Skip to main content

ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍

'താനൂരിലെ സിംഹക്കുട്ടി' എന്നായിരുന്നു ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സിംഹത്തിന്റെ രൗദ്രതയും ചടുലതയും ബ്രിട്ടീഷുകാര്‍ ക്കെതിരില്‍ മനസിലും ശരീരത്തിലും ആവാഹിച്ച വീര പോരാളിയായിരുന്നു അദ്ദേഹം. ആ പോരാട്ട വീര്യത്തെ നശിപ്പിക്കാന്‍ അദ്ദേഹത്തെ ഇല്ലാതാക്കുക എന്നല്ലാതെ വേറൊരു വഴിയും ബ്രിട്ടീഷുകാര്‍ കണ്ടില്ല. അതിന് മാത്രമുണ്ടായിരുന്നു സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആ ധീര പോരാളിയുടെ പരിശ്രമങ്ങള്‍.

മലപ്പുറം ജില്ലയിലെ തീരദേശമായ താനൂരിലാണ് കുഞ്ഞിക്കാദര്‍ ജനിച്ചത്. താനൂരില്‍ തന്നെ ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് ആളെ ക്ഷണിച്ചു കൊണ്ടായിരുന്നു രാഷ്ടീയ തുടക്കം. 1918ല്‍ കോഴിക്കോട് കടപ്പുറത്ത് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുത്താണ് കുഞ്ഞിക്കാദര്‍ നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നത്. അതിനു ശേഷം തന്റെ കച്ചവട സ്ഥാപനം മറ്റൊരാളെ നടത്താനേല്‍പ്പിച്ച്് പൂര്‍ണമായും ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി മാറി. അതോടു കൂടി അദ്ദേഹം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി.

ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും ചേര്‍ക്കുകയും ചെയ്തു കൊണ്ടിരുന്ന കുഞ്ഞിക്കാദര്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കാനും തങ്ങളുടെ സന്ദേശം കൂടുതല്‍ പ്രവര്‍ത്തകരിലേക്കെത്തിക്കാനും ഉദ്ദേശിച്ച് താനൂരില്‍ ഖിലാഫത്തിന്റെ ഒരു യോഗം വിളിക്കാന്‍ ശ്രമം തുടങ്ങി. ഖാദര്‍ സമ്മേളനം വിളിച്ചാല്‍ അത് തങ്ങളുടെ കനത്ത ഭീഷണിയും വെല്ലുവിളിയും ആയിത്തീരുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ സമ്മേളനം നടത്തരുത് എന്ന് ഉത്തരവിട്ടു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ കല്‍പനക്ക് പുല്ലുവില നല്‍കിയ ഖിലാഫത്തുകാര്‍ യോഗം ചേരുക തന്നെ ചെയ്തു. നേതൃത്വം കൊടുത്തത് ഉമൈത്താനകത്ത് കുഞ്ഞിക്കാദറായിരുന്നു.

1920ആഗസ്റ്റ് 20ന് തിരൂരങ്ങാടി പള്ളി പട്ടാളം ആക്രമിച്ചുവെന്ന വാര്‍ത്ത കേട്ട് കുഞ്ഞിക്കാദറും സംഘവും തിരൂരങ്ങാടി ലക്ഷ്യമാക്കി നീങ്ങി. എന്നാല്‍ പരപ്പനങ്ങാടിക്കടുത്തെ പന്താരങ്ങാടിയില്‍ വെച്ച്, നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം കുഞ്ഞിക്കാദറിനെയും സംഘത്തെയും പട്ടാളം വളഞ്ഞു പിടിച്ചു. കൂടുതല്‍ സാഹസങ്ങള്‍ക്ക് നില്‍ക്കാതെ വേഗത്തില്‍ തന്നെ സൈന്യം കുഞ്ഞിക്കാദറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി. കുഞ്ഞിക്കാദറിനെ കൂടുതല്‍ കാലം ജയിലില്‍ തളച്ചിടാനും ബ്രിട്ടീഷ് ഭരണത്തിന് ഭയമായിരുന്നു. അതുകൊണ്ട് തന്നെ നേരായ വിചാരണ പോലും നടത്താതെ, ഗവണ്‍മെന്റിനെതിരെ ലഹളക്കാരെ നയിച്ചു, ലഹള നടത്തി തുടങ്ങിയ ധാരാളം കുറ്റങ്ങള്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെച്ച് ആ ധീര യോദ്ധാവിനെ തൂക്കിലേറ്റി.

കുഞ്ഞിക്കാദര്‍ ജീവിച്ച വീട് താനൂര്‍ ടിപ്പു സുല്‍ത്താന്‍ റോഡില്‍ ഇന്നും നില നില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതയുടെ അടയാളങ്ങളായി ജനല്‍ കമ്പികളും വാതിലുകളും ഇരുമ്പു വടികൊണ്ട് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പാടുകള്‍ ഇന്നുമുണ്ട്.
 

Feedback