Skip to main content

ഉസ്മാന്‍ മൂന്നാമന്‍

മുസ്തഫ രണ്ടാമന്റെ പുത്രനും മഹ്മൂദ് ഒന്നാമന്റെ സഹോദരനുമാണ് ഉസ്മാന്‍ മൂന്നാമന്‍ (ക്രി.1754-1757). ഉസ്മാനിയാ സാമ്രാജ്യത്തിന്റെ 25-ാമത്തെ സുല്‍ത്താനായി ക്രി. 1754ലാണ് ഉസ്മാന്‍ മൂന്നാമന്‍ സാരഥ്യമേറ്റത്. 1699ല്‍ ജനിച്ച ഇദ്ദേഹം വര്‍ഷങ്ങളോളം കൊട്ടാരത്തില്‍ തടവുകാരനായിരുന്നു. നിലവിലുള്ള സുല്‍ത്താന് ഭീഷണിയാവാതിരിക്കുന്നതാണ് ഈ വീട്ടുതടങ്കല്‍.

അലി പാഷയായിരുന്നു ഉസ്മാന്‍ മൂന്നാമന്റെ പ്രധാനമന്ത്രി. അദ്ദേഹം ജനങ്ങളെ ഉപദ്രവിക്കാറുണ്ട് എന്ന് നിരന്തരം പരാതി വന്നു. ബോധ്യപ്പെട്ടതോടെ പ്രധാനമന്ത്രിക്ക് വധശിക്ഷ നല്‍കി സുല്‍ത്താന്‍. ജനസംസാരം കേള്‍ക്കാനായി രാത്രി വേഷപ്രഛന്നനായി നടക്കുമ്പോഴാണ് പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാതി ശരിയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്.

സംഗീതത്തെ വെറുത്തിരുന്നു ഉസ്മാന്‍ മൂന്നാമന്‍. കൊട്ടാരത്തിലുണ്ടായിരുന്ന സംഗീതജ്ഞരെ മുഴുവന്‍ അദ്ദേഹം പിരിച്ചുവിടുകയും ചെയ്തു. മുസ്‌ലിം പുണ്യസ്ഥലങ്ങളെപ്പോലെ തന്നെ ജൂത-ക്രൈസ്തവ വിശുദ്ധ നഗരങ്ങളെയും ഉസ്മാന്‍ മൂന്നാമന്‍ ആദരിച്ചു.

1757 ഒക്‌ടോബറില്‍ ഇദ്ദേഹം നിര്യാതനായി.


 

Feedback