Skip to main content

മുഹമ്മദ് പാഷാ കോപ്രീലി

പതിനേഴാം നൂറ്റാണ്ടില്‍ മധ്യകാലത്തോടെ സുലൈമാന് ശേഷം ഉസ്മാനിയാ സാമ്രാജ്യം നാശത്തിലേക്കുള്ള പ്രയാണം തുടങ്ങുകയും മുഹമ്മദ് നാലാമന്റെ കാലത്ത് അത് പൂര്‍ണമാവുകയും ചെയ്യുമെന്ന നിര്‍ണായകവേളയിലാണ് ചരിത്രത്തിലിടം പിടിച്ച സാമ്രാജ്യത്തിന് പുനര്‍ജന്മം നല്‍കിയ കരുത്തനായി മുഹമ്മദ് പാഷ കൊപ്രീലി രംഗം വാണത്.

ക്രി. 1575ല്‍ അല്‍ബേനിയയിലെ റോഷ്‌നികില്‍ നിര്‍ധന കുടുംബത്തില്‍ പിറന്ന മുഹമ്മദ് തുര്‍ക്കി സുല്‍ത്താന്‍മാരുടെ അടുക്കള സേവകനായിരുന്നു. ഏറ്റെടുക്കുന്ന ജോലിയില്‍ മികവു കാട്ടിയ യുവാവിനെ സുല്‍ത്താന്‍മാര്‍ അംഗീകരിച്ചു. ശിപായി, ശിപായി വിഭാഗം തലവന്‍, പോലീസ് തലവന്‍, പാഷ പദവി എന്നിവയിലെത്തിയ മുഹമ്മദ് ഒടുവില്‍ പ്രവിശ്യകളില്‍ ഗവര്‍ണറുമായി.

1950ല്‍ അനാത്തോലിയ ഗവര്‍ണറായിക്കെ സുല്‍ത്താന്‍ മുഹമ്മദ് നാലാമന്റെ മാതാവ് മുഹമ്മദിനെ ശ്രദ്ധിച്ചു. ആറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മകനെ സുല്‍ത്താനാക്കി സൈന്യം നാടുഭരിക്കുന്ന കാലമായിരുന്നു അത്. അനിഷ്ടമുള്ളവരെ കൊന്നും അഴിഞ്ഞാടിയും സൈന്യം നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു. യൂറോപ്യന്‍ പ്രവിശ്യകള്‍ സ്വാതന്ത്ര്യ പ്രഖ്യാപന ഭീഷണിയുയര്‍ത്തി. നാട്ടില്‍ ഭക്ഷ്യക്ഷാമം. ചുരുക്കത്തില്‍ ഉസ്മാനിയ ഖിലാഫത്ത് തകര്‍ച്ചയുടെ വക്കിലെത്തിയ നിര്‍ണായക വേള.

1656ല്‍ സുല്‍ത്താന്‍ മുഹമ്മദ് നാലാമനും മാതാവ് തുര്‍ഹാന്‍ സുല്‍ത്താനെയും അനാത്തോലിയ ഗവര്‍ണര്‍ മുഹമ്മദ് പാഷയെ തിരിച്ചുവിളിച്ചു. സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു, പൂര്‍ണ അധികാരങ്ങളും നല്‍കി.

വെറും അഞ്ചുവര്‍ഷം കൊണ്ട് മുഹമ്മദ് കൊപ്രീലി എന്ന 81-കാരന്‍ ഉസ്മാനിയ സാമ്രാജ്യത്തിന് പുതുജീവനേകി. സൈന്യത്തെ അദ്ദേഹം നിലക്കു നിര്‍ത്തി. അവരിലെ കുഴപ്പക്കാരെ തെരഞ്ഞുപിടിച്ച് ശിക്ഷ നല്‍കി. ആഭ്യന്തര കലാപത്തിന് നേതൃത്വം കൊടുത്ത അര്‍വാമിലെ പാത്രിയാര്‍ക്കീസിനെത്തന്നെയും അദ്ദേഹം തൂക്കിക്കൊന്നു. സുല്‍ത്താന്‍ എല്ലാം അംഗീകരിച്ചു. സ്വതന്ത്രമായി കാര്യങ്ങള്‍ നടത്താന്‍, മുഹമ്മദ് നാലാമനെ കോപ്രീലി പഴയ തലസ്ഥാനമായ അഡ്രിയാനോപ്പിളിലേക്ക് അയക്കുകയായിരുന്നു. സൈന്യത്തെ ജാനിസാരികളെ മാത്രം അദ്ദേഹം കൂട്ടുപിടിച്ചു. രണ്ടുവര്‍ഷംകൊണ്ട് സാമ്രാജ്യത്തിനകം ശാന്തമായി.

1657ല്‍ സൈന്യത്തിന്റെ സമുദ്രഗതാഗതത്തിന് തടസ്സം നിന്നിരുന്ന വെനീസിയന്‍ വെല്ലുവിളിയെ നേരിടുകയും അവരുടെ കപ്പലുകളെ തുരത്തുകയും ചെയ്തു. 1658ല്‍ ട്രാന്‍സില്‍വനിയയിലെ ജോര്‍ജ് രണ്ടാമന്റെ കൈയേറ്റത്തിനുള്ള ഫ്രാന്‍സിന്റെ ശ്രമം പൊളിച്ചു. അലപ്പോയില്‍ അട്ടിമറിനീക്കം നടത്തിയ ഹസന്‍ പാഷയെ നിയന്ത്രിച്ചു. അതിനിടെ നാടിനെ ദുരന്തത്തിലേക്ക് തള്ളിവിട്ട പ്ലേഗിനെ കാര്യക്ഷമതയോടെ അതിജീവിച്ചു.

1661 ഒക്‌ടോബര്‍ 31ന് അന്ത്യയാത്രയാവുമ്പോള്‍, കെട്ടുറപ്പുള്ള, സമാധാനപൂര്‍ണമായ ഒരു സാമ്രാജ്യത്തെ കൊപ്രീലി സുല്‍ത്താന്‍ മുഹമ്മദ് നാലാമനെ ഏല്പിച്ചു. മൂന്ന് ഉപദേശങ്ങളും ഒപ്പം നല്‍കി. 1. ധനകാര്യം ഒരിക്കലും സമ്പന്നനായ മന്ത്രിയെ ഏല്പിക്കരുത്. 2. ഭരണത്തില്‍ സ്ത്രീയുടെ അഭിപ്രായം സ്വീകരിക്കരുത്. 3. തന്റെ മകന്‍ കൊപ്രീലി ഫസ്ല്‍ അഹ്മദിനെ അടുത്ത പ്രധാനമന്ത്രിയാക്കണം. സുല്‍ത്താന്‍ നിര്‍ദ്ദേശങ്ങള്‍ അപ്പടി സ്വീകരിച്ചു.


 

Feedback