Skip to main content

അബാദി ബാനു ബീഗം

സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്ത ആദ്യത്തെ മുസ്‌ലിം സ്ത്രീയാണ് അബാദി ബാനു ബീഗം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖ ശബ്ദമായിരുന്ന ബാനുബീഗം, ബി അമ്മ എന്നും അറിയപ്പെടുന്നു. രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കുകയും ബ്രിട്ടീഷ് രാജില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന് പ്രയത്‌നിക്കുകയും ചെയ്തു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും മുന്‍നിര നേതാക്കളായ അലി സഹോദരന്മാര്‍ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് അലിയുടെയും ഷൗക്കത്ത് അലിയുടെയും ഉമ്മയാണ്. 

abadi bano begum

ഉത്തര്‍പ്രദേശിലെ അംറോഹ ഗ്രാമത്തില്‍ 1850-ല്‍ ജനിച്ചു. രാംപൂരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അബ്ദുല്‍ അലിഖാനാണ് ജീവിത പങ്കാളി. ദമ്പതികള്‍ക്ക് ഒരു മകളും അഞ്ച് ആണ്‍മക്കളുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ ഭര്‍ത്താവ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു, കുട്ടികളെ നോക്കാനുള്ള എല്ലാ ഉത്തരവാദിത്തങ്ങളും അവരുടെ മേല്‍ വന്നു. മക്കളെ പഠിപ്പിക്കാന്‍ വിഭവങ്ങളുടെ അഭാവം മൂലം ആഭരണങ്ങള്‍ പണയം വയ്‌ക്കേണ്ടി വന്നു. വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ഉത്തര്‍പ്രദേശിലെ ബറേലി പട്ടണത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അവര്‍ മക്കളെ അയച്ചത്. അവരുടെ പ്രയത്‌നം വെറുതെയായില്ല; രണ്ട് മക്കളും മികച്ച വിജയം നേടി. മൗലാന മുഹമ്മദ് അലി ജൗഹര്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഷൗക്കത്ത് അലി അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും വിദ്യാഭ്യാസം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരെ ഖിലാഫത്ത് പ്രസ്ഥാനം നയിച്ച മക്കളായി അവര്‍ പിന്നീട് മാറി. മൗലാന മുഹമ്മദ് അലി ജൗഹര്‍ ഓക്‌സ്‌ഫോര്‍ഡിലെ വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലീഷ്, ഉറുദു എഴുത്തുകാരനായി മാറുകയും അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരിക്കുകയും ചെയ്തപ്പോള്‍, ഷൗക്കത്ത് ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി നിന്നു.

രാംപൂരിലാണ് ജനിച്ചതെങ്കിലും ബാനുബീഗത്തിന്റെ പ്രവര്‍ത്തനകേന്ദ്രം അമൃത്സറും ലാഹോറുമാണ്. ഖിലാഫത്ത് കമ്മിറ്റിയുടെ സജീവ അംഗമായിരുന്നു അവര്‍. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആനി ബസന്റിന്റെയും തന്റെ മക്കളായ മുഹമ്മദ് അലിയുടെയും ഷൗക്കത്ത് അലിയുടെയും മോചനത്തിനായി നടത്തിയ പ്രക്ഷോഭത്തില്‍ അവര്‍ പങ്കെടുത്തു. വിദേശനിര്‍മിത വസ്ത്രങ്ങള്‍ക്കെതിരെ ഖാദി വസ്ത്രം ധരിക്കാന്‍ തയ്യാറായി. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അവര്‍ വാദിച്ചു. റാവല്‍പിണ്ടി, ഗുജ്‌റന്‍വാല, കസൂര്‍, കൂടാതെ രാജ്യത്തെ പല സ്ഥലങ്ങളിലും അവര്‍ പര്യടനം നടത്തുകയും ഖാദി ഉപയോഗിക്കാന്‍ സ്ത്രീകളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. സ്വരാജ് അഥവാ സ്വയംഭരണം നേടിയെടുക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും സ്വത്തിനും സമ്പത്തിനും പകരം വരും തലമുറകള്‍ക്ക് ഈ സ്വരാജ് വിട്ടുകൊടുക്കണമെന്നും പഞ്ചാബിലെ തന്റെ പ്രസംഗത്തില്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. 

with maulana

മഹാത്മാഗാന്ധിയും അവരുടെ മകനും മറ്റ് പ്രമുഖ നേതാക്കളും ജയിലിലായിരുന്നപ്പോള്‍, ബി അമ്മ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രസ്ഥാനത്തെ നിലനിര്‍ത്തി. സ്വാതന്ത്ര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവള്‍ രാജ്യമെമ്പാടും സഞ്ചരിച്ചു.

സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പിന്തുണ ലഭിക്കുമെന്നതിനാല്‍, മഹാത്മാഗാന്ധി ബാനുബീഗത്തെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 1917-ല്‍ ഖിലാഫത്ത് മൂവ്‌മെന്റ് കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ ബുര്‍ഖ ധരിച്ച് അവര്‍ അഭിസംബോധന ചെയ്തു. സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണം ലംഘിച്ച് സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കുന്നതിന്നായി രംഗത്തിറങ്ങാന്‍ പ്രേരണ നല്കി.  

ബോംബെയില്‍ നടന്ന ഒരു ലേഡീസ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് അവരോട് സ്വാതന്ത്ര്യസമരത്തില്‍ ചേരണമെന്ന് നിര്‍ബന്ധിച്ചു. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ബീഗം, പട്‌നയിലും ഭഗല്‍പൂരിലും പര്യടനം നടത്തി. 1922 ഫെബ്രുവരിയില്‍ ഖിലാഫത്ത് കമ്മിറ്റിക്ക് വേണ്ടി ബീഹാറിലെ ദര്‍ബംഗയില്‍ നിന്ന് അറുപതിനായിരം രൂപ സമാഹരിച്ചു. ബാലഗംഗാധര തിലക് സ്ഥാപിച്ച തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ സ്ത്രീകളെ ഉദ്‌ബോധിപ്പിച്ചു. മൗലാന ഹസ്രത്ത് മോഹനിയുടെ ഭാര്യ ബീഗം ഹസ്രത്ത് മോഹനി, ബസന്തി ദേവി, സരളാ ദേവി ചൗധുറാണി, സരോജിനി നായിഡു എന്നിവര്‍ക്കൊപ്പം സ്ത്രീകള്‍ മാത്രമുള്ള നിരവധി സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ധനസമാഹരണം നടത്തി.

1924 നവംബര്‍ 13ന് മരണപ്പെടുന്നതുവരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അവര്‍ പ്രവര്‍ത്തിച്ചു.  ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടി വാദിച്ചു, ഈ സമുദായങ്ങള്‍ 'ഇന്ത്യയുടെ രണ്ട് കണ്ണുകള്‍' ആണെന്ന് അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പാകിസ്താന്‍ സര്‍ക്കാര്‍ 1990-ല്‍ ബാനുബീഗത്തെ അനുസ്മരിച്ചുകൊണ്ട് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. 2012 സെപ്തംബര്‍ 28-ന് ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ ബാനുബീഗത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് 'ബി അമ്മ ഗേള്‍സ് ഹോസ്റ്റല്‍' എന്ന് പേരിട്ടു.
 
 


 

References


https://amritmahotsav.nic.in/unsung-heroes-detail.htm?11917
https://cmsadmin.amritmahotsav.nic.in/district-reopsitory-detail.htm?11530
https://www.heritagetimes.in/abadi-bano-begum-the-forgotten-mother-india/

Feedback