കേരളത്തിലെ ആദ്യകാല ഗ്രന്ഥാവലിയായിരുന്ന ഇഖ്ബാല്‍, ടാഗോര്‍ ഗ്രന്ഥാവലിയുടെ പ്രസാധകനും സ്വാതന്ത്രസമര സേനാനിയുമായിരുന്നു പി.എം മുഹമ്മദ്.
1908 ല്‍ വടക്കെ മലബാറിലെ പയ്യന്നൂര്‍ മാവിശ്ശേരിയില്‍ ഹൈന്ദവ കുടുംബത്തില്‍ ജനിച്ചു. മാവി ശ്ശേരിയിലെ പ്രാഥമിക പള്ളിക്കൂടത്തിലും പയ്യന്നൂര്‍ സെക്കണ്ടറി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ നാടും കുടുംബവും ഉപേക്ഷിച്ച് കോഴിക്കോട്ടെത്തി സ്ഥിരം താമസമാക്കി.
സ്വാതന്ത്ര്യസമരത്തിലാവേശംകൊണ്ട് കോഴിക്കോടെത്തിയ ആ ചെറുപ്പക്കാരന് അത്താണി സ്വാതന്ത്ര്യ സമരനായകനായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു. സാഹിബിന്റെ ശിഷ്യനായി അല്‍അമീന്‍ ലോഡ്ജിലെ അന്തേവാസിയായി. അല്‍ അമീനിലെ വാസകാലത്ത് ഇസ്‌ലാമിനെക്കുറിച്ച് പരിചയപ്പെടാന്‍ ശ്രമിച്ചു. ഇസ്‌ലാമിക ആദര്‍ശങ്ങളും സംസ്‌കാരവും അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. ഇസ്‌ലാം മതം വിശ്വസിച്ചു. മുഹമ്മദ് എന്ന പേരും സ്വീകരിച്ചു.
വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് വേദിയായിത്തീര്‍ന്ന ഇഖ്ബാല്‍, ടാഗോര്‍ ഗ്രന്ഥാവലിയുടെ പ്രസാധകനെന്ന നിലക്കാണ് മുഹമ്മദ് ഏറെ അറിയപ്പെട്ടിരുന്നത്. മാസംതോറും ഓരോ ചെറിയ പുസ്തകം പുറത്തിറക്കിയ ഈ ഗ്രന്ഥാവലി അമ്പത് വര്‍ഷത്തോളം നീണ്ടുനിന്നു. ഒരാള്‍ തനിച്ച് നടത്തിയ ഇത്തരമൊരു സംരംഭം കേരളത്തില്‍ തന്നെ ആദ്യത്തേതായിരുന്നു.
വിശ്വപ്രശസ്ത ഭാരതീയ കവികളായ അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും പേര് നല്‍കി ഈ ഗ്രന്ഥാവലിയെ ഹിന്ദു മുസ്‌ലിം മൈത്രിയുടെ പ്രതീകമായി ആശീര്‍വദിച്ചത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു.
1932 ലായിരുന്നു ഇതിന്റെ തുടക്കം. കണ്ണൂരിലെ വി.പി. നെടുങ്ങാടി രചിച്ച അറബികളുടെ സ്വാതന്ത്ര്യ സമരവുമായിട്ടാണ് അരങ്ങേറ്റം. അങ്ങനെ മൊത്തം നൂറ്റിഎഴുപത്തിനാല് കൊച്ചുപുസ്തകങ്ങള്‍ പുറത്തിറക്കി. ആദ്യ പ്രസിദ്ധീകരണം ഒരണ (ആറു പൈസ) വിറ്റപ്പോള്‍ അവസാനത്തെ പ്രസിദ്ധീകരണത്തിന്റെ വില ഇരുപത്തിയഞ്ച് പൈസയായിരുന്നു.
സഞ്ജയന്‍, കെ.പി. കേശവമേനോന്‍, എസ്.കെ. പൊറ്റെക്കാട്ട്, പ്രൊഫസര്‍ കെ.എ. ജലീല്‍ എന്നിവരുടെ അവതാരികകളും ചെറുകാട്, തിക്കോടിയന്‍, വി. അബ്ദുള്ള, കെ. ദാമോദര മേനോന്‍, നഫീസ, മുസ്‌ലിംകളുടെ ചരിത്രം, ബീവി തുടങ്ങിയവരുടെ സൃഷ്ടികളും സിലോണ്‍ പ്രധാനമന്ത്രി സിരിമാവോ ഭണ്ഡാരനായകയുടെ ആശംസകളും ഗ്രന്ഥാവലിയില്‍ പലപ്പോഴായി പ്രകാശിതമായിട്ടുണ്ട്.
അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍ അമീന്‍, മൂര്‍ക്കോത്ത് കുമാരന്റെ ഗജകേസരി, വക്കം അബ്ദുല്‍ ഖാദറിന്റെ പ്രകാശം, കോട്ടയത്തെ മലബാര്‍ മെയില്‍, സി. കൃഷ്ണന്‍ വക്കീലിന്റെ മിതവാദി, കെ.എം. സീതി സാഹിബിന്റെ ഐക്യം, കെ. കൃഷ്ണന്‍ നായരുടെ മനോരമ, കോയിപ്പള്ളി പരമേശ്വര പിള്ളയുടെ കേരളപത്രിക, കെ. അഹമ്മദിന്റെ യുവലോകം തുടങ്ങിയ നിരവധി പത്രമാസികകളുടെ പ്രചാരകനായും ലേഖകനായും പ്രാദേശിക റിപ്പോര്‍ട്ടറായും മുഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ. കേളപ്പന്‍, കോഴിപ്പുറത്ത് മാധവമേനോന്‍, കുട്ടിമാളു അമ്മ എന്നിവരുടെ കൂടെ സ്വാതന്ത്ര്യ സമരവേദികളിലും ഉണ്ടായിരുന്നു. ബ്രിട്ടീഷ് പോലീസിന്റെ പല മര്‍ദ്ദന ങ്ങള്‍ക്കും മുഹമ്മദ് വിധേയനായി.
രാഷ്ട്രീയ, സാമൂഹ്യ, പൊതുരംഗങ്ങളിലും മുഹമ്മദ് പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംലീഗിന്റെ സിറ്റി കമ്മിറ്റി മെമ്പര്‍, ചെമ്മങ്ങാട് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്, മുഖദാര്‍ മുസ്‌ലിം ലീഗ് കമ്മറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
വയലില്‍ സ്വലാഹുല്‍ ഇസ്‌ലാം സംഘം, മലബാര്‍ മുസ്‌ലിം അസോസിയേഷന്‍, വയലില്‍ യുവജനസംഘം, പരപ്പില്‍ യങ്ങ്‌മെന്‍സ് മുസ്‌ലിം അസോസിയേഷന്‍, കണ്ണംപറമ്പ് ഖബര്‍സ്ഥാന്‍ പരിപാലന സംസ്‌കരണ ചുമതലക്കാരന്‍ എന്നീ നിലകളില്‍ സാമൂഹ്യരംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ജാതിമത ഭേദമന്യ വലിയ സുഹൃദ്‌വലയമുണ്ടായിരുന്നെങ്കിലും ഏകാകിയെപ്പോലെയാണ് മുഹമ്മദ് ജീവിച്ചിരുന്നത്. കെ.പി. ഇമ്പിച്ചാമിയാണ് ഭാര്യ. രണ്ട് പുത്രന്മാരും രണ്ട് പുത്രിമാരുമുണ്ട്.
1982 ജൂലായ് 21 ാം തിയ്യതി നിര്യാതനായി.