Skip to main content

മുഹമ്മദ് ഒന്നാമന്‍

ബായസീദിന്റെ നിര്യാണത്തോടെ (ക്രി. 1402) ഉസ്മാനിയ സാമ്രാജ്യം തകര്‍ച്ചയുടെ വക്കിലെത്തുന്ന അവസ്ഥ വന്നു. ബായസീദിന്റെ അഞ്ചുമക്കളില്‍ മൂന്നുപേര്‍ അധികാര വടംവലി തുടങ്ങി.

വലിയ മകന്‍ സുലൈമാന്‍ എഡ്രിയ അസ്ഥാനമാക്കി യൂറോപ്യന്‍ മേഖല പിടിച്ചു. രണ്ടാമന്‍ ഈസ ബര്‍സയില്‍ സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചു. ചെറിയവന്‍ മുഹമ്മദ് ഒന്നാമന്‍ അമാസ്യയിലെ ഭരണവും പിടിച്ചു. പിന്നീട് ഇവര്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നതാണ് കണ്ടത്.

മുഹമ്മദിന്റെ സഹായത്തോടെ മറ്റൊരു സഹോദരനായ മൂസ ആദ്യം ബര്‍സയില്‍ നിന്ന് ഈസയെയും പിന്നീട് അഡ്രിനായില്‍ നിന്ന് സുലൈമാനെയും തുരത്തിയോടിച്ചു. ഇതിനിടെ ഗ്രീസിനെയും കോണ്‍സ്റ്റോനോപ്പിളിനെയും ആക്രമിച്ചുകൊണ്ടിരുന്നു. മൂസായുടെ പുരോഗമനവാദം മുസ്‌ലിംകളെ അകറ്റിയത്  അദ്ദേഹത്തിന് ക്ഷീണമായി. ബൈസന്ത്യന്‍ ചക്രവര്‍ത്തിയെ കൂട്ടുപിടിച്ച് മുഹമ്മദ് ഒന്നാമന്‍ മൂസായെ അക്രമിച്ചു. ഇതിനുപുറമെ എഡ്രിന പിടിക്കാന്‍ 1413ല്‍ പടനീക്കവും നടത്തി. ഈ യുദ്ധത്തില്‍ മൂസ വധിക്കപ്പെട്ടതോടെ മുഹമ്മദ് ഒന്നാമന്‍ ഐക്യ ഉസ്മാനിയ ഖിലാഫത്തിന്റെ അഞ്ചാം സുല്‍ത്താനായി വാഴിക്കപ്പെട്ടു(ക്രി.1413-1421)
.

ആഭ്യന്തര യുദ്ധത്തിന്റെ മറവില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബള്‍ഗേറിയ, സെര്‍ബിയ, ഫലാഖ് എന്നിവയടക്കമുള്ള പ്രവിശ്യകള്‍ മുഹമ്മദ് തിരിച്ചുപിടിച്ചു. തുര്‍ക്കികളുടെ വിശ്വസ്തപടയായ ഗാസികള്‍ തന്നെയാണ് മുഹമ്മദിനെ ഇതിന് സഹായിച്ചത്.

മുഹമ്മദ് ധീരനായ പടയാളിയും വിശാല മനസ്‌കനും നീതിമാനുമായ ഭരണാധികാരിയുമായിരുന്നു. ഉസ്മാനീ ഖിലാഫത്തിനു കീഴില്‍ സാഹിത്യാഭിരുചിയും സാംസ്‌കാരിക മുന്നേറ്റവും ഉണ്ടായത് ഇക്കാലത്താണ്. മക്ക, മദീന എന്നിവിടങ്ങളിലെ സാധുക്കളെ സഹായിക്കാന്‍ വര്‍ഷംതോറും പണം കൊടുത്തയക്കുമായിരുന്നു മുഹമ്മദ്.

ക്രി. 1421ല്‍ 41-ാം വയസ്സിലായിരുന്നു ഉസ്മാനിയ ഖിലാഫത്തിന് പുനര്‍ജന്മം നല്‍കിയ സുല്‍ത്താന്റെ നിര്യാണം.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446