ഉസ്മാനീ ഖിലാഫത്തിന്റെ പതനത്തിലേക്കു വഴി തുറന്ന സംഭവങ്ങള്‍ അരങ്ങേറും മുമ്പ് മുഹമ്മദ് റശാദ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിനുശേഷം, രാജകുടുംബത്തിലെ തല മുതിര്‍ന്ന വ്യക്തി യൂസുഫ് ഇസ്സുദ്ദീന്‍ അധികാരമേറ്റു. ദുരൂഹമായ സാഹചര്യത്തില്‍ അദ്ദേഹം വൈകാതെ മരണപ്പെട്ടു. തുടര്‍ന്ന് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ 36-ാമത്തെ സുല്‍ത്താനായ ആളാണ് വഹീദുദ്ദീന്‍ എന്ന മുഹമ്മദ് ആറാമന്‍ (ക്രി.19018-1922). സുല്‍ത്താന്‍ അബ്ദുല്‍ മജീദിന്റെ മകനും മുന്‍ഗാമിയായ മുഹമ്മദ് അഞ്ചാമന്റെ സഹോദരനും.
1861ല്‍ ജനനം. ഒന്നാം ലോക മഹായുദ്ധം അവസാനിക്കുന്ന ഘട്ടത്തിലാണ് മുഹമ്മദ് സുല്‍ത്താനായി വന്നത്. തുര്‍ക്കി പിന്തുണ നല്‍കിയ ജര്‍മനി, ആസ്ട്രിയ, ഹംഗറി അച്ചുതണ്ട് ശക്തികള്‍ പരാജയപ്പെട്ടതോടെ ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കി സാമ്രാജ്യത്തെ പങ്കിട്ടെടുക്കുന്ന ഹൃദയഭേദകമായ കാഴ്ചക്ക് മുഹമ്മദ് ആറാമന്‍ സാക്ഷിയായി. ബഗ്ദാദും ദമസ്‌കസും ജറുസലവും തുര്‍ക്കിയുടെ കൈയില്‍ നിന്ന് പോയി. ഹിജാസ് സ്വതന്ത്ര പ്രവിശ്യയുമായി.
ബ്രിട്ടനും ഫ്രാന്‍സും ഗ്രീസും തുര്‍ക്കിയെ ആക്രമിക്കുന്നതിനിടെ സുല്‍ത്താന്‍ പ്രധാനമന്ത്രിയായ മുസ്തഫ കമാല്‍ പാഷയോട് പ്രതിരോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാഷ അത് ഗൗനച്ചില്ല. മറിച്ച്, രാഷ്ട്രത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകുന്നത് കണ്ട് മനംനൊന്ത സുല്‍ത്താന്‍ 1922ല്‍ സ്ഥാനത്യാഗം ചെയ്തു. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു. ഡമസ്‌കസില്‍ ഉസ്മാനീ സുല്‍ത്താന്മാരുടെ മഖ്ബറയില്‍ തന്നെ മറവു ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്ത സുല്‍ത്താന്‍ 1922ല്‍ മരണപ്പെട്ടു.
1919 ജൂലൈ 23ന് അങ്കാറയില്‍ ചേര്‍ന്ന തുര്‍ക്കി ദേശീയവാദികളുടെ കോണ്‍ഫ്രന്‍സിന്റെ ചെയര്‍മാനായി മുസ്തഫ കമാലിനെ തെരഞ്ഞെടുത്തു. ഇസ്തംബൂളില്‍ നിന്നും തലസ്ഥാനം അങ്കാറയിലേക്ക് മുസ്തഫ കമാല്‍ മാറ്റുകയുണ്ടായി.
കമാല്‍ പാഷുടെ നേതൃത്വത്തിലുള്ള ദേശീയ അസംബ്ലി ചേര്‍ന്ന് സുല്‍ത്താന്‍ ഭരണത്തിന് അന്ത്യം കുറിക്കുകയുണ്ടായി. തുടര്‍ന്ന് മുഹമ്മദ് വഹീദുദ്ദീന്‍ ഖാന്‍ ഇസ്തംബൂളില്‍ നിന്ന് പാലായനം ചെയ്തു.