Skip to main content

മുഹമ്മദ് അല്‍ഫാതിഹ്

ക്രി. 1453 മെയ് 29. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള റോമാ സാമ്രാജ്യത്തിന്റെ അടിക്കല്ലിളക്കി  അവരുടെ തലസ്ഥാന നഗരമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉസ്മാനിയ ഖിലാഫത്തിന് സ്വന്തമായത് അന്നാണ്. മുആവിയ മുതലിങ്ങോട്ട് അറബികളും തുര്‍ക്കികളും കിണഞ്ഞു ശ്രമിച്ചിട്ടും കഴിയാത്തത് മുഹമ്മദ് രണ്ടാമന്‍ കൈപ്പിടിയിലൊതുക്കി. അങ്ങനെ ഉസ്മാനിയ സാമ്രാജ്യത്തിലെ ഈ ഏഴാം സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ് എന്ന പേരില്‍ ചരിത്രത്തില്‍ അനശ്വരനായി(ക്രി.1451-1481).

മുറാദ് രണ്ടാമന്റെ മകനായി 1432ല്‍ ജനിച്ചു. മികച്ച വിദ്യാഭ്യാസം നേടിയതിനാല്‍ തുര്‍ക്കിക്കു പുറമെ അറബി, പേര്‍ഷ്യന്‍, ഗ്രീക്ക് ഭാഷകള്‍ സ്വായത്തമാക്കി. തത്വശാസ്ത്രം ഇഷ്ടവിഷയം. അലക്‌സാണ്ടറും ജൂലിയസ് സീസറും ആവേശമായിരുന്നു. കൃത്യതയിലും കാര്യക്ഷമതയിലും വിശ്വസിച്ചു. തോട്ടനിര്‍മാണം വിനോദമാക്കി. മുഹമ്മദിനെ ഉസ്മാനിയാ സുല്‍ത്താന്‍മാരില്‍ പ്രധാനിയും ജേതാവുമാക്കിയത് ഇതെല്ലാമായിരുന്നു.

മുഗള്‍ സാമ്രാജ്യത്തിലെ അക്ബറിനു സമാനനായിരുന്നു രാജ്യവിസ്തൃതിയുടെ കാര്യത്തില്‍ ഉസ്മാനികളിലെ ഫാതിഹ്. കോണ്‍സ്റ്റാന്റിനോപ്പിളിനു പുറമെ ഏഷ്യാ മൈനറിലെ രണ്ടു പ്രദേശങ്ങള്‍, ഹംഗറിയുടെ ഭാഗമായിരുന്ന പലന്‍ഷിയ, റോമിന്റെ ചില ഭാഗങ്ങള്‍ എന്നിവ സാമാജ്യത്തോടു ചേര്‍ത്തു. ഇതിനു പുറമെ അതുവരെ സാമന്തരാജ്യങ്ങള്‍ മാത്രമായിരുന്ന ബാള്‍ക്കന്‍ പ്രദേശങ്ങളായ അല്‍ബേനിയ, ബോസ്‌നിയ, സെര്‍ബിയ, ഗ്രീസ് എന്നിവയെ സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴില്‍ കൊണ്ടുവന്നു.

സാമ്രാജ്യം വികസിച്ചപ്പോള്‍ സമുദ്രങ്ങള്‍ പടനീക്കങ്ങള്‍ക്ക് തടസ്സമായി. ഇത് പരിഹരിക്കാന്‍ മുഹമ്മദ് രണ്ടാമന്‍ നാവികസേനയെ ശക്തിപ്പെടുത്തി. നാവികസേനക്ക് മറ്റു പല രാജ്യങ്ങളുടെയും കപ്പലുകളായിരുന്നു അതുവരെ ഉപയോഗിച്ചിരുന്നത്. ഇറ്റലിയുടെ ചില ഭാഗങ്ങളും ക്രീമിയയും കീഴടക്കിയത് ഈ നാവികപ്പടയായിരുന്നു.

വിദ്യാസമ്പന്നനായ മുഹമ്മദ് രണ്ടാമന്‍ തന്റെ സാമ്രാജ്യത്തില്‍ വിജ്ഞാന വിപ്ലവം സാധ്യമാക്കി. ഉന്നതനിലവാരമുള്ള സ്‌കൂളുകള്‍ സ്ഥാപിച്ചു. ഭാഷ, സാഹിത്യം, ഗണിതശാസ്ത്രം, എഞ്ചിനീയറിങ്, ഗോളശാസ്ത്രം തുടങ്ങിയവ പഠിപ്പിച്ചു. പരീക്ഷാ സമ്പ്രദായം തുടങ്ങി ഖുര്‍ആന്‍, പ്രവാചകചര്യ, കര്‍മശാസ്ത്രം എന്നിവയും പഠിപ്പിച്ചു.

സ്‌കൂളുകളോട് ചേര്‍ന്ന് ലൈബ്രറികളും ഹോസ്റ്റലുകളും നിര്‍മിച്ചു. പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി.

വിവിധ ഭാഷകളില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം നടത്തി. വലിയ ഗ്രന്ഥാലയങ്ങളും ഒരുക്കി. കോണ്‍സ്റ്റാന്റിനോപ്പിളിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും തുര്‍ക്കി ശില്പചാതുരിയില്‍ പണിത പള്ളികള്‍, ആശ്രമങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവയും മുഹമ്മദ് രണ്ടാമന്റെ ഓര്‍മകളെ ഇന്നും ദീപ്തമാക്കുന്നു.

ചില ദോഷങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കൂടിയാലോചന, അനുരഞ്ജനം എന്നിവ ഇഷ്ടപ്പെട്ടില്ല. ചക്രവര്‍ത്തിക്ക് തന്റെ സഹോദരന്മാരെ വധിക്കാന്‍ അനുവാദം നല്‍കുന്ന നിയമനിര്‍മാണം (അധികാര വടംവലിയും അതുവഴിയുണ്ടാകുന്ന യുദ്ധങ്ങളും ഒഴിവാക്കല്‍) എന്നിവ ഉദാഹരണം.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446