Skip to main content

സുലൈമാന്‍ രണ്ടാമന്‍

മുഹമ്മദ് നാലാമനും ശക്തരായ പ്രധാനമന്ത്രിമാരായ മുഹമ്മദ് പാഷാ കോപ്രീലി, ഫസ്ല്‍ അഹ്മദ് കോപ്രീലി എന്നിവരും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഉസ്മനിയാ സാമ്രാജ്യത്തെയാണ് സുലൈമാന്‍ രണ്ടാമന്‍ നയിച്ചത് (ക്രി.1687-1691). സുല്‍ത്താന്‍ ഇബ്‌റാഹഹീമിന്റെ മകനായി 1642 ഏപ്രില്‍ 15ന് സുലൈമാന്‍ ജനിച്ചു.

ജനിച്ചതു മുതല്‍ അധികാരമേറുന്നതുവരെ സുലൈമാന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ആഡംബരക്കൊട്ടാരത്തില്‍ വീട്ടുതടവിലായിരുന്നു. സഹോദരന്‍ മുഹമ്മദ് നാലാമന്റെ കല്പനപ്രകാരമായിരുന്നു അത്.

1687 നവംബര്‍ 8ന് സുല്‍ത്താനായി അവരോധിക്കപ്പെട്ടു സുലൈമാന്‍. പോപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിശുദ്ധ സഖ്യമുണ്ടാക്കി ഉസ്മാനിയാ സാമ്രാജ്യത്തെ കടന്നാക്രമിച്ച ഘട്ടമായിരുന്നു അത്. സുലൈമാന്‍ രണ്ടാമന്‍ ആദ്യം സൈന്യത്തെ കൈയിലെടുത്തു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മുസ്തഫ പാഷയെ മാറ്റി പകരം മുസ്തഫാ കോപ്രീലിയെ നിയമിച്ചു. ഇതിനിടെ ബല്‍ഗ്രേഡും സെര്‍ബിയയുടെ ചില ഭാഗങ്ങളും 'വിശുദ്ധ സഖ്യം' കൈവശപ്പെടുത്തിയിരുന്നു.

1690ല്‍ ബള്‍ഗേറിയ, മാസിഡോണിയ, സെര്‍ബിയ എന്നിവിടങ്ങളിലേക്കുള്ള ആസ്ട്രിയന്‍ കടന്നുകയറ്റത്തെ മുസ്തഫ കോപ്രീലി പ്രതിരോധിച്ചു.

ഡല്‍ഹിയിലെ മുഗള്‍ സാമ്രാജ്യവുമായി സുലൈമാന് അടുത്ത ബന്ധമുണ്ടായിരുന്നു. ഉസ്മാനിയ-ആസ്ട്രിയ യുദ്ധത്തില്‍ ഔറംഗസീബിന്റെ സഹായം തേടിയെങ്കിലും മറാത്തക്കാരുമായുള്ള ഡെക്കാന്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ ഔറംഗസീബിന് സുലൈമാനെ സഹായിക്കാനായില്ല.

1691 ജൂണ്‍ 23ന് സുലൈമാന്‍ രണ്ടാമന്‍ നിര്യാതനായി.


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446