Skip to main content

മഹ്മൂദ് രണ്ടാമന്‍

ഉസ്മാനിയ ഖിലാഫത്തിലെ 30-ാമത്തെ സുല്‍ത്താനാണ് അബ്ദുല്‍ ഹമീദ് ഒന്നാമന്റെ  മകന്‍ മഹ്മൂദ് രണ്ടാമന്‍ (ക്രി.1808-1839). അര്‍ധ സഹോദരന്‍ മുസ്തഫ നാലാമനെ കലാപകാരികള്‍ പുറത്താക്കിയതിനു പിന്നാലെയാണ് ക്രി. 1808ല്‍ മഹ്മൂദ് രണ്ടാമന്‍ ഭരണമേല്‍ക്കുന്നത്.

മുസ്തഫ നാലാമന്‍ അധികാരത്തിലേറിയ ഉടന്‍ മുന്‍ഗാമിയായ സലീം മൂന്നാമനെയും ഒപ്പം അര്‍ധ സഹോദരനും കിരീടാവകാശിയുമായ മഹ്മൂദ് രണ്ടാമനെയും വധിക്കാനുത്തരവിട്ടു. സലിം മൂന്നാമനെ വധിച്ചെങ്കിലും മഹ്മൂദ് രണ്ടാമനെ മാതാവ് രക്ഷപ്പെടുത്തുകയാണുണ്ടായത്. ഇതേ മുസ്തഫ നാലാമനെ പിന്നീട് വധിച്ചത് മഹ്മൂദ് രണ്ടാമനാണെന്നത് മറ്റൊരു വിധി.

31 വര്‍ഷത്തെ മഹ്മൂദ് രണ്ടാമന്റെ ഭരണകാലം സംഭവ ബഹുലമാണ്. ക്രി. 1803ല്‍ മക്ക, മദീന, ത്വാഇഫ് എന്നീ പ്രവിശ്യകള്‍ തുര്‍ക്കികളില്‍ നിന്ന് സലഫികള്‍ (ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെ പ്രബോധനം ഉള്‍ക്കൊണ്ടവര്‍) അബ്ദുല്ലാഹിബ്‌നു സുഊദിന്റെ നേതൃത്വത്തില്‍ കൈയടക്കിയിരുന്നു. എന്നാല്‍ 1812ല്‍ മദീനയും 1813ല്‍ മക്കയും തുര്‍ക്കികള്‍ തിരിച്ചു പിടിച്ചു. ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷയാണ് ഇതിന് നേതൃത്വം നല്‍കിയത്.

ഇതിനിടെ തുര്‍ക്കിയുടെ കീഴില്‍ നിന്ന് കുതറി മാറാന്‍ ഗ്രീസ് ശ്രമിച്ചു. അവര്‍ ആസൂത്രിതമായി യുവാക്കളെ ഒരുക്കുകയും വന്‍ സൈന്യത്തെ തയ്യാറാക്കുകയും ചെയ്തു. സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യത്തിന് ശ്രമിച്ച ഗ്രീസുകാരെ പാഠം പഠിപ്പിക്കാനും മുഹമ്മദലി പാഷയെത്തന്നെ ചുമതലപ്പെടുത്തി.  ഗ്രീസ്  വരുതിയിലാക്കിയെങ്കിലും തന്ത്രപരമായ കരാറിലൂടെ റഷ്യ ഈ യുദ്ധത്തിന് വിരാമമിട്ടു. 1827ല്‍ പിന്നീട് ഗ്രീസിന് സ്വാതന്ത്ര്യം നല്‍കേണ്ടി വന്നു.

എന്തിനും ഈജിപ്തിനെ ആശ്രയിക്കേണ്ടിവന്നതോടെ അതേ മാതൃകയില്‍ തുര്‍ക്കി സൈന്യത്തെയും പുനഃസംഘടിപ്പിക്കാന്‍ മഹ്മൂദ് രണ്ടാമന്‍ പദ്ധതി തയ്യാറാക്കി. എന്നാല്‍ ജാനിസാരികള്‍ ഇത്തവണയും എതിര്‍ത്തു. 1826ല്‍ ജാനിസാരികള്‍ക്കു നേരെ സുല്‍ത്താന്‍ തന്നെ പട നയിച്ചു. മഹ്മൂദ് രണ്ടാമനെ പുറന്തള്ളാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്ന അവരെ പുര്‍ണമായും പിരിച്ചുവിടുകയും ചെയ്തു. ഹുസൈന്‍ പാഷ എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ 1,20,000 പേരടങ്ങുന്ന പുതിയ വ്യവസ്ഥാപിത സൈന്യത്തെ സംഘടിപ്പിക്കാനും കഴിഞ്ഞു.

അത്യാധുനിക സംവിധാനങ്ങളോടെയുള്ള യുദ്ധക്കപ്പലുകളടങ്ങുന്ന വന്‍ നാവിക സൈന്യത്തെയും മഹ്മൂദ് രണ്ടാമന്‍ ഒരുക്കി.

സിവില്‍ സര്‍വീസും കാര്യക്ഷമമായത് ഇക്കാലത്തു തന്നെയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ അക്കാഡമികള്‍ തുറന്നു. തുര്‍ക്കി ഭാഷില്‍ ആദ്യമായി ഉദ്യോഗസ്ഥര്‍ക്ക് വായിക്കാനായി 'തഖ്‌വിമേ വഖാഇ' എന്ന പേരില്‍ പത്രം അടിച്ചിറക്കി.

സുല്‍ത്താന്‍മാര്‍ ധരിച്ചിരുന്ന തലപ്പാവ് മാറ്റി ആദ്യം തൊപ്പി ധരിച്ചതും മഹ്മൂദ് രണ്ടാമനാണ്. യൂറോപ്യന്‍ പരിഷ്‌കരണ ഭ്രമത്തെ എതിര്‍ത്ത ബക്താശിയ ത്വരീഖത്തിനെ നിരോധിക്കുകയും അവരുടെ തഖിയകള്‍ തകര്‍ക്കുകയും ചെയ്തു.

ഗ്രീസ്, പലേഷ്‌യ, ദമാനിയ, സെര്‍ബിയ എന്നിവ നഷ്ടപ്പെട്ട് തുര്‍ക്കി ശുഷ്‌കിച്ചതും ഇക്കാലത്തു തന്നെ. അള്‍ജീരിയയെ ഫ്രാന്‍സും കീഴടക്കി.

1839ല്‍ ജൂലായ് 6ന് (ഹി. 1255 റബീഉല്‍ ഉഖ്‌റാ 19) ടി ബി രോഗം പിടിപെട്ടായിരുന്നു മഹ്്മൂദ് രണ്ടാമന്റെ മരണം.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446