Skip to main content

കെ.വി. അഹമ്മദ് കോയ (അവ്വ)

വെളുത്ത നിറം, തേജസ്സുറ്റ മുഖം, നരച്ചു തുടങ്ങിയ താടിരോമങ്ങള്‍, തലയില്‍ ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്ന ഗാന്ധിത്തൊപ്പി. രണ്ടു കാലിലും വലിയ മന്ത്, ധീരതയും പോരാട്ടവീര്യവും ആത്മശക്തിയും ഒത്തുചേര്‍ന്ന ഒരു ആജാനുബാഹു. അതായിരുന്നു അവ്വ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കെ.വി.അഹ്മദ് കോയ അഥവാ കാട്ടില്‍ വീട്ടില്‍ അഹ്മദ് കോയ.

കോഴിക്കോട് പട്ടണത്തിലെ കുറ്റിച്ചിറയിലാണ് അവ്വയുടെ ജനനം.  അറബിയല്ലാത്ത ഭാഷകള്‍ മുസ്‌ലിംകള്‍ പഠിക്കുന്നത് ഹറാം ആയിക്കണ്ടിരുന്ന ഒരു ജനവിഭാഗത്തില്‍ നിന്ന് മുസ്‌ലിയാക്കന്മാരെപ്പോലും അവഗണിച്ച് എഴുത്തും വായനയും മലയാള ഭാഷയും പഠിച്ച വിജ്ഞാന കുതുകിയായിരുന്നു അവ്വ.  മലയാള ഭാഷ നന്നായി പഠിച്ച അദ്ദേഹം അതിമനോഹരമായ മാപ്പിളപ്പാട്ടുകള്‍ രചിച്ചു.  കോഴിക്കോട്ട് അന്ന് പ്രചാരത്തിലു ണ്ടായിരുന്ന പല മാപ്പിളപ്പാട്ടുകളും അവ്വ രചിച്ചതായിരുന്നു.

1920 മുതല്‍ മലബാറില്‍ ശക്തിപ്പെട്ട് വന്ന ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ നിരവധി ജനങ്ങളെ സ്വാതന്ത്ര്യസമര കര്‍മ രംഗത്തേക്ക് കൊണ്ടുവന്നു.  അതിലൊരാളാ യിരുന്നു അവ്വ.  അവരിലൊരാളായി കടന്നു വന്നെങ്കിലും അവരേക്കാള്‍ ഉയരങ്ങളിലെത്തു കയും ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനങ്ങളില്‍ മുറയ്ക്ക് പങ്കെടുത്ത അദ്ദേഹം, ഈ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായിത്തീര്‍ന്നു. 1920ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് - ഖിലാഫത്ത് സമ്മേളനങ്ങളില്‍ ഒരു പ്രതിനിധിയായി അവ്വ പങ്കെടുത്തിരുന്നു.

1930 മെയ് 12ന് അവ്വയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിനമായിരുന്നു. മഹാത്മാഗാന്ധിയും അനുയായികളും ഉപ്പു നിയമം ലംഘിച്ച് സത്യാഗ്രഹ പരിപാടികള്‍ക്കു തുടക്കമിട്ടതോടെ രാജ്യമൊട്ടാകെ അതൊരു വലിയ ആവേശമായി മാറി.  ആ സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് കടപ്പുറത്ത് നിയമം ലംഘിച്ച് സത്യാഗ്രഹം നടത്തുന്ന ദിവസമായിരുന്നു. മലബാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോടെത്തിച്ചേര്‍ന്നു.  സമരം തുടങ്ങി.  സത്യാഗ്രഹികള്‍ അടുപ്പത്ത് വെച്ച ചട്ടികള്‍ പോലീസ് തല്ലിത്തകര്‍ത്തു.  നേതാക്കളെയും വളണ്ടിയര്‍മാരെയും അറസ്റ്റ് ചെയ്തു വണ്ടിയില്‍ കയറ്റി.  അപ്പോഴും സമരം തുടര്‍ന്നിരുന്ന ആളുകള്‍ക്ക് നേരെ പോലീസ് ലാത്തി വീശി.  കൂട്ടത്തിലുണ്ടായിരുന്ന ഒരു മധ്യവയസ്‌കനെ  അതിക്രൂരമായി തല്ലിച്ചതച്ചു.  അടി കൊള്ളുന്നതിനിടയിലും തന്റെ മന്തുള്ള രണ്ടു കാലിലും എണീറ്റ് നിന്ന് കൊണ്ട് ആ മനുഷ്യന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.  'ഭാരത് മാതാ കീ ജയ്'' 'മഹാത്മാഗാന്ധി കീ ജയ്.' സത്യഗ്രഹികള്‍ക്ക് പുതിയൊരാവേശം നല്‍കി മുദ്രാവാക്യം വിളിച്ച ആ പോരാളി അവ്വയല്ലാതെ മറ്റാരുമായിരുന്നില്ല.

പല സമരമുഖങ്ങളിലും സമ്മേളനവേദികളിലും തന്റെ മന്തു കാലുകളുമായി സജീവമായി പ്രവര്‍ത്തിക്കുന്ന അവ്വ എല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു.  തികഞ്ഞ ഉത്പതിഷ്ണുവായിരുന്ന അവ്വ തന്റെ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ശക്തമായി പോരാടി.  സ്വാതന്ത്ര്യ സമരത്തോടൊപ്പം തന്നെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെയും പോരാടിയ ആ ധീരന്‍ 1933 ല്‍ മരണമടഞ്ഞു.  കോഴിക്കോട് കണ്ണമ്പറമ്പ് ശ്മശാനത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

Feedback