ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഉസ്മാനിയാ സാമ്രാജ്യത്തെ നയിച്ച ആദ്യ സുല്‍ത്താനായിരുന്നു മുഹമ്മദ് അഞ്ചാമന്‍ (ക്രി.1909-1918). തുര്‍ക്കിയുടെ 35-ാമത്തെ സുല്‍ത്താനായ മുഹമ്മദ് 1844ലാണ് ജനിച്ചത്. പിതാവ് സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്‍.
പ്രതിവിപ്ലവത്തിലൂടെ അബ്ദുല്‍ ഹമീദ് രണ്ടാമനെ പുറത്താക്കിയ ജനാധിപത്യവാദികളാണ് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ 65കാരന്‍ മുഹമ്മദ് അഞ്ചാമനെ 1909ല്‍ സുല്‍ത്താനായി അവരോധിച്ചത്. ഭരണഘടനാ വിധേയനായ രാഷ്ട്രത്തലവനാണ് സുല്‍ത്താനെങ്കിലും അതൊരു അലങ്കാര പദവി മാത്രമായിത്തീര്‍ന്നു; മുഹമ്മദ് അഞ്ചാമന്‍ മുതല്‍.
ഇദ്ദേഹത്തിന്റെ ഒമ്പതു വര്‍ഷത്തെ ഭരണകാലം സംഭവ ബഹുലമായിരുന്നു. 1911ല്‍ ഇറ്റലി ലിബിയയെ അക്രമിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്തു. 1913 ഓടെ ബാള്‍ക്കല്‍ മേഖലയിലെ ബള്‍ഗേറിയ, ഗ്രീസ്, സെര്‍ബിയ, മോണ്ടിനഗ്രോ എന്നിവയും തുര്‍ക്കിയുടെ കീഴില്‍ നിന്ന് പൂര്‍ണമായും വേര്‍പ്പെട്ടു. യൂറോപ്പില്‍ പഴയ തലസ്ഥാനമായ അഡ്രിനയും നിലവിലുള്ള തലസ്ഥാനമായ ഇസ്തംബൂളും പിന്നെ സിറിയ, ഫലസ്തീന്‍, ഇറാഖ്, ഹിജാസ്, യമന്‍, അല്‍ അഹ്‌സ എന്നിവിടങ്ങളില്‍ ഉസ്മാനിയാ സാമ്രാജ്യം പരിമിതമായി. ഇദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ ഏറ്റവും പ്രധാനമായൊരു സംഭവ വികാസം 1914ല്‍ തുടങ്ങിയ ഒന്നാം ലോക മഹായുദ്ധമായിരുന്നു..
ജര്‍മനി-ആസ്ട്രിയ-ഹംഗറി അച്ചുതണ്ടിനൊപ്പം നിലകൊണ്ട തുര്‍ക്കി, മറുഭാഗത്തുണ്ടായിരുന്ന റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് ശക്തികളെ നേരിട്ടു. മുസ്ലിംകളുടെ ഖലീഫയായ തന്നെ സഹായിക്കുകയും തന്നെ എതിര്‍ക്കുന്നവരെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് ലോകമെങ്ങുമുള്ള മുസ്‌ലിംകളുടെ കടമയാണെന്ന് സുല്‍ത്താന്‍ വാദിച്ചു. ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇസ്്‌ലാമിന്റെ ശത്രുക്കളായതിനാല്‍, അവര്‍ക്കെതിരിലുള്ള ജിഹാദ് ആ രാജ്യങ്ങളിലുള്ളവരടക്കമുള്ള മുസ്ലിംകളുടെ ബാധ്യതയാണെന്ന് ഇസ്തംബൂളിലെ മുഫ്തി ഫത്വ്‌വ പുറപ്പെടുവിക്കുകയുണ്ടായി. അറബികളെ തന്ത്രത്തില്‍ കൂടെ നിര്‍ത്തിയ ബ്രിട്ടണ്‍ ഉസ്്മാനിയ സാമ്രാജ്യത്തിനെതിരെ അവരെ തിരിച്ചുവിട്ടു.
1918 ജൂലൈ മൂന്നിന് മുഹമ്മദ് അഞ്ചാമന്‍ നിര്യാതനായി. 75-ാം വയസ്സില്‍ ലോകയുദ്ധത്തില്‍ ജര്‍മനി സഖ്യം തോറ്റതും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് തുര്‍ക്കിയെ ഓഹരിവെച്ചതും അദ്ദേഹത്തിന് കാണേണ്ടിവന്നില്ല. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് 1919ലായിരുന്നു.