Skip to main content

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

അറിവുകൊണ്ടും തൂലികകൊണ്ടും കേരള ജനതയെ വിശിഷ്യാ മുസ്‌ലിംകളെ സ്വാധീനിച്ച സെനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ സ്ഥാപിച്ച പള്ളിയാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി. കേരള ചരിത്രത്തില്‍ ഏറെ പ്രധാന്യമുള്ള ഈ പള്ളി വാസ്തുവൈദഗ്ധ്യത്തിന്റെ തീരാകലവറയാണ്.

ചരിത്രപരമായ പല ആചാരങ്ങളും ഇപ്പോഴും ഈ പള്ളി പിന്തുടരുന്നു. നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നത് ഇപ്പോഴും കാലടിക്കണക്കിലാണ്. അതിനുള്ള സംവിധാനങ്ങള്‍ പള്ളിയില്‍ തയ്യാറാക്കിവെച്ചിരിക്കുന്നു. പഴയകാല ഓത്തുപള്ളി സമ്പ്രദായമായ 'വിളക്കത്തിരിക്കലി'ന്റെ അടയാളമായ വിളക്കുകള്‍ ഇപ്പോഴും പഴമയുടെ പ്രൗഢിയോടെ പള്ളിയില്‍ തൂങ്ങിക്കിടക്കുന്നു. ക്രി. 1518 ല്‍ നിര്‍മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈ പള്ളിയുടെ മിമ്പര്‍ മദീനയിലെ നബിയുടെ പള്ളിക്ക് സമാനം ഏഴ് പടികളോടുകൂടിയതാണ്. അതിലെ കൊത്തുപണികളും പഴമയുടെ ചാരുത നിറഞ്ഞതുതന്നെ.

ഈ പള്ളിയുടെ വാസ്തുവൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്. മൂന്നു നിലകളുള്ള ഈ പള്ളിയുടെ കഴുക്കോല്‍ ഒറ്റത്തടിയിലും ഒറ്റപ്പിടിയിലും തീര്‍ത്തതാണ്. മൂന്നാമത്തെ നിലയില്‍ നിന്ന് താഴെ വരെ ഒരു കൂട്ടിച്ചേര്‍ക്കലുകള്‍ പോലുമില്ലാത്ത ഒറ്റക്കഴുക്കോല്‍. എല്ലാം അങ്ങനെത്തന്നെ. നാല്പതു വാതിലുകളാണ് പള്ളിക്ക് ആകെയുള്ളത്. പള്ളി പൂട്ടിയിടുന്ന പതിവ് പണ്ടുമില്ല, ഇപ്പോഴുമില്ല. ഇരുപത്തിനാലു മണിക്കൂറും വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പള്ളി തുറന്നിട്ടിരിക്കുന്നു. ചിരന്തച്ചന്‍ എന്ന ആശാരിയാണ് ഈ പള്ളിപ്പണി നിര്‍വഹിച്ചത്. പില്ക്കാലത്ത് ഇസ്‌ലാം മതം പുല്‍കിയ അദ്ദേഹം ശേതുക്ക എന്ന പേരും സ്വീകരിച്ചു.

കേരളത്തിലെ ആദ്യത്തെ പള്ളിദര്‍സ് സ്ഥാപിക്കുന്നത് ഈ പള്ളിയിലാണ്. മതവിദ്യാഭ്യാസ രംഗത്ത് പള്ളി ദര്‍സുകളുടെ പങ്ക് നിസ്തുലമാണ്.
 

 

 

 

Feedback