കേവലം 90 ദിവസം അധികാരത്തൊപ്പി തലയില്‍ ചൂടിയ ഉസ്മാനിയ സുല്‍ത്താനാണ് മുറാദ് അഞ്ചാമന്‍ (ക്രി.1876 മെയ്-1876 ആഗസ്റ്റ്). സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ മകനായ മുറാദ് അഞ്ചാമന്‍ മുന്‍ഗാമി അബ്ദുല്‍ അസീസിന്റെ മരണത്തെ തുടര്‍ന്നാണ് തുര്‍ക്കി ഖിലാഫത്തിന്റെ 33-ാം സുല്‍ത്താനായി സ്ഥാനമേറ്റത്. 1876 മെയ് 30ന് അധികാരമേറ്റ ഇദ്ദേഹം അതേ വര്‍ഷം ആഗസ്റ്റ് 31ന് തന്നെ നിഷ്‌കാസിതനാവുകയും ചെയ്തു. വിദ്യാസമ്പന്നനും സമാധാന പ്രേമിയും മിതവ്യയ ശീലനുമെല്ലാമായിരുന്നു മുറാദ്.
തുര്‍ക്കി ആഭ്യന്തര ശൈഥില്യത്താല്‍ വീര്‍പ്പുമുട്ടിയ സാഹചര്യത്തിലായിരുന്നു മുറാദ് അഞ്ചാമന്റെ ആരോഹണം. എന്നാല്‍, രാജ്യത്തിന്റെ വഷളായ അവസ്ഥ നന്നാക്കിയെടുക്കാന്‍ കഴിയില്ലെന്ന നിരാശയും രണ്ടു മന്ത്രിമാരുടെ വധവും എതിര്‍പ്പുകളുടെ ക്രൂരതയും എല്ലാം ഒത്തുചേര്‍ന്നു അദ്ദേഹത്തിന്റെ മാനസികാവസ്ഥ അവതാളത്തിലാക്കി. അധികാരമേറ്റ് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്ക് ഇത് സംഭവിച്ചു. പ്രതിയോഗികള്‍ക്ക് അദ്ദേഹത്തെ താഴെയിറക്കാന്‍ ഇത് വഴിയൊരുക്കി.
മാനസികനില തെറ്റിയതിനാല്‍ ശൈഖുല്‍ ഇസ്‌ലാമിന്റെ ഫത്‌വയെത്തുടര്‍ന്നാണ് മുറാദ് അഞ്ചാമനെ സ്ഥാനത്തു നീക്കിയതെന്നും പക്ഷമുണ്ട്. പിന്നെയും കുറെക്കാലം ജീവിച്ച അദ്ദേഹം ക്രി. 1904ലാണ് അന്തരിച്ചത്.