Skip to main content

ബീഗം ഹസ്രത്ത് മഹല്‍

കൊട്ടാരവാസികളുടെ ദാസ്യവേല ചെയ്യുന്ന കുടുംബത്തിലായിരുന്നു ജനനമെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കര്‍മഫലം കൊണ്ട് തന്റെ പേര് എഴുതിച്ചേര്‍ത്ത വ്യക്തിത്വത്തിനുടമയാണ് ധീരവനിത ബീഗം ഹസ്രത്ത് മഹല്‍.  ബീഗം ഓഫ് 'അവഥ്' എന്നും ഇവര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു.

1820ല്‍ അവഥിലെ ഫൈസാബാദില്‍ ദാസ്യവേല കുലത്തൊഴിലായി സ്വീകരിച്ച ഒരു കുടുംബത്തിലാണ് ഇവര്‍ ജനിക്കുന്നത്.  വിവാഹത്തിന് മുന്‍പ് അവരുടെ നാമധേയം 'മുഹമ്മദി വാനം'  എന്നായിരുന്നു.  ദാസി കുടുംബത്തിലായിരുന്നു ജനനമെങ്കിലും ഇവരുടെ മാതാപിതാക്കള്‍ ഇവരെ വിറ്റതിനുശേഷം അന്തപ്പുരറാണിയുടെ ജീവിതമായിരുന്നു ഇവര്‍ക്ക്. ആഢ്യത്വത്തോടെയും കുലീനതയോടെയും ആയിരുന്നു ഇവരുടെ ജീവിതം.  നവാബ് വാജിദ് അലി ശാഹിയുടെ ആദ്യഭാര്യയായിരുന്ന ഇവര്‍ മകന്‍ 'ബിര്‍ജിസ് ഖദ്‌റ'യുടെ ജനനത്തോടു കൂടി ഹസ്രത്ത് മഹല്‍ എന്ന ബഹുമാന നാമത്തിലറിയപ്പെട്ടു.

അവഥിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ഇവരുടെ ഭര്‍ത്താവ് വാജിദ് അലി ശാഹ്.  1856ന് ബ്രിട്ടീഷുകാര്‍ അവഥിനെ അവരുടെ പ്രവിശ്യയിലേക്ക് ചേര്‍ക്കുകയും വാജിദ് അലിയെ കല്‍ക്കത്തയിലേക്ക് നാടുകടത്തുകയും ചെയ്തു.  നവാബ് നാടുകടത്തപ്പെടുകയും ഇവര്‍ വിവാഹ മോചിതയാവുകയും ചെയ്തപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ വലിയൊരു ഭാഗം ഇവരുടെ കീഴില്‍ വന്നു.

1857ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചപ്പോള്‍ രാജാ ജയ്്‌ലാല്‍ സിംഗിന്റെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഇവര്‍ ലക്‌നോവിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും തന്റെ മകന്‍ ബിര്‍ജിസ് ഖദ്്‌റയെ അവിടുത്തെ ഗവര്‍ണറായി പ്രഖ്യാപിക്കുകയും ചെയ്തു.  എന്നാല്‍ ബ്രിട്ടീഷ് സൈന്യം ലഖ്‌നോ തിരിച്ചു പിടിച്ചതോടെ ബീഗം ഹസ്രത്ത് മഹല്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതയായി.  ശേഷം നാനാസാഹിബിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിച്ച ബീഗം ഷാജഹാന്‍പൂര്‍ ആക്രമണത്തിന്റെ സമയത്ത് ഫൈസാബാദ് മൗലവിയുടെ കൂടെ ചേര്‍ന്നും പ്രവര്‍ത്തിച്ചു. യുദ്ധത്തിനിടയില്‍ വഴിയൊരുക്കാനായി അമ്പലങ്ങളും പള്ളികളും പൊളിച്ചുനീക്കിയ പട്ടാള നടപടിക്കെതിരെ ശക്തമായി പ്രതീകരിച്ച ബീഗം ഹസ്രത്ത് മഹല്‍ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.

യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമൊടുവില്‍ അവര്‍ നേപ്പാളില്‍ അഭയത്തിനു സമ്മതം തേടിയെങ്കിലും ആദ്യം അനുവാദം തടയപ്പെടുകയും പിന്നീടത് ലഭിക്കുകയും ചെയ്തു.  1879ല്‍ നേപ്പാളില്‍ വെച്ച് മരണപ്പെട്ട ബീഗം ഹസ്രത്ത് മഹലിനെ കാഠ്മണ്ഡുവിലെ ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.  

1962 ഓഗസ്റ്റ് 15ന് ലഖ്‌നോവിലെ ഹസ്രത്ത് ജംഗിലുള്ള ഓള്‍ഡ് വിക്ടോറിയ പാര്‍ക്കിന് അവരുടെ പേര് നല്‍കിയും, 1984 മെയ് 10ന് അവരുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കിയും രാജ്യം ബീഗം ഹസ്രത്ത് മഹലിനെ ആദരിച്ചു.  പതിനഞ്ച് ലക്ഷം സ്റ്റാംപുകളാണ് ആ സിരീസില്‍ അടിക്കപ്പെട്ടത്.
 

Feedback