സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. ഗാന്ധിക്കെതിരെ 1917ല്‍ നടന്ന ആദ്യ വധശ്രമം വിഫലമാക്കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് ബീഹാറിലെ സാധാരണക്കാരനായ ഒരു ഗ്രാമീണനായിരുന്ന ബതക് മിയാന്‍ അന്‍സാരിയായിരുന്നു.
1917 ല്‍ ബിഹാറിലെ ചമ്പാരന്‍ സത്യാഗ്രഹം നടക്കുന്ന സമയം. നീലം കര്‍ഷകര്‍ക്കു വേണ്ടി പോരാടാന്‍ ഗാന്ധിജി തീരുമാനിച്ചു. സമരം രൂക്ഷമായതോടെ ഭൂവുടകമകളും ബ്രിട്ടീഷുകാരും ഒരുപോലെ വലഞ്ഞു.
ഇന്‍ഡിഗോ പ്ലാന്റേഷന്റെ ബ്രിട്ടീഷ് മാനേജറായ എര്‍വിന്‍, പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. അദ്ദേഹം ഗാന്ധിജിയെ തന്റെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചു. ഗാന്ധിജി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. എര്‍വിന്റെ ക്ഷണത്തിന് പിന്നില്‍ അദ്ദേഹത്തെ വധിക്കാനുള്ള ദുരൂഹമായ ഗൂഢാലോചനയാണെന്ന യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് മാനേജര്‍, ബതക് മിയാന്‍ എന്ന തന്റെ പാചകക്കാരനെ ഗാന്ധിജിക്ക് വിഷം കലര്‍ത്തിയ ഒരു ഗ്ലാസ് പാല്‍ നല്കാന്‍ നിര്‍ബന്ധിച്ചു. പ്രതിഫലമായി അന്‍സാരിക്ക് സ്വപ്നം കാണാന്‍ പോലുമാവാത്തത്ര സമ്പത്തും സൗകര്യങ്ങളുമാണ് അവര്‍ വാഗ്ദാനം ചെയ്തത്. സഹകരിച്ചില്ലെങ്കില്‍ ജീവിതം ദുസ്സഹമാക്കുമെന്ന ഭീഷണിയും. എന്നാല്‍, പ്രലോഭനങ്ങള്‍ക്കോ ഭീഷണിക്കോ ആ മനുഷ്യസ്‌നേഹിയെ കീഴ്‌പ്പെടുത്താനായില്ല. എന്തു തന്നെ സംഭവിച്ചാലും ഈ പാതകത്തിന് കൂട്ടുനില്‍ക്കില്ലെന്ന് ഉറച്ച അദ്ദേഹം ഗാന്ധിജിയെ നേരില്‍ ചെന്നുകണ്ട് ഗൂഢാലോചനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഗാന്ധിജി ഭക്ഷണം നിരസിച്ചതോടെ പദ്ധതി വിഫലമായി.
ഇതിന് പ്രതികാരമായി അന്‍സാരിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട ബ്രിട്ടീഷുകാര്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കി. അദ്ദേഹത്തിന്റെ ഭൂമി ലേലം ചെയ്തു. വീട് ശ്മശാനമാക്കി. കുടുംബം ഗ്രാമം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ഒരു മനുഷ്യനെ കൊല്ലാന്‍ വിസമ്മതിച്ചതിനാല്‍ 17 വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കഴിയേണ്ടി വന്നത്!
ഇതിനെല്ലാം സാക്ഷിയായിരുന്ന ഡോ.രാജേന്ദ്രപ്രസാദാണ് അന്‍സാരിയുടെ ധീരതയെയും ത്യാഗത്തെയും കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം പുറംലോകത്തോടു പറഞ്ഞത്. 1950ല്‍ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി എന്ന നിലയില്‍ മോതിഹാരി സന്ദര്‍ശിച്ച ഡോ. രാജേന്ദ്രപ്രസാദ് ഈ അന്‍സാരിയെ തിരിച്ചറിഞ്ഞു.Gandhi's Champaran Struggle എന്ന തലക്കെട്ടില്‍ 'ദി മെയിന്‍സ്ട്രീമി'ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ബതക് മിയാന്റെ കഥ വെളിച്ചത്തുവന്ന സംഭവത്തെ കുറിച്ച് ഡോ. മിശ്ര എഴുതി: '1950 കളുടെ തുടക്കത്തില്‍, അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, മോത്തിഹാരിയിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുമ്പോള്‍ പ്രായമായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിന് ബഹളമുണ്ടായി. രാജേന്ദ്ര പ്രസാദ് ഇത് കാണുകയും ഇറങ്ങിച്ചെന്ന് ആ മനുഷ്യനെ അകമ്പടി സേവിച്ച് അരികില്‍ ഇരുത്തി. ഏതാനും മിനിറ്റുകള്‍ അവര്‍ തമ്മില്‍ സംസാരിച്ചു. ബതക് മിയാനായിരുന്നു ആ വയോധികന്‍. എര്‍വിന്‍ എന്ന പ്ലാന്റര്‍, ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ബതക് മിയാനെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ ജീവിതത്തിലെ ദുരിതങ്ങളും കഷ്ടപ്പാടുകളും ചോദിച്ചറിഞ്ഞു.
ബതക് മിയാനും കുടുംബവും അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഡോ. രാജേന്ദ്ര പ്രസാദ് അദ്ദേഹത്തെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഗാന്ധിജിയുടെ ജീവന്‍ രക്ഷിച്ചതിന് അഭിനന്ദന സൂചകമായി 50 ഏക്കര്‍ ഭൂമി നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് ഉത്തരവിടുകയും ചെയ്തു. പക്ഷേ, ഉദ്യോഗസ്ഥര്‍ അത് നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. 1957ല്‍ തന്റെ 90-ാം വയസ്സില്‍ ഇഹലോകവാസം വെടിയുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു തരി മണ്ണു പോലും ആ ദേശാഭിമാനിക്ക് ലഭിച്ചില്ല.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍, 2010-ല്‍ ബതക് മിയാന്‍ കഥ അറിഞ്ഞപ്പോള്‍ പ്രഥമ രാഷ്ട്രപതിയുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. എന്നിട്ടും, ഒന്നും സംഭവിച്ചില്ല.
ഈയടുത്ത കാലത്തായി, ബതക് മിയാന്‍ കഥ ഇംഗ്ലീഷിലും ഹിന്ദിയിലും മുഖ്യധാരാ ഇതര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭോപ്പാലില്‍ ബതക് മിയാന്‍ അന്‍സാരി കി അനോഖി കഹാനി എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു.
ബീഹാറിലെ മോതിഹാരി പ്രദേശക്കാരനായ ബതക് മിയാന് മൂന്ന് ആണ്‍ മക്കളാണുള്ളത്. റാഷിദ് മിയാന്‍, ഷേര്‍ മുഹമ്മദ് മിയാന്‍, ജാന്‍ മുഹമ്മദ് മിയാന്‍.