ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലെ മഹാരഥനായ കവിയും ദാര്‍ശനികനും മുസ്‌ലിം മത, രാഷ്ട്രീയ മേഖലകളെ അഗാധമായി സ്വാധീനിച്ച പരിഷ്‌കര്‍ത്താവുമാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന സാഹിത്യ നായകരിലൊരാള്‍, അഭിഭാഷകന്‍, വാഗ്മി എന്നീ നിലകളിലും പ്രസിദ്ധനാണ്. ശരിയായ പേര് മുഹമ്മദ് ഇഖ്ബാല്‍. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും സാഹിത്യ സേവനങ്ങളെ പുരസ്‌കരിച്ച് സര്‍ ബഹുമതിയും നേടി. ശൈഖ് എന്ന അപരനാമവും പേരിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അങ്ങനെ അല്ലാമാ ഡോ. സര്‍ ശൈഖ് മുഹമ്മദ് ഇഖ്ബാല്‍ എന്ന് അറിയപ്പെട്ടു.
1294 ദുല്‍ഖഅ്ദ മൂന്ന് (1877 നവംബര്‍ ഒമ്പത്) വെള്ളിയാഴ്ച ജനിച്ചു. നഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂര്‍ മുഹമ്മദാണ് പിതാവ്. മാതാവ് ഇമാം ബീബി. സ്വൂഫീ ഗൃഹാന്തരീക്ഷം പകര്‍ന്നേകിയ ശിക്ഷണം തന്നെയായിരുന്നു ഇഖ്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം. പിന്നീട് മൗലാനാ ഗുലാം ഹസന്റെ മദ്‌റസയില്‍ ഖുര്‍ആന്‍ പഠനത്തിന് ചേര്‍ന്നു. മൗലാനാ സയ്യിദ് ശംസുല്‍ ഉലമാ മീര്‍ ഹസന്‍ഷായുടെ മക്തബില്‍ അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളുടെ പ്രാഥമിക പഠനം ആരംഭിച്ചു. മൂന്ന് കൊല്ലത്തിന് ശേഷം ഇഖ്ബാല്‍ സ്‌കോച്ച് മിഷന്‍ ഹൈസ്‌കൂളില്‍ പ്രവേശിച്ചു. 1893ല്‍ മെഡല്‍ നേടി ഹൈസ്‌കൂള്‍ പാസായി, പിന്നീട് കോളേജായി ഉയര്‍ത്തപ്പെട്ട സ്‌കോച്ച് മിഷനില്‍ തന്നെ 1895ല്‍ കോളജ് പഠനം തുടര്‍ന്നു. ശേഷം ലാഹോറിലെ ഗവണ്‍മെന്റ് കോളജില്‍ ബി.എ, 1899ല്‍ അവിടെ നിന്ന് തന്നെ ഫിലോസഫിയില്‍ എം.എ; അല്‍പകാലം ജോലിയിലും പ്രവേശിച്ചു.
1899ല്‍ ലാഹോറിലെ ഓറിയന്റല്‍ കോളില്‍ അറബിക് റീഡറായി അധ്യാപനം ആരംഭിച്ചു. 1901ല്‍ ലാഹോറിലെ ഗവണ്‍മെന്റ് കോളെജില്‍ താല്‍ക്കാലികമായി ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറായി. വീണ്ടും ഓറിയന്റല്‍ കോളജില്‍ തിരിച്ചെത്തി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്പിലേക്ക് പോയി. യൂറോപ്യന്‍ ജീവിതം ഇഖ്ബാലിന്റെ വ്യക്തിത്വത്തെയും കവിതയെയും ദര്‍ശനത്തെയും ആഴത്തില്‍ സ്പര്‍ശിച്ചു. ദാര്‍ശനികാര്‍ഥത്തില്‍ പുതിയ ഒരു ഇഖ്ബാലിന്റെ ജന്‍മമായിരുന്നു അത്. മഹാകവിയുടെ ധിഷണയില്‍ ദേശീയതക്ക് മേല്‍ ഇസ്‌ലാമിന്റെ സാര്‍വലൗകികത വിജയം സ്ഥാപിച്ചു.
17 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ ഇഖ്ബാലിന്റെ ആദ്യ വിവാഹം നടന്നു. ഖാന്‍ ബഹദൂര്‍ ഡോ. അത്വാ മുഹമ്മദ് ഖാന്റെ മകള്‍ കരീം ബീബിക് വരനെക്കാള്‍ മൂന്ന് വയസ് കൂടുതലായിരുന്നു. ഈ ദാമ്പത്യം തൃപ്തികരമല്ലാത്തതിനാല്‍ വിവാഹ മോചനമില്ലാതെ അകന്നു ജീവിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ടായി. അഫ്താബ് ഇഖ്ബാലും മിഅ്‌റാജ് ബീഗവും. മകള്‍ ഒമ്പതാം വയസ്സില്‍ മരിച്ചു. 1910ല്‍ സര്‍ദാര്‍ ബീഗവുമായി രണ്ടാം വിവാഹം.ചില സംശയങ്ങളുടെ കാരണത്താല്‍ അവരെ ഉപേക്ഷിച്ച് വീണ്ടും വിവാഹം ചെയ്തു. പിന്നീട് സംശയം നീങ്ങിയതോടെ അവരെയും വീട്ടിലേക്ക് കൊണ്ടുവന്ന് രണ്ട് ഭാര്യമാരേയും സംരക്ഷിച്ചു.
പാശ്ചാത്യ പൗരസ്ത്യവഴികള്‍ കാവ്യരചനയിലും
സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തുതന്നെ ഇഖ്ബാല്‍ കവിതയെഴുതാന്‍ തുടങ്ങിയിരുന്നു. യൂറോപ്യന്‍ യാത്രക്കു മുമ്പുള്ള കാലഘട്ടത്തെ സൃഷ്ടികളാണ് 'ബാങ്കെ ദറാ' എന്ന ഉര്‍ദു സമാഹാരത്തിലെ പല കവിതകളും. യൂറോപ്യന്‍ വാസത്തിനിടയില്‍ മഹാകവിയുടെ വീക്ഷണങ്ങള്‍ക്ക് സംഭവിച്ച പരിവര്‍ത്തനത്തിന്റെ സാക്ഷികളാണ് ശിക്‌വ, ജവാബെ ശിക്‌വ, ശമ്മ ഒര്‍ശാഇര്‍, ഖിസ്‌റെ റാഹ്, തുലൂയെ ഇസ്‌ലാം തുടങ്ങിയ പ്രസിദ്ധ കവിതകള്‍. കവിതക്ക് പുറമെ വിവിധ വഷയങ്ങളെക്കുറിച്ച് ഉര്‍ദുവിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും ഇഖ്ബാല്‍ എഴുതി.
1919 സെപ്തംബറില്‍ ഖിലാഫത് കോണ്‍ഫറന്‍സില്‍ പങ്കുകൊണ്ട് ഇഖ്ബാല്‍ ഖിലാഫത് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അധികം താമസിയാതെ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. തുര്‍ക്കിയില്‍ ബ്രിട്ടീഷുകാര്‍ അവസാനിപ്പിച്ച ഖിലാഫത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തോട് അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അന്‍ജുമന്‍ ഹിമായതെ ഇസ്‌ലാമിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഖ്ബാലിന്റെ സംഘടനക്ക് കീഴിലുള്ള കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നിസ്സഹകരണ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടു നിന്നു. 1924 മെയ് 19ന് ഇഖ്ബാല്‍ അന്‍ജുമന്റെ അധ്യക്ഷനായെങ്കിലും താമസിയാതെ ചില അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു.
1922ല്‍ ഇഖ്ബാലിന് നൈറ്റ്ഹുഡ് ബഹുമതി പ്രഖ്യാപിക്കപ്പെട്ടു. സര്‍വേന്ത്യാ മുസ്‌ലിം ലീഗ് സജീവമായതോടെ ഇഖ്ബാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വ്യാപൃതനായി. 1926ല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പഞ്ചാബ് ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അദ്ദേഹം ലാഹോറില്‍ മത്സരിച്ചു. 1927ല്‍ ഇന്ത്യ സന്ദര്‍ശിച്ച സൈമണ്‍ കമീഷനെ ഗാന്ധിജിയോടും മുഹമ്മദലി ജിന്നയോടും വിയോജിച്ച് കൊണ്ട് അംഗീകരിച്ചു. 1928ല്‍ ദക്ഷിണേന്ത്യ സന്ദര്‍ശിക്കുകയും മദ്രാസ്, മൈസൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 1934 ജനുവരിയില്‍ ശബ്ദത്തിന് തകരാറ് സംഭവിച്ചു. പ്രസംഗങ്ങള്‍ നിര്‍ത്തേണ്ടി വന്നു. 1938 ഏപ്രില്‍ 21ന് കാലത്ത് അഞ്ചു മണിക്ക് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
മലയാളത്തിലും ഇഖ്ബാല്‍ കൃതികളുടെ വിവര്‍ത്തനവും പഠനങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. മഹാകവി ജി.ശങ്കരക്കുറുപ്പ്, വക്കം അബ്ദുല്‍ ഖാദിര്‍, ടി.ഉബൈദ്, കെ. ദാമോദരന്‍, ഒ. ആബു, എ.എന്‍.പി. ഉമ്മര്‍കുട്ടി, മുഹമ്മദ് നിലമ്പൂര്‍, അബ്ദുസ്സമദ് സമദാനി തുടങ്ങിയ ഒട്ടേറെ പേര്‍ മലയാളത്തില്‍ ഇഖ്ബാലിനെ കുറിച്ചെഴുതുകയും അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തു.
ഇഖ്ബാല്‍ സ്വയം പ്രസാധനം ചെയ്ത കവിതകള്‍ ഇവയാണ്:
ഇല്‍മുല്‍ ഇഖ്തിസ്വാദ് (1904, ഉര്‍ദു), മസ്‌നവി അസ്‌റാറെ ഖുദി (1915, പേര്‍ഷ്യന്‍), മസ്‌നവി റുമൂസെ ബേഖുദി (1918 പേര്‍ഷ്യന്‍), പയാമെ മശ്‌രിഖ് (1923, പേര്‍ഷ്യന്‍), ബാങ്കെ ദറാ (1924 പേര്‍ഷ്യന്‍), സബൂറെ അജം (1927 പേര്‍ഷ്യന്‍), റീ കണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജ്യസ് ഥോട്ട് ഇന്‍ ഇസ്‌ലാം (1930 ഇംഗ്ലീഷ്), ജാവേദ് നാമ (1932 പേര്‍ഷ്യന്‍),മുസാഫിര്‍ (1934 പേര്‍ഷ്യന്‍), ബാലെ ജിബ്‌രീല്‍ (1935 ഉര്‍ദു), ദര്‍ബെ കലീം (1936 ഉര്‍ദു), പസ്‌പെ ബായദ് കര്‍ദ് ഏ അഖ്‌വാമെ ശര്‍ഖ് (1936 പേര്‍ഷ്യന്‍), അര്‍മഗാനെ ഫിജാസ് (1938 ഉര്‍ദു, പേര്‍ഷ്യന്‍).