Skip to main content

നാദാപുരം ജുമുഅത്ത് പള്ളി

കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണിത പള്ളിയാണ് 120 വര്‍ഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. വാസ്തുശില്പ കലയുടെ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ പള്ളി. കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളില്‍ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക് ബലമേകുന്നത്്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂര്‍ണമായും മരത്താലാണ് നിര്‍മിച്ചിട്ടുള്ളത്. പള്ളിയുടെ നിര്‍മാണത്തിന് ഒരുപാടു വര്‍ഷങ്ങള്‍ സമയമെടുത്തെന്ന് പറയപ്പെടുന്നു. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു രേഖയും ലഭ്യമല്ല. 

ആരാധനാ കര്‍മങ്ങള്‍ക്കു വേണ്ടി ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല എന്നത് ഈ പള്ളിയുടെ പ്രത്യേകതയാണ്. പള്ളിയുടെ ആരംഭം മുതല്‍ തന്നെ ദര്‍സ് സംവിധാനം ഇവിടെ നടന്നു വരുന്നു. പണ്ട് സൂര്യന്റെ ചലനം നോക്കി നമസ്‌കാരസമയം മനസ്സിലാക്കാന്‍ ഉപയോഗിച്ചിരുന്ന ഇസ്തിവാകുറ്റികളും ആസ്ട്രിയയില്‍ നിര്‍മിച്ച പഴയ ഖജനാപ്പെട്ടിയും ഇപ്പോഴും പള്ളിയിലുണ്ട്. അകം പള്ളിയിലെ പഴയ വിളക്ക് ഇന്നും പള്ളിയെ പ്രകാശപൂരിതമാക്കി നില്ക്കുന്നു. പള്ളിയുടെ തൊട്ടടുത്തായി മനോഹരമായ രീതിയില്‍ കെട്ടിയുണ്ടാക്കിയ പള്ളിക്കുളം ആദ്യ കാലങ്ങളില്‍ അംഗശുദ്ധി വരുത്തുവാന്‍ വേണ്ടി നിര്‍മിച്ചതാണ്.


 
പള്ളിയിലെ ചരിത്ര സൂക്ഷിപ്പുകളെ കേടു കൂടാതെ സംരക്ഷിക്കുന്നത് മരുമക്കത്തായ സമ്പ്രദായം തുടരുന്ന നാലു കുടുംബങ്ങളാണ്. 

 

 

 

Feedback