ഖിലാഫത്ത്, ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച കര്‍മധീരനായിരുന്നു ഹസ്സന്‍ കോയ മൊല്ല. 1865ല്‍ എലത്തൂരിലെ പുരാതനമായ തയ്യില്‍ തറവാട്ടിലായിരുന്നു ജനനം. കോഴിക്കോട്സ്വദേശി പള്ളിവീട്ടില്‍ മൂസ്സക്കുട്ടിയാണ് പിതാവ്.
അക്കാലത്ത് മുസ്‌ലിംകളുടെ ഇടയില്‍ പ്രത്യേക പദവിയുള്ള മൊല്ലമാരുടെകുടുംബമായിരുന്നു പിതാവിന്റേത്. പ്രദേശത്തെ 40 പള്ളികളുടെ ചുമതലയുണ്ടായിരുന്നു ഇവര്‍ക്ക്. പള്ളികളിലെ ഇമാമത്ത് ഇവരായിരുന്നു നിര്‍വഹിച്ചിരുന്നത്. പള്ളിവരുമാനത്തിന്റെ അവകാശികളും ഇവര്‍ തന്നെ. ആരെങ്കിലും മരണപ്പെട്ടാല്‍ ഖാദിയുടെ നേതൃത്വത്തില്‍ മൊല്ലമാര്‍ ബൈത്ത് ചൊല്ലിക്കൊണ്ടായിരുന്നു ഖബറടക്കാന്‍ കൊണ്ടുപോയിരുന്നത്. പക്ഷേ ഹസ്സന്‍കോയ മൊല്ല ഇതിലൊന്നുംപങ്കെടുക്കാതെ കച്ചവടത്തിലേര്‍പ്പെടുകയാണ് ചെയ്തത്.
രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം കെ പി സി സിയുടെ സാരഥ്യത്തില്‍ വരെ എത്തുകയുണ്ടായി. രാഷ്ട്രീയരംഗത്തെന്ന പോലെ മത-സാമൂഹ്യരംങ്ങളിലും അദ്ദേഹം ഒരു ഉത്പതിഷ്ണുവായിരുന്നു. നാട്ടുമാമൂലുകളുടെ മുമ്പില്‍ നടന്ന തന്റെ കുടുംബത്തിന്റെ ഇടയില്‍ അതോടെ ഹസ്സന്‍കോയ മൊല്ല ഒറ്റയാനായി മാറി. വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണം. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മലബാറിലെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1925 ജൂണില്‍ കോഴിക്കോട്ടു നടന്ന ഐക്യസംഘം സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന മൊല്ല യുടെപ്രവര്‍ത്തനങ്ങള്‍ ഇസ്വ്‌ലാഹീ പ്രസ്ഥാന സന്ദേശപ്രചാരണത്തിന്ന് വളരെയധികം സഹായകമായി. സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയില്‍ നിരവധി തവണ ജയിലില്‍ കഴിയേണ്ടി വന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലിരിക്കെ ഒരു ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ സന്തോഷത്തോടെ ഈദാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന മൊല്ലക്ക് ഒരു ടെലഗ്രാം കിട്ടി. മകളുടെ മരണ വാര്‍ത്തയായിരുന്നു അത്. അന്ന് മൊല്ല പറഞ്ഞ വാക്കുകള്‍ കേട്ട് സഹതടവുകാരെല്ലാം കരഞ്ഞു. ഈ കച്ചവടത്തില്‍ എനിക്ക് ലാഭവുമില്ല നഷ്ടവുമില്ല. ഒമ്പത് കൊല്ലം മുമ്പ് 1921ല്‍ ഞാന്‍ ബല്ലാരി ജയിലിലായിരുന്നപ്പോഴാണ് എന്റെ മകള്‍ ജനിച്ചത്. ഇപ്പോള്‍ ഞാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കെ അവളെന്നെ വിട്ടുപോയിരിക്കുന്നു. ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു ഈ മനക്കരുത്തിന്ന് കാരണം.
1930 ജൂലായ് 9ന് ഹസന്‍കോയ മൊല്ല കെ പി സി സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കോഴിക്കോട് മുന്‍സിപ്പാലിറ്റി കൗണ്‍സിലറായിരുന്നു അദ്ദേഹം.
1940 സെപ്തംബര്‍ 1ന് അദ്ദേഹം അന്തരിച്ചു.