലും ഉണ്ടായേക്കാം. എന്നാല്‍ കടുത്ത മനസുകളില്‍ നിന്ന് ജനോപകാരപ്രദമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.