സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി ഡല്‍ഹിയില്‍ വെച്ച് ബ്രിട്ടീഷ് പോലീസില്‍ കുരുങ്ങുമ്പോള്‍ അശ്ഫാഖുല്ലാഹ് ഖാന്റെ പ്രായം വെറും 25 വയസ്സ്. 1927 ല്‍ ഫൈസാബാദ് ജയിലില്‍ വെച്ച് തൂക്കിലേറ്റപ്പെട്ട് രക്തസാക്ഷിയാവുമ്പോള്‍ പ്രായം 27. രണ്ടര പതിറ്റാണ്ട് കൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഈ ഭൂമിയില്‍ നിന്ന് മടങ്ങുമ്പോഴേക്കും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളില്‍ തന്റെ നാമം അശ്ഫാഖുല്ലാഹ് ഖാന്‍ കുറിച്ചു വെച്ചിരുന്നു.
1990 ഒക്‌ടോബര്‍ 22 ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ശഫീഖുല്ലാഹ് ഖാന്റെയും മസ്ഹുറുന്നിസാ ബീഗത്തിന്റെയും നാലുമക്കളില്‍ ഇളയവനായിട്ടാണ് അശ്ഫാഖുല്ലാഹ് ഖാന്‍ ജനിക്കുന്നത്. പിതാവിന്റെ കുടുംബം മുഗള്‍ കുടുംബവുമായി ബന്ധമുള്ളവരായിരുന്നു. അത് അദ്ദേഹത്തില്‍ പോരാട്ട വീര്യം ജനിപ്പിച്ചു. മാതാവിന്റെ കുടുംബം വിദ്യാഭ്യാസപരമായി ഏറെ മുന്നിലായിരുന്നു. അത് അദ്ദേഹത്തില്‍ കവിത്വവും വളര്‍ത്തി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് 'ബിസ്മില്‍' എന്ന തൂലികാനാമത്തില്‍ കവിതകളെഴുതിയുരുന്ന പണ്ഡിറ്റ് 'റാം പ്രസാദ് ബിസ്മില്‍' ആയിരുന്നു.
1922 ലെ ചൗരിചൗരാ സംഭവത്തോടുകൂടി, നിസ്സഹകരണ പ്രസ്ഥാനം താല്കാലികമായി പരാജയപ്പെട്ടതോടെ, ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാവണമെങ്കില്‍ സായുധ സമരം തന്നെയാണ് വഴിയെന്ന് അശ്ഫാഖുല്ലാ ഖാന്‍ വിശ്വസിച്ചു. അതുകൊണ്ട് തന്നെ നാട്ടിലെ പ്രശസ്ത വിപ്ലവകാരിയായ പണ്ഡിറ്റ് റാം പ്രസാദ് ബിസ്മില്ലാന്റെ കൂടെ അദ്ദേഹം അണിചേര്‍ന്നു.
ആള്‍ബലത്തില്‍ ഇന്ത്യാക്കാരെക്കാള്‍ വളരെ കുറവുള്ള ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നത് അവരുടെ ആയുധ ബലം കൊണ്ടാണെന്ന് ഈ സംഘം മനസ്സിലാക്കി. അവരെ നേരിടാന്‍ ബോംബുകളും തോക്കുകളും വേണമെന്ന് വിലയിരുത്തിയ സംഘം, അതിന് ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നകാര്യം ചര്‍ച്ചാവിഷയമാക്കി. ആയിടക്കാണ് ബിസ്മില്‍ ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നോവിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ സ്റ്റേഷനില്‍ നിന്നും ഗാര്‍ഡിന്റെ കൈയില്‍ പണച്ചാക്കുകള്‍ നല്‍കുന്നു. ഗാര്‍ഡ് അത് തന്റെ കാബിനില്‍ സൂക്ഷിക്കുന്നു. ലക്‌നോവില്‍ വെച്ച് സൂപ്രണ്ടിന് സാധനം കൈമാറുന്നു. അവിടെ വെച്ച് തന്നെ ബിസ്മില്‍ ഇതാണ് തങ്ങളുടെ വിപ്ലവം വിജയിക്കാനുള്ള പണം എന്ന് തീരുമാനിച്ചുറപ്പിച്ചു. ഇതായിരുന്നു 'കാക്കോരി' ട്രെയിന്‍ കൊള്ള എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സംഭവത്തിന്റെ തുടക്കം.
1925 ആഗസ്റ്റ് 8 ന് ചേര്‍ന്ന വിപ്ലവകാരികളുടെ യോഗത്തില്‍ ചില ചര്‍ച്ചകള്‍ക്കു ശേഷം സര്‍ക്കാറിന്റെ ട്രെയിന്‍ ട്രഷറി കൊള്ളയടിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. അശ്ഫാഖുല്ലാഹ് ഖാനെക്കൂടാതെ എട്ട് വിപ്ലവകാരികളും ഈ ഉദ്യമത്തിന് വേണ്ടി തയ്യാറായി. ബിസ്മില്‍ ആയിരുന്നു നേതൃത്വം വഹിച്ചിരുന്നത്. തങ്ങള്‍ ഉദ്ദേശിച്ചത് പോലെതന്നെ സംഘം വിജയകരമായി പദ്ധതി നടപ്പിലാക്കി.
എന്നാല്‍ ആ ആഹ്ലാദത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ബ്രിട്ടീഷ് വൈസ്രോയി അന്വേഷണം സ്‌കോട്ട്‌ലണ്ട്‌യാര്‍ഡിനെ ഏല്‍പ്പിച്ചു. 1925 സെപ്തംബര്‍ 26 നു തന്നെ സ്‌കോട്ട്‌ലണ്ട്‌യാര്‍ഡ് പ്രതികളെ വലയിലാക്കി. എന്നാല്‍ അശ്ഫാഖുല്ലാഹ് ഖാന്‍ അതിസമര്‍ഥമായി രക്ഷപ്പെട്ടു. തങ്ങളുടെ പദ്ധതികള്‍ എങ്ങനെയും വിജയിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. ബിഹാറിലേക്കും ഡല്‍ഹിയിലേക്കും കടന്ന അദ്ദേഹം വിദേശത്ത് പോയി. ലാലാഹര്‍ദയാലിനെ കാണാനായിരുന്നു പദ്ധതിയൊരുക്കിയിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ഇദ്ദേഹത്തിന് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത സുഹൃത്ത്, പോലീസിന് അശ്ഫാഖുല്ലാഹ്ഖാനെ ഒറ്റു കൊടുക്കുകയും ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
അറസ്റ്റ് ചെയ്ത് ഫൈസാബാദ് ജയിലിലകപ്പെട്ട അദ്ദേഹം, അവിടുത്തെ അന്തേവാസികള്‍ക്കിടയില്‍ ഉറച്ച സ്വാധീനം നേടിയെടുത്തു. അദ്ദേഹത്തിന്റെ ഒരു ദൗത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ആ സമയത്ത് ഗോംവ്പൂര്‍ ജയിലിലായിരുന്നു. ആ കേസില്‍ അദ്ദേഹമുള്‍പ്പടെ നാലു പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അതേ ദിവസം തന്നെയായിരുന്നു ഉറ്റസുഹൃത്ത് ബിസ്മിലിന്റെയും വധശിക്ഷ. തൂക്കുകയറിനെ ഒന്നു ചുംബിച്ച് ശഹാദത്ത്കലിമ (സത്യസാക്ഷ്യം) ഉറക്കെ ചൊല്ലി അദ്ദേഹം സ്വരാജ്യത്തിന് വേണ്ടി രക്തസാക്ഷിയായി.