മഹാനായ സുലൈമാന് (1520-1564) ശേഷം ഉസ്മാനിയാ സാമ്രാജ്യത്തിന്റെ പതനകാലം ആരംഭിച്ചു എന്നാണ് ചരിത്രത്തിന്റെ വിലയിരുത്തല്‍. പ്രാഗത്ഭ്യമില്ലാത്തവരും സുഖലോലുപരും, അധികാരം മന്ത്രിമാരെയും സൈന്യത്തെയും ഏല്പിച്ച് കൊട്ടാരങ്ങളില്‍ സല്ലാപങ്ങളില്‍ മുഴുകുന്നവരുമായി മാറി സുല്‍ത്താന്‍മാര്‍. ഈ വിഭാഗത്തില്‍ ആദ്യത്തെ ആളായിരുന്നു സുലൈമാന്റെ മകന്‍ സലീം രണ്ടാമന്‍ (ക്രി.1566-1574). റഷ്യന്‍ വംശജയിലാണ് സുലൈമാന് സലീം പിറന്നത്.
1566ല്‍ അധികാരം തുടങ്ങിയ സലീമിന് വിശാലമായ ഒരു സാമ്രാജ്യത്തെ നയിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. 1571ല്‍, സൈപ്രസ് പിടിക്കാന്‍ യൂറോപ്പിന്റെ സംയുക്ത നാവികപ്പട തുര്‍ക്കിയെ ആക്രമിച്ചു. ഇതില്‍ തുര്‍ക്കിയുടെ 130 പടക്കപ്പലുകള്‍ യൂറോപ്യന്‍ സേന പിടിച്ചെടുത്തു. 74 എണ്ണം തീയിട്ടു നശിപ്പിച്ചു. 30,000 സൈനികരെ ബന്ദികളുമാക്കി. എന്നാല്‍ സൈപ്രസ് തിരിച്ചുപിടിക്കാന്‍ സംയുക്തസേനക്ക് കഴിഞ്ഞില്ല. 1570ല്‍ സലീം തന്നെയാണ് സൈപ്രസ് സാമ്രാജ്യത്തിനു കീഴില്‍ കൊണ്ടുവന്നത്.
ക്രി. 1572ല്‍ തുനീസ് നഷ്ടപ്പെട്ടു. ഫ്രാന്‍സുമായി സലിം ഒരു കരാറിലുമേര്‍പ്പെട്ടു. ഇതുപ്രകാരം സാമ്രാജ്യത്തിനകത്ത് സ്വതന്ത്ര വ്യാപാരം നടത്താനും ക്രൈസ്തവ മിഷനറി പ്രവര്‍ത്തനം നടത്താനും അവര്‍ക്ക് അനുവാദം കിട്ടി. ഈ കരാര്‍ പില്ക്കാലത്ത് ഉസ്മാനികള്‍ക്കുതന്നെ തിരിച്ചടിയാവുകയും ചെയ്തു.
സലിം രണ്ടാമന്റെ കാലത്ത് യഥാര്‍ഥത്തില്‍ ഭരണചക്രം തിരിച്ചത് പ്രധാനമന്ത്രി മുഹമ്മദ് പാഷായായിരുന്നു. വിശ്വസ്തനായ പാഷ സുലൈമാന്റെ ഭരണത്തിലും പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആര്‍ജവവും ഭരണ നൈപുണിയുമാണ് സാമ്രാജ്യത്തെ തകര്‍ച്ചയില്‍ നിന്ന് ഇക്കാലത്ത് രക്ഷപ്പെടുത്തിയത്.
1574ലായിരുന്നു സലീം രണ്ടാമന്റെ മരണം.