Skip to main content

അബ്ബാസ് ത്വയ്യിബ്ജി

സ്വാതന്ത്ര്യ പോരാട്ടത്തിലേക്കുള്ള വിളി വന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ സമ്മാനിച്ച ജഡ്ജിയുദ്യോഗവും പദവികളും വലിച്ചെറിഞ്ഞ് സമരഭൂമിയിലേക്ക് ഇറങ്ങിയ നേതാവായിരുന്നു അബ്ബാസ് ത്വയ്യിബ്ജി. മഹാത്മാഗാന്ധിക്ക് തൊട്ടുപിറകിലുള്ള ലീഡറായിരുന്നു അദ്ദേഹം. 1930 ലെ ഉപ്പുസത്യാഗ്രഹ സമയത്ത്, ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്തു കൊണ്ടു പോകും എന്ന ഘട്ടം വന്നപ്പോള്‍ ഗാന്ധിജി നേതൃസ്ഥാനം ഏല്‍പ്പിച്ചത് അബ്ബാസ് ത്വയ്യിബ്ജിയെയായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം നേതൃചുമതല വഹിക്കുകയും ചെയ്തു.

ഗുജറാത്തിലെ ബറോഡയില്‍, സമ്പന്ന മുസ്‌ലിം കുടുംബമായ സുലൈമാനി ബൊഹ്‌റ കുടുംബത്തില്‍ 1854 ഫെബ്രുവരി ഒന്നിനാണ് അബ്ബാസ് ത്വയ്യിബ്ജി ജനിച്ചത്. രാജകീയമായി ജീവിച്ച അദ്ദേഹം, ഇംഗ്ലണ്ടിലാണ് പഠിച്ചത്. പതിനൊന്നു വര്‍ഷം അവിടെ താമസിച്ചു. വസ്ത്രധാരണത്തിലും ആചാരമര്യാദകളിലും ഒരു തികഞ്ഞ ഇംഗ്ലീഷുകാരനായി മാറിയിരുന്നു. ആ സ്വാധീനത്താല്‍ തന്റെ മക്കളെയും ഇംഗ്ലണ്ടിലയച്ചാണ് ത്വയ്യിബ്ജി പഠിപ്പിച്ചത്. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ഏറ്റവും ഉയര്‍ന്ന പദവികളില്‍ നിയമിതനായി. ഒരു വക്കീലായിട്ടാണ് സര്‍വീസ് തുടങ്ങിയത്. ബറോഡ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനം പോലും അലങ്കരിച്ചു കൊണ്ടാണ് അദ്ദേഹം വിരമിക്കുന്നത്.

1917 ല്‍ മഹാത്മാഗാന്ധിയുടെ കൂടെ ഗോദ്രയിലെ ഒരു പൊതു സമ്മേളനത്തില്‍ പങ്കെടുത്തതാണ് ത്വയ്യിബ്ജിയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. 1919 ലെ ജാലിയന്‍ വാലാ ബാഗ് സംഭവത്തോടുകൂടി തന്റെ ഇംഗ്ലീഷ് ആചാരങ്ങളും വസ്ത്രങ്ങളും അദ്ദേഹം വലിച്ചെറിഞ്ഞു. ഇന്‍ഡിപെന്‍ഡന്റ് ഫാക്ട്- ഫൈന്‍സിങ്ങ് കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

ബ്രിട്ടീഷ് ആചാരങ്ങളും വസ്ത്രങ്ങളും ഉപേക്ഷിച്ച അദ്ദേഹം ഒരു തികഞ്ഞ ഗാന്ധി അനുയായിയായി മാറി. ഖാദിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു തുടങ്ങി. ഇന്ത്യയിലുടനീളം മൂന്നാം ക്ലാസ് ട്രെയിനില്‍ അബ്ബാസ് ത്വയ്യിബ്ജി സഞ്ചരിച്ചു. അഹിംസയുടെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കി കാല്‍ നടയായി ദീര്‍ഘദൂരം സഞ്ചരിച്ച ത്വയ്യിബ്ജി ചെറിയ സത്രങ്ങളിലും ആശ്രമങ്ങളിലുമാണ് അന്തിയുറങ്ങിയിരുന്നത്. എഴുപത് വയസ്സാകുന്നത് വരെ ആ ജീവിതരീതി തുടര്‍ന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വിദേശ വസ്ത്രങ്ങള്‍ അടങ്ങിയ വലിയ കാര്‍ഗോ വീട്ടിലെത്തി. ഭാര്യയും മക്കളുമൊക്കെ അവര്‍ക്കാവശ്യമുള്ളത് യഥേഷ്ടം തെരഞ്ഞെടുത്ത് കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ചെയ്തത് മുഴുവന്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ ബ്രിട്ടീഷുകാരോടുള്ള ദേഷ്യം.

ഉപ്പു സത്യാഗ്രഹത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ഗാന്ധിജിയുടെ കൂടെ നിന്ന ത്വയ്യിബ്ജി ഗാന്ധിജി അറസ്റ്റു ചെയ്യപ്പെട്ടതിനു പിന്നാലെ ധരാസന സത്യാഗ്രഹവുമായി മുന്നിട്ടിറങ്ങി. ഗുജറാത്തിലെ ധരാസനയിലുള്ള മാര്‍ച്ച് ആയിരുന്നു അത്. മുന്‍നിരയില്‍ അദ്ദേഹത്തിന്റെ കൂടെ കസ്തൂര്‍ബാ ഗാന്ധിയും സരോജിനി നായിഡുവുമുണ്ടായിരുന്നു. 1930 മെയ് 7നു തുടങ്ങിയ സത്യാഗ്രഹം ധാരാസനയിലെത്തുന്നതിനു മുന്‍പ് തന്നെ അബ്ബാസ് ത്വയ്യ്ബ്ജിയെയും 58 ആളുകളെയും ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ശേഷം ഈ മാര്‍ച്ചിന്റെ നേതൃത്വം സരോജിനി നായിഡു ഏറ്റെടുക്കുകയും ധാരാസനയിലേക്ക് സത്യാഗ്രഹികളെ നയിക്കുകയുംചെയ്തു. അവരും ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയായി. ഈ സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

'ഗുജറാത്തിലെ വന്ദ്യവയോധികന്‍' എന്നറിയപ്പെട്ട ഈ മഹാത്യാഗി 1936 ജൂണ്‍ 9 ന് മസൂരിയില്‍ വെച്ച് അന്തരിച്ചു.
്‌
 

Feedback