ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുവേണ്ടികര്‍മസരണിയൊരുക്കിയ പണ്ഡിത ശ്രേഷ്ഠനായിരുന്നു പി എന്‍ അഹ്മദ് മുസ്‌ല്യാര്‍. പി എന്‍ മുഹമ്മദ് മൗലവിയുടെ സഹോദരനാണ്. വാഴക്കാട് ദാറുല്‍ ഉലൂമിലായിരുന്നു വിദ്യാഭ്യാസം. ചാലിലകത്തിന്റെ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും മറ്റാരേക്കാളും മുന്നില്‍ നിന്ന് അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. മലപ്പുറം ജില്ലയിലെ പുളിക്കലില്‍ ആണ് ജനനം.
1910ല്‍ പുളിക്കല്‍ വെച്ച് ചാലിലകത്തും യാഥാസ്ഥിതിക പണ്ഡിതന്മാരും തമ്മില്‍ നടന്ന പ്രമാദമായ ഖിബ്‌ലാ വാദത്തെക്കുറിച്ചുള്ള 'ഇശ്ത്തിഹാര്‍' (വിളംബരം) പ്രസിദ്ധപ്പെടുത്തി യത് അദ്ദേഹമാണ്. ഈ സംവാദത്തിന് ശേഷം കേരളത്തിലെ നിരവധി പള്ളികളില്‍ കുഞ്ഞഹമ്മദ് ഹാജി നിര്‍ദേശിച്ച പ്രകാരം ഖിബ്‌ല മാറ്റുകയുണ്ടായി. മത ഭക്തനും പരിഷ്‌കര്‍ത്താവുമായിരുന്ന അഹ്മദ് മുസ്‌ല്യാര്‍ യാഥാസ്ഥിതികരുടെ നിരവധി എതിര്‍പ്പുകള്‍ക്ക് വിധേയനായിരുന്നു. പക്ഷെ, സത്യത്തിന്റെ വഴിയില്‍ നിലകൊണ്ട അദ്ദേഹം എതിര്‍പ്പുകളെ തൃണവല്‍ഗണിച്ച് മുന്നോട്ടു നീങ്ങി.
1933 ല്‍ അദ്ദേഹം അന്തരിച്ചു. ചാലിലകത്തിന്റെ പുരോഗമനാശയങ്ങളെ ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുകയും പില്ക്കാലക്കാര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ അതിനെ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു ജീവിതാന്ത്യം വരെയുള്ള തന്റെ പ്രവര്‍ത്തനങ്ങളിലൂടെ അഹ്മദ് മുസ്‌ല്യാര്‍ ചെയ്തത്.