Skip to main content

ഒരു ചെടി കിളിര്‍ത്തുണങ്ങുന്നതു പോലെ

''നിങ്ങള്‍ അറിയുക, ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴപോലെ. ആ മഴമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തുന്നു. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോഴത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. എന്നിട്ട് അത് ദ്രവിച്ച് തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് ദുര്‍വൃത്തര്‍ക്ക് കഠിനമായ ശിക്ഷയും സദ്‌വൃത്തര്‍ക്ക് പടച്ചവന്റെ പ്രീതിയും പാപമോചനവും ഉണ്ടാവും. ഐഹിക ജീവിതമെന്നത് വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല'' (ഖുര്‍ആന്‍ 57:20).

നശ്വരമായ മനുഷ്യ ജീവിതത്തെ പല രൂപത്തിലുള്ള ഉപമകളിലൂടെയും വിവരിച്ചത് വിശുദ്ധ ഖുര്‍ആനിലുണ്ട്.

ഐഹിക ജീവിതത്തെ, ഒരു ചെടി കിളിര്‍ത്തുണങ്ങും പോലെയാണെന്ന ഏതൊരു വായനക്കാരനും എളുപ്പം മനസ്സിലാകുന്ന ഉപമയിലൂടെയാണ് ഇവിടെ വിശദീകരിക്കുന്നത്. ഇഹലോക ജീവിതമെന്നാല്‍ അഞ്ച് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു നിരന്തര പ്രക്രിയയാണ്. വിശുദ്ധ ഖുര്‍ആനില്‍ ആ ഘട്ടങ്ങള്‍ പറയാനുപയോഗിച്ച ശൈലിയില്‍ പോലും അത്ഭുതകരമായ പദ വിന്യാസം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. കളിയും വിനോദവും അലങ്കാരവും ദുരഭിമാനവും പെരുമ നടിക്കലുമാണ് അഞ്ച് ഘട്ടങ്ങള്‍. ഇതില്‍ കളിപ്പാട്ടങ്ങള്‍കൊണ്ട് കളിക്കുന്ന ശൈശവ ഘട്ടവും ലക്ഷ്യബോധത്തോടെ വിനോദങ്ങളിലും കളികളിലുമേര്‍പ്പെടുന്ന ബാല്യഘട്ടവും ഭംഗിയും അലങ്കാരവും കൂടുതലായി ശ്രദ്ധിക്കുന്ന കൗമാര ഘട്ടവും പിന്നിട്ട് യൗവ്വനത്തിലെത്തുമ്പോള്‍ ഓരോരുത്തരും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിയാത്ത പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും മനോനില പ്രാപിക്കുന്നു. ശേഷം വാര്‍ധക്യത്തിലേക്കുള്ള പ്രയാണ വഴികളില്‍ താന്‍ സമ്പാദിച്ചതിനെപ്പറ്റിയും തന്റെ മക്കളെയും സ്വത്തിനെയും കുറിച്ച് പെരുമ പറഞ്ഞും ഓര്‍മകള്‍ അയവിറക്കിയും കഴിയുന്ന അവസാന ഘട്ടം. 

ഈ പ്രകൃതി പരിണാമങ്ങള്‍ അവന്റെ മനോനിലയിലും ശാരീരികാവസ്ഥയിലും വരുത്തുന്ന സ്വാഭാവിക മാറ്റത്തിന്റെ നേര്‍ചിത്രമാണെന്നും എന്നാല്‍ മനുഷ്യര്‍ തങ്ങളുടെ ജീവിത ലക്ഷ്യം കൃത്യമായി തിരിച്ചറിയണമെന്നുമാണ് ഈ മനുഷ്യ ജീവിതത്തെ മഴയില്‍ മുളച്ച ചെടിയോടുപമിച്ച ശേഷം ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.

മണ്ണില്‍ വിത്തിട്ട് മഴകാത്തു നില്‍ക്കുന്ന കര്‍ഷകന്‍. ആ കര്‍ഷകന്‍ എത്ര ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്- ഗര്‍ഭസ്ഥ ശിശുവിനെ പ്രതീക്ഷിക്കുന്ന മാതാപിതാക്കളെപ്പോലെ. ഗര്‍ഭാവസ്ഥയിലെ ശിശുവിന്റെ സംരക്ഷണവും ഭാവിയുമെല്ലാം ദൈവത്തിന്റെ കാരുണ്യത്തില്‍ ഭരമേല്‍പ്പിക്കുന്നപോലെ - മണ്ണില്‍ വിത്തിറക്കി കഴിഞ്ഞാല്‍ കര്‍ഷകനും. മണ്ണും മഴയും ചുറ്റുപാടുമെല്ലാം വിചാരിച്ചതുപോലെയാകാന്‍ കര്‍ഷകന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അങ്ങനെ ഒരു കനത്ത മഴ പെയ്ത് മണ്ണ് നനഞ്ഞ് വിത്തു മുളക്കാന്‍ തുടങ്ങിയാല്‍ ആ കര്‍ഷകന് ആകാംക്ഷയായി. 

പിന്നീട് മുളച്ച് പൊന്തുന്ന തൈച്ചെടിക്ക് വളരുന്ന കൊച്ചു കുട്ടികള്‍ക്കെന്നതു പോലുള്ള താങ്ങും തണലും സംരക്ഷണവും നല്‍കുന്നു. ചെറിയ കാറ്റോ കനത്ത മഴയോ പോലും താങ്ങാനാവാത്ത തൂമ്പും തളിരിലയുംപോലെത്തന്നെയാണ് ശൈശവദശയിലെ മനുഷ്യക്കുഞ്ഞിന്റെയും അവസ്ഥ. പിന്നീട് കാണാന്‍ ചന്തമുള്ള പച്ചപ്പുള്ള മുറ്റി വളരുന്ന ചെടിയെപ്പോലെത്തന്നെ ഒരു മനുഷ്യക്കുഞ്ഞും മാതാപിതാക്കള്‍ക്ക് കൗതുകമായി കൗമാരം പ്രാപിക്കുന്നു. പിന്നീട് ഒരു മനുഷ്യന്റെ ജീവിത സാഫല്യമായ സന്താന സൗഭാഗ്യവും അധ്വാനവും വേതനവും പോലെ ഒരു ചെടിയുടെ ധര്‍മമായ പുഷ്പിക്കലും ഫലോത്പാദനവും മുറപോലെ നടക്കുന്നു. 

ശേഷം ജരാ നരകള്‍ ബാധിച്ച് വാര്‍ധക്യത്തിന്റെ അടയാളങ്ങള്‍ മനുഷ്യ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ഇലയ്ക്കും തടിക്കും ശോഷണം ബാധിച്ച് ഉണങ്ങിക്കരിഞ്ഞോ ദ്രവിച്ച് മറിഞ്ഞോ ആ സസ്യം അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങുന്നു. 

ഈ ഉദാഹരണത്തിനൊടുവില്‍, അങ്ങനെ എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്നവനല്ല മനുഷ്യന്‍ എന്നും അവന്റെ ജീവിതാവസരം കൃത്യമായി ചോദ്യത്തിന് വിധേയമാണെന്നും ദുര്‍വൃത്തനാണെങ്കില്‍ കഠിനമായ ശിക്ഷക്കും സദ്‌വൃത്തനാണെങ്കില്‍ ശാശ്വതമായ സ്വര്‍ഗീയ സുഖത്തിനും അവകാശപ്പെട്ടവനാണെന്നും അല്ലാഹു ബോധ്യപ്പെടുത്തുന്നു.


 

Feedback