മുസ്‌ലിംകള്‍ കിഴക്കന്‍ യൂറോപ്പിലേക്ക് കാലെടുത്തുവെക്കുകയും ഉസ്മാനിയാ ഖിലാഫത്തിന് അപ്രതിരോധ്യമായ അടിത്തറയുണ്ടാവുകയും ചെയ്ത കാലമാണ് ഊര്‍ഖാന്‍ ഗാസിയുടേത് (ക്രി.1326-1362). മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഭരണം കഴിഞ്ഞ് ഊര്‍ഖാന്‍ അന്ത്യയാത്രയാവുമ്പോള്‍ പിതാവ് ഉസ്മാന്‍ ഗാസി ഏല്പിച്ചുകൊടുത്ത സാമ്രാജ്യത്തെ മൂന്നിരട്ടി വിസ്തൃതമാക്കി മാറ്റിയിരുന്നു മകന്‍.
ഭരണമേറ്റ ഉടനെ തലസ്ഥാനം ഏഷ്യാമൈനറിലെ ബൂര്‍സയിലേക്ക് മാറ്റി. റോമാ സാമ്രാജ്യത്തിനു കീഴിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കാന്‍ ഈ തലസ്ഥാനമാറ്റം ആവശ്യമായിരുന്നു. ഇതുഫലം കാണുകയും ചെയ്തു.
ക്രി. 1331ല്‍ നിക്കിയ, 1337ല്‍ നിക്കോമെഡിയ, 1345 ആയപ്പോഴേക്കും ഈജിയന്‍ കടല്‍ മുതല്‍ കരിങ്കടല്‍ വരെയുള്ള ഏഷ്യാമൈനറിന്റെ ഭൂരിഭാഗവും ഉസ്മാനികളുടെ പിടിയിലൊതുങ്ങി. ഇതോടെ ഉസ്മാനിയ സാമ്രാജ്യത്തിനും യൂറോപ്പിനും ഇടയില്‍ മര്‍മറാ കടല്‍ മാത്രമായി.
1354ല്‍ അങ്കാറയും അധീനമായി. ഇതിനിടയിലാണ് ബള്‍ഗേളിയ കോണ്‍സ്റ്റാന്റിനേപ്പിള്‍ ആക്രമിക്കാനൊരുങ്ങിയത്. റോമാ ചക്രവര്‍ത്തി സഹായം തേടി ഊര്‍ഖാനെ സമീപിച്ചു. ബന്ധം ഊഷ്മളമാക്കാന്‍ പുത്രിയെ ഊര്‍ഖാന് വിവാഹം കഴിച്ചു നല്‍കുകയും ചെയ്തു. സഹായ സൈന്യത്തെ അയച്ചുകൊടുത്തെങ്കിലും യുദ്ധം നടന്നില്ല. യൂറോപ്പിലെ അരക്ഷിതാവസ്ഥ ഇതുവഴി ഊര്‍ഖാന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ക്രി. 1357ല്‍ പുത്രന്‍ സുലൈമാന്റെ നേതൃത്വത്തില്‍ കിഴക്കന്‍ യൂറോപ്പിലേക്ക് അദ്ദേഹം സൈന്യത്തെ അയച്ചു. ഗാലിപ്പോളി മേഖല പിടിച്ചടക്കി ഉസ്മാനികള്‍ യൂറോപ്പിലേക്കുള്ള വഴി തുറന്നു.
യനീച്ചരി (ഇന്‍കിസാരിയ്യ) എന്ന പേരിലുള്ള സൈനിക വ്യൂഹമായിരുന്നു ഉസ്മാനികളുടെ ശക്തിദുര്‍ഗം. അടിമകളില്‍ നിന്ന് കരുത്തും ബുദ്ധിയുമുള്ളവരെ മാത്രം തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയ സാഹസികരായ ഇവര്‍ തുര്‍ക്കി ദിഗ്വിജയത്തെ സുഗമമാക്കി. യൂറോപ്യരെ വിറപ്പിച്ചത് ഈ പടതന്നെ. ഊര്‍വാനാണ് ഇവരെ ഒരുക്കിയെടുത്തത്.
ലാളിത്യംകൊണ്ടും ജനക്ഷേമ തത്പരത കൊണ്ടും തുര്‍ക്കികളുടെ മാനസപുത്രനായ ഊര്‍ഖാന്‍ ക്രി. 1362ല്‍ നിര്യാതനായി.