കേരള ചരിത്രത്തിലും കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലും നിസ്തുലമായ പങ്കുവഹിച്ച മണ്ണായ ഏറിയാട് സ്ഥിതി ചെയ്യുന്ന 400 വര്‍ഷം പഴക്കമുള്ള പള്ളിയാണ് മാടവന മുഹ്‌യുദ്ദീന്‍ ജമാഅത്ത് മസ്ജിദ്. മണപ്പാട്ട് കുടുംബമാണ് നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പള്ളിക്കുവേണ്ടി ഭൂമി നല്‍കിയത്. പള്ളി നിര്‍മിക്കാന്‍ മുന്‍കൈ എടുത്തതും അവര്‍ തന്നെ. പള്ളിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് സാഹിബ് ആയിരുന്നു.
പണ്ടത്തെ മരപ്പണികള്‍ ഇന്നും പള്ളിക്കകത്ത് ഉണ്ട്. എങ്കിലും ചരിത്രശേഷിപ്പുകള്‍ മുഴുവനായും നിലനിര്‍ത്തിയിട്ടില്ല. നവീകരണത്തിന്റെ ഭാഗമായി പലതും പൊളിച്ചുമാറ്റുകയും പുതിയ പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പഴമയുടെ അടയാളമായി പള്ളിക്കകത്ത് ഇപ്പോഴും കാണാവുന്നത് 'മിംബര്‍' നില്ക്കുന്ന സ്ഥലവും അതിനോടനുബന്ധിച്ച ഭാഗവുമാണ്. പഴയകാലത്തെ പള്ളികളുടെ അടയാളമായിരുന്ന വിശാലമായ കുളം സംരക്ഷണഭിത്തികെട്ടി വൃത്തിയായി സംരക്ഷിക്കുന്നു.
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ വലിയ കാല്‍വെപ്പുകളിലൊന്നായ ഐക്യസംഘത്തിന്റെ പല യോഗങ്ങളും ഈ പള്ളിയില്‍വെച്ച് നടന്നിട്ടുണ്ട്. പള്ളിയുടെ തുടക്കകാലം മുതല്‍ക്കേ മലയാള ഭാഷയിലാണ് ഇവിടെ ഖുത്വുബ നിര്‍വഹിച്ചിരുന്നത്. കെ എം മൗലവി അടക്കമുള്ള പണ്ഡിതന്മാര്‍ ഖുത്വുബ നിര്‍വഹിച്ച ഈ പള്ളിയില്‍ ഏറ്റവും കൂടുതല്‍ കാലം ഖത്വീബായി സേവനമനുഷ്ഠിച്ചത് ഹൈദ്രോസ് മൗലവിയായിരുന്നു. 1970 മുതല്‍ ദീര്‍ഘകാലം അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു.
1400 കുടുംബങ്ങള്‍ ആണ് ഇന്ന് ഈ മഹല്ലിനു കീഴിലുള്ളത്. കല്യാണ മണ്ഡപമടക്കമുള്ള പുതിയ സൗകര്യങ്ങളും പള്ളിയോടനുബന്ധിച്ചുണ്ട്