Skip to main content

ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍

 
കേരള മുസ്‌ലിംകള്‍ക്കിടയിലെ നവജാഗരണ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്ന പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യ സമര സേനാനിയുവ് ആയിരുന്നു പരീക്കുട്ടി മുസ്‌ല്യാര്‍. 

അവറാന്‍ കുട്ടി മൊല്ലയുടെ മകനായി 1876ല്‍ പരീക്കുട്ടി മുസ്‌ല്യാര്‍ താനൂരില്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക പഠനത്തിനു ശേഷം അയ്യായ ജുമുഅത്ത് പള്ളിയില്‍ പണ്ഡിതവര്യനായ അയ്യായ പൊട്ടേങ്ങള്‍ മുഹ്‌യിദ്ദീന്‍ മുസ്‌ല്യാരുടെ ദര്‍സില്‍ പഠനം നടത്തി. തുടര്‍ന്ന് താനൂര്‍ വലിയ കുളങ്ങര പള്ളിദര്‍സില്‍ ചേര്‍ന്നു. പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദര്‍സിലെത്തി. അക്കാലത്തെ പ്രശസ്ത പണ്ഡിതന്മാരായ പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്‌ല്യാര്‍ മഖ്ദൂമി, തുന്നം വീട്ടില്‍ മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവരുടെ കീഴില്‍ ഉപരിപഠനം നടത്തി.

അയ്യായ ജുമുഅത്ത് പള്ളി, വൈലത്തൂര്‍ ജുമുഅത്ത് പള്ളി, വലിയ കുളങ്ങര ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസ്, ഖത്തീബ് ശ്രേണികളില്‍ ശ്ലാഘനീയ സേവനം ചെയ്തു. രചനാരംഗത്തും പഠനരംഗത്തും നിറസാന്നിധ്യമായ അദ്ദേഹം സിലബസില്‍ കാലോചിത പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തി. പഠനാനന്തരം താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച് ആത്മീയരംഗത്ത് ചിരപ്രതിഷ്ഠ നേടി.

പരിഷ്‌കര്‍ത്താവ്
പുരോഗമന ആശയക്കാരനായ പരീക്കുട്ടി മുസ്‌ല്യാര്‍ മുസ്‌ലിം സമുദായ സമുദ്ധാരകനും പരിഷ്‌കര്‍ത്താവും (മുസ്‌ലിഹ്) ആയിരുന്നു. ജാറം നേര്‍ച്ചകള്‍ക്കും ചന്ദനക്കുടം ഉത്സവങ്ങള്‍ക്കും അനവധി അനാചാരങ്ങള്‍ക്കുമെതിരായി അദ്ദേഹം ശക്തമായി പ്രതികരിച്ചു. പെരുന്നാള്‍ ജുമുഅഃ നമസ്‌കാരങ്ങളിലെ ഖുത്ബകള്‍ മാതൃഭാഷയില്‍ വേണമെന്ന് അദ്ദേഹം നിരന്തരം വാദിച്ചുകൊണ്ടിരുന്നു. പി സെയ്താലിക്കുട്ടി മാസ്റ്ററുടെ 'സലാഹുല്‍ ഇഖ്‌വാന്‍' പത്രത്തില്‍ മുസ്‌ല്യാര്‍ സ്ഥിരം എഴുതിയിരുന്നു.

സ്വാതന്ത്ര്യസമരരംഗത്തേക്ക്
1920ല്‍ മഹാത്മജിയും മൗലാനാ ഷൗക്കത്തലിയും ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കോഴിക്കോട്ട് ചേര്‍ന്ന സമ്മേളനങ്ങളില്‍ സംബന്ധിക്കുകയും ഉമൈത്താന്റകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദര്‍ സാഹിബുമൊത്ത് ഈ നേതാക്കന്മാരെ സന്ദര്‍ശിച്ച് സംഭാഷണം നടത്തുകയും ചെയ്തിരുന്നു. 1921ലെ ഖിലാഫത്ത് വിപ്ലവത്തിലെ പ്രധാന നായകനായിരുന്നു പരീക്കുട്ടി മുസ്‌ല്യാര്‍. താനൂരിലെ ജനങ്ങള്‍ നിസ്സഹകരണത്തിനും ഖിലാഫത്തിനും വേണ്ടി ജാതി-മതഭേദമില്ലാതെ സംഘടിക്കാന്‍ മുഖ്യ കാരണം പരീക്കുട്ടി മുസ്‌ല്യാരുടെ ബുദ്ധിവൈഭവവും കുഞ്ഞിക്കാദര്‍ സാഹിബിന്റെ സംഘടനാ മികവുമായിരുന്നു. ഒരു നൂറ്റാണ്ടില്‍ അധികകാലം മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി നടത്തിയ സന്ധിയില്ലാത്ത സമരങ്ങളുടെ പരിസമാപ്തിയായിരുന്നല്ലോ 1921ലെ ഖിലാഫത്ത് വിപ്ലവം. ഈ ഐതിഹാസിക സമരത്തില്‍ താനൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ ആവേശത്തോടുകൂടി മുന്നേറിയിരുന്നത് പരീക്കുട്ടി മുസ്‌ല്യാരുടെയും കുഞ്ഞിക്കാദര്‍ സാഹിബിന്റെയും നേതൃ പാടവം കൊണ്ട് മാത്രമായിരുന്നു.

മലബാര്‍ പോരാട്ടത്തിന്റെ ആരംഭത്തില്‍ തന്നെ വീരോജ്ജ്വല ചരിത്രം രചിച്ച രണഭൂമികയാണ് താനൂര്‍. മാളിയേക്കല്‍ ചെറുകോയ തങ്ങള്‍ പ്രസിഡന്റും ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍ സെക്രട്ടറിയും ടി കെ കുട്ട്യസ്സന്‍കുട്ടി, കുഞ്ഞിക്കാദര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമായി 1921 മാര്‍ച്ച് ഒടുവില്‍ മാടത്തിങ്ങല്‍ പ്രദേശത്ത് ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് താനൂര്‍ ഖിലാഫത്ത് കമ്മിറ്റി നിലവില്‍ വന്നത്. (പ്രശസ്ത പ്രതപ്രവര്‍ത്തകനായ സി കുഞ്ഞുട്ടി/സി കെ താനൂര്‍ 1960ല്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ഈ ഭാരവാഹികളുടെ പേര് നല്‍കിയിട്ടുള്ളത്) കുഞ്ഞിക്കാദര്‍ സെക്രട്ടറിയും പരീക്കുട്ടി മുസ്‌ല്യാര്‍ പ്രസിഡന്റുമായാണ് അന്നത്തെ പോലീസ് റിപോര്‍ട്ട്.

മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ പരീക്കുട്ടി മുസ്‌ല്യാര്‍ അറബിമലയാളത്തില്‍ 40 പേജുള്ള 'മുഹിമ്മാ ത്തുല്‍ മുഅമിനീന്‍' (മുസ്‌ലിംകള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന വസ്തുതകള്‍) എന്ന കൃതി ഖിലാഫത്ത് പോരാട്ടരംഗത്ത് അക്കാലത്ത് ചെലുത്തിയ സ്വാധീനം സുവ്യക്തമാണ്. മൗലാനാ ആസാദിന്റെ രചനയാണ് ഇതിനു പ്രേരകം. 1921 മാര്‍ച്ചിലാണ് ഈ ഗ്രന്ഥം ഇറങ്ങുന്നത്.

ഇസ്‌ലാമിന്റെയും ദേശത്തിന്റെയും ശത്രുക്കളായുള്ള ബ്രിട്ടീഷുകാരോട് നിസ്സഹകരണം, ഖിലാഫത്ത് സംരക്ഷണം, ജസീറത്തുല്‍ അറബിന്റെ വിശുദ്ധി സംരക്ഷിക്കല്‍ എന്നീ വിഷയങ്ങളാണ് ഉള്ളടക്കത്തില്‍ മുഖ്യ പ്രതിപാദ്യം. ഖുര്‍ആന്‍ വാക്യങ്ങളുടെയും തിരുനബിവചനങ്ങളുടെയും പൂര്‍വസൂരികളായ പണ്ഡിതശ്രേഷ്ഠരുടെ കൃതികളില്‍ നിന്നുള്ള ഉദ്ധരണികളുടെയും വെളിച്ചത്തിലാണ് വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഉസ്മാനിയാ ഖലീഫയെ അംഗീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പടപൊരുതാനും ഇംഗ്ലീഷ് ഭരണത്തെ അനുകൂലിക്കുന്ന മുസ്‌ലിംകളുണ്ടെങ്കില്‍ അവരെയും എതിര്‍ക്കാനുമാണ് കൃതി ആഹ്വാനം നല്‍കുന്നത്.

ബ്രിട്ടീഷ് വിരുദ്ധ മനോഭാവം വളര്‍ത്താനും ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തെ ഊര്‍ജിതപ്പെടുത്താനും ശക്തമായി പ്രേരണ നല്‍കുന്ന ഈ കൃതി മറ്റു രചനകളേക്കാള്‍ ആനുപാതികമായി മലബാര്‍ മുഴുവനും വ്യാപക പ്രചാരം സിദ്ധിച്ചു. പുസ്തകം കലക്ടര്‍ തോമസ് നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു.

ഒളിവില്‍
മലബാര്‍ സമരം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് കലക്ടര്‍ തയ്യാറാക്കിയ കരുതല്‍ തടങ്കലില്‍ വെക്കേണ്ട 24 പോരാട്ട നായകന്മാരുടെ കൂട്ടത്തില്‍ പരീക്കുട്ടി മുസ്‌ല്യാരുമുണ്ടായിരുന്നു. താനൂര്‍ കടപ്പുറത്തെ കുടിക്കിടപ്പുകാരായ നൂറുകണക്കിനു പാവങ്ങളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ താനൂരില്‍ എത്തിയ ഹിച്ച്‌കോക്കിനെ ജനക്കൂട്ടം തടഞ്ഞു. കുടികിടപ്പുകാര്‍ക്ക് അനുകൂലമായി ഫത്വ്‌വ ഇറക്കിയത് പരീക്കുട്ടി മുസ്‌ല്യാരായിരുന്നു. ഇതോടെയാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായത്.
സമരം സാര്‍വത്രികമായി വ്യാപിച്ചപ്പോള്‍ ഒളിവില്‍ പോയി പോരാട്ടത്തിന് ഉത്തേജനം നല്‍കിക്കൊണ്ടിരുന്നു. തന്റെ സന്തത സഹചാരിയും ശിഷ്യനുമായിരുന്ന കുഞ്ഞിക്കാദര്‍ സാഹിബിനെ ഇംഗ്ലീഷുകാര്‍ നിര്‍ദാക്ഷിണ്യം തൂക്കിലേറ്റിയപ്പോള്‍ പ്പോലും പരീക്കുട്ടി മുസ്‌ല്യാര്‍ ഇടറുകയോ പതറുകയോ ചെയ്യാതെ വേഷപ്രച്ഛന്നനായി നടന്ന് സമരസേനാനികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടിരുന്നു.

അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ആയിരം രൂപ ഇനാമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ ധീരദേശാഭിമാനിയെ ഒറ്റിക്കൊടുക്കാന്‍ ആരും തയ്യാറായില്ല. അക്കാലത്ത് 47 വയസ്സ് പ്രായമുണ്ടായിരുന്ന പരീക്കുട്ടി മുസ്‌ല്യാര്‍ മലബാറില്‍ നിന്നു കൊടുങ്ങല്ലൂ രില്‍ എത്തി, കേരള അസംബ്ലി സ്പീക്കറായ കെ എം സീതി സാഹിബിന്റെ പിതാവും മുസ്‌ലിം ഐക്യസംഘത്തിന്റെ സ്ഥാപകനേതാവുമായ നമ്പൂതിരിമഠത്തില്‍ ഹാജി സീതി മുഹമ്മദ് സാഹിബിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

തുടര്‍ന്ന് അദ്ദേഹം കൊല്ലത്തെത്തി മുസ്‌ലിം നവോത്ഥാന നായകനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുമായി ബന്ധപ്പെട്ട് അവിടെ താമസിച്ചു. അവിടെ നിന്നു രഹസ്യമായി അദ്ദേഹം ബോംബെയില്‍ എത്തുകയും ഒരു മുസ്‌ലിം ധനാഢ്യന്റെ സാമ്പത്തിക സഹായത്തോടുകൂടി മക്കയിലേക്ക് പോവുകയും ചെയ്തു. ഇത് 1910ല്‍ ആയിരുന്നു. അവിടുത്തെ പൗരത്വം ലഭിച്ച അദ്ദേഹം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ പഠനവും അധ്യാപനവുമായി സമയം ചെലവഴിക്കുന്നതിനിടയില്‍ അക്കാലത്ത് സൗദി അറേബ്യയിലെ വിശ്രുത പത്രമായ ഉമ്മുല്‍ ഖുറായില്‍ ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തെയും അവിടെ നടന്നുകൊണ്ടിരുന്ന സായുധവിപ്ലവത്തെയും പറ്റിയുള്ളതായിരുന്നു ലേഖനങ്ങള്‍ അധികവും.

സി.ഇ 1934ല്‍ മക്കയില്‍ വെച്ച് മരണപ്പെട്ടു.
 

Feedback