Skip to main content

അബ്ദുല്‍ മജീദ് ഒന്നാമന്‍

സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്റെ മരണാനന്തരം ഭരണമേറ്റെടുത്ത സുല്‍ത്താനാണ് അദ്ദേഹത്തിന്റെ മകനായ അബ്ദുല്‍ മജീദ് ഒന്നാമന്‍ (ക്രി.1839-1861). 1823ല്‍ പിതാവിന്റെ ഭരണകാലത്തു തന്നെയാണ് ജനനം. ഫ്രാന്‍സില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. അതുകൊണ്ടുതന്നെ സാഹിത്യത്തിലും ശാസ്ത്രീയ സംഗീതത്തിലും തല്‍പരനായിരുന്നു.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് ക്രി. 1839ല്‍ തന്റെ 16-ാം വയസ്സില്‍ രാജ്യഭരണമേല്‍ക്കേണ്ടിവന്നു. റഷ്യയും ഫ്രാന്‍സും ബ്രിട്ടനും ഉസ്മാനിയാ സാമ്രാജ്യത്തെ പങ്കുവെക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അസ്വസ്ഥജനകമായ സാഹചര്യത്തിലാണ് മജീദ് ഒന്നാമന്റെ സ്ഥാനാരോഹണം. 1844ലാണ് റഷ്യന്‍ ചക്രവര്‍ത്തി നിക്കോളസ് തുര്‍ക്കിയെ 'യൂറോപ്പിലെ രോഗി' എന്നു വിശേഷിപ്പിച്ചത്. ലണ്ടനില്‍ വന്ന അദ്ദേഹം, ഉസ്മാനീ ഭരണത്തിന്‍ കീഴിലുള്ള സ്ഥലങ്ങള്‍, വന്‍ ശക്തികള്‍ ഓഹരി വച്ചെടുക്കാനുള്ള നിര്‍ദ്ദേശം വച്ചു. ബ്രിട്ടന്‍ പക്ഷേ, അതംഗീകരിച്ചില്ല.

ക്രീമിയയെ റഷ്യയും, ലബനാനിനെ ഫ്രാന്‍സും കീഴടക്കി. സാമ്രാജ്യം തുര്‍ക്കിയിലേക്ക് ചുരുങ്ങുമ്പോഴും രാജ്യത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി യൂറോപ്യന്‍ രാജ്യങ്ങളോട് മത്സരിക്കാന്‍ തന്നെ സുല്‍ത്താന്‍ നിശ്ചയിച്ചു. വിദ്യാഭ്യാസം പാശ്ചാത്യവല്‍ക്കരിച്ചു. അടിമത്ത സമ്പ്രദായം നിരോധിച്ചു. സാമ്പത്തിക മേഖലയും സിവില്‍-ക്രിമിനല്‍ നിയമങ്ങളും ഫ്രഞ്ച് മാതൃകയില്‍ പുനക്രമീകരിച്ചു. പേപ്പര്‍ നോട്ടുകള്‍ അടിച്ചിറക്കി. ഉസ്മാനികള്‍ക്ക് ദേശീയഗാനവും ദേശീയ പതാകയും ഉണ്ടാക്കി.

വിദ്യാഭ്യാസത്തിന് പ്രത്യേക മന്ത്രാലയം, ആധുനിക രീതിയിലുള്ള സര്‍വകലാശാലകള്‍, അക്കാദമികള്‍, പാരീസില്‍ ഉസ്മാനിയ സ്‌കൂള്‍ എന്നിവയും ഇക്കാലത്ത് സ്ഥാപിതമായി.

മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഒരുപോലെ ചേര്‍ത്തി സൈന്യത്തെയും പുനസ്സംഘടിപ്പിച്ചു. അമുസ്‌ലിംകളുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അമിത തലവരി നിര്‍ത്തലാക്കി. കൈവശക്കാര്‍ക്ക് ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്ന രീതിയില്‍ റവന്യൂ നിയമങ്ങള്‍ പരിഷ്‌കരിച്ചു.

35 ടണ്‍ സ്വര്‍ണം വിലമതിക്കുന്ന യൂറോപ്യന്‍ മാതൃകയിലുള്ള കൊട്ടാരവും ഇസ്തംബൂളില്‍ അബ്ദുല്‍ മജീദ് ഒന്നാമന്‍ പഴികഴിപ്പിച്ചു. അബ്ദുല്‍ മജീദ് ഒന്നാമന്‍ ഉസ്മാനി സുല്‍ത്താനായിരിക്കുന്ന കാലത്താണ്, ആധുനിക ഈജിപ്തിന്റെ ശില്പിയായറിയപ്പെടുന്ന മുഹമ്മദലി ക്രി.1849ല്‍ മരണപ്പെട്ടത്. തുടര്‍ന്ന് പുത്രന്‍ ഇസ്മാഈല്‍ പാഷ അധികാരത്തില്‍ വരികയും ഉസ്മാനീ സുല്‍ത്താന്‍, അദ്ദേഹത്തിന് ഖുദൈവി പദവി നല്കുകയുണ്ടായി.

ഇരുപത്തിരണ്ടര വര്‍ഷം, ഉസ്മാനി ഭരണ സാരഥ്യം വഹിച്ച അബ്ദുല്‍ മജീദ് ഒന്നാമന്‍ 1861 ജൂണ്‍ മാസത്തില്‍ (1277 ദുല്‍ഹിജ്ജ 17) മരണപ്പെട്ടു. 


 

Feedback