ഉസ്മാനിയാ സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍. തുര്‍ക്കി വംശജനായ അര്‍തുഗ്റിലിന്‍റെ മകന്‍. ബൈസന്ത്യന്‍ പട്ടാളം ഇടയ്ക്കിടെ ഏഷ്യാമൈനര്‍ ആക്രമിക്കുകയും മുസ്ലിംകളെ ശല്യപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനെതിരെ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് ധര്‍മയുദ്ധത്തിന് സന്നദ്ധരായി പോരാളികള്‍ രംഗത്തുവന്നു. ഇവര്‍ ഗാസി (ധര്‍മ സമര സേനാനികള്‍) എന്നറിയപ്പെട്ടു. പോരാളിയായ ഉസ്മാന്‍ ഇവരുടെ നേതൃത്വമേറ്റെടുത്തു. അങ്ങനെയാണ് ഉസ്മാന്‍ ഗാസി ആയത്.
പിതാവ് അര്‍തുഗ്റില്‍ നിര്യാതനായ ക്രി. 1288ല്‍ തന്നെ ഉസ്മാന്‍ ഗാസീ ഭരണമേറ്റെങ്കിലും സ്വതന്ത്ര ഭരണാധികാരിയായത് ഖുനിയയിലെ സല്‍ജൂക്ക് അമീര്‍ അലാവുദ്ദീന്‍റെ മരണശേഷമാണ്. അതിനാല്‍ ഉസ്മാനിയ ഖിലാഫത്തിന്‍റെ ആരംഭമായി ഗണിക്കുന്നത് ഈ കാലം മുതലാണ്. അഥവാ 1299 മുതലാണ്.
ചെറുപ്പം മുതല്‍ തന്നെ മതവിജ്ഞാനവും ആയോധന കലകളും അഭ്യസിച്ച ഇദ്ദേഹം ഇവ രണ്ടും വിജയത്തിലേക്കുള്ള ചവിട്ടുപടികളുമാക്കി.
ബൈസന്ത്യന്‍ സാമ്രാജ്യത്തിന്‍റെ പേടിസ്വപ്നമായി മാറിയ ഉസ്മാന്‍ നന്നേ ചെറിയ കാലംകൊണ്ടാണ് അവരില്‍നിന്ന് ബൂര്‍സ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കീഴടക്കിയത്.
ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയത. പണം സമ്പാദിച്ചു കൂട്ടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. യുദ്ധാര്‍ജിത സ്വത്ത് അനാഥകള്‍ക്കും അഗതികള്‍ക്കും ബാക്കിയുള്ളത് യോദ്ധാക്കള്‍ക്കും നല്‍കി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ യോദ്ധാക്കള്‍ (ഗാസീമാര്‍) സമര്‍പ്പണ ബോധത്തിന്‍റെ പ്രതീകങ്ങളായി.
നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തുര്‍ക്കികള്‍ ഉസ്മാനെ മറന്നില്ല. പുതിയ ചക്രവര്‍ത്തിമാര്‍ അധികാരമേല്‍ക്കുന്രോള്‍ ഉസ്മാന്‍ ഗാസിയുടെ വാള്‍ എഴുന്നള്ളിക്കുകയും അദ്ദേഹത്തിന്‍റെ മഹദ് ഗുണങ്ങള്‍ പുതിയ ചക്രവര്‍ത്തിയിലുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന പതിവ് തുര്‍ക്കികള്‍ക്കുണ്ടായിരുന്നു.
തന്‍റെ പിന്‍ഗാമിയടക്കം ഊര്‍ഖാന്‍ ഗാസി ഉള്‍പ്പെടെ എട്ടുമക്കളുണ്ടായിരുന്നു. ക്രി. 1326ല്‍ നിര്യാതനായി.