സ്വാതന്ത്ര്യസമര രംഗത്ത് കോഴിക്കോട്ടെ സാധാരണക്കാര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ താങ്ങും തണലുമായി പ്രവര്‍ത്തിച്ച ദേശാഭിമാനിയായിരുന്നു 'സി.വി. കാക്ക' എന്ന നാമത്തിലറിയപ്പെട്ടിരുന്ന ചെറുവീട്ടില്‍ അബ്ദുള്ളക്കോയ.
കോഴിക്കോട്ടെ പൗരാണിക കുടുംബാംഗവും പ്രമുഖ കോണ്‍ട്രാക്ടറും വ്യാപാരിയുമായിരുന്ന വലിയ വീട്ടില്‍ ഇമ്പിച്ച മമ്മതിന്റെയും ചെറുവീട്ടില്‍ കുട്ടിബിയുടെയും മകനായി 1892-ല്‍ ജനിച്ചു. സൗത്ത് ബീച്ച് റോഡിലെ ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു ഇമ്പിച്ചമമ്മത്. മരണം വരെ (1916 ആഗസ്റ്റ് 1) അതിന്റെ സെക്രട്ടറിയായിരുന്നു.
സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പൊതുപ്രവര്‍ത്തകര്‍ 'സി.വി. കാക്കയെയാണ് സമീപിച്ചിരുന്നത്. അദ്ദേഹത്തിന്റെ സാമര്‍ഥ്യത്തിനും കൗശലത്തിനും ഉദാഹരണമായിരുന്നു 1928 ലെ കോഴിക്കോട് മുനിസിപ്പല്‍ സമിതിയിലേക്ക് പന്ത്രണ്ടാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പ്. അക്കാരണത്താല്‍ അദ്ദേഹം 'ചക്രം' എന്ന പേരിലും അറിയപ്പെട്ടു.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ഏറ്റവും അടുത്ത അനുയായിയും സുഹൃത്തുമായിരുന്നു. സംഘടനാപരമായ പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാര്‍ഗദര്‍ശിയും ഉപദേശിയുമായിരുന്നു അദ്ദേഹം. ജാതിമത വ്യത്യാസമില്ലാതെ ഏവരുമായും ഒത്തിണങ്ങിപ്പോവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
1936ല്‍ 'അല്‍ അമീന്‍' പത്രത്തിന് കടുത്ത പരീക്ഷണത്തിന്റെ കാലഘട്ടമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അല്‍ അമീന്‍ പ്രസ്സ് ജപ്തി ചെയ്തു. പ്രശ്‌ന പരിഹാരത്തിനുവേണ്ടി മൊയ്തു മൗലവിയും എന്‍.പി. അബുക്കയും എ.പി. മൊയ്തീന്‍ കോയയും സമീപിച്ചത് സി.വി. കാക്കയെയാണ്. 'അല്‍ അമീന്‍ ദിനം' കൊണ്ടാടാനുള്ള നിര്‍ദേശമാണദ്ദേഹം പെട്ടെന്ന് കൊടുത്തത്. അതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡണ്ടും ട്രഷററും അദ്ദേഹമായിരുന്നു.
നാട്ടില്‍ നിന്നു മാത്രമല്ല സിലോണ്‍, ബര്‍മ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും സഹായമെത്തിച്ചേര്‍ന്നു. ബാധ്യതകള്‍ തീര്‍ത്തു. പ്രസ്, കോര്‍ട്ട് റോഡില്‍ നിന്നും കല്ലായി റോഡിലെ അല്‍ അമീന്‍ ലോഡ്ജിലേക്ക് മാറ്റി സ്ഥാപിച്ചു. സന്ദര്‍ഭത്തിന്റെ ഗൗരവമറിഞ്ഞ് സി.വി.യുടെ സമര്‍ത്ഥമായ ബുദ്ധി പ്രവര്‍ത്തിച്ചതിന്റെ ഫലമായി പത്രം മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു.
കോര്‍ട്ട് റോഡിലെ പ്രമുഖനായ ഒരു കച്ചവടക്കാരന്‍ കൂടിയായിരുന്നു സി.വി. അദ്ദേഹത്തിന്റെ പാണ്ടികശാല പല രാഷ്ട്രീയ സാമുദായിക നേതാക്കളുടെയും താവളമായിരുന്നു. മണക്കാട് കുഞ്ഞുമുഹമ്മദ് ഹാജി, സീതി സാഹിബ്, ഉപ്പി സാഹിബ് തുടങ്ങിയ ഐക്യസംഘം നേതാക്കളെല്ലാം കോഴിക്കോട്ടെത്തിയാല്‍ അദ്ദേഹത്തിന്റെ പാണ്ടികശാലയില്‍ വന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരു ബീഡിയും പുകച്ച് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടിരിക്കും. ഒടുവില്‍ മലപോലെ വന്ന പ്രശ്‌നങ്ങള്‍ മഞ്ഞു പോലെ ഉരുകിത്തീരും. സി.വി.യുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങളുമായി വന്നവര്‍ മനസ്സമാധാനത്തോടെ ഇറങ്ങിപ്പോകും. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക കഴിവ്.
അബ്ദുറഹിമാന്‍ സാഹിബിന്റെ മയ്യത്ത്, പാളയം മൊയ്തീന്‍ പള്ളിയില്‍ കബറടക്കണമെന്നും അതല്ല കണ്ണംപറമ്പ് ശ്മശാനത്തില്‍ തന്നെ കബറടക്കണമെന്നും രണ്ടഭിപ്രായം ശക്തിപ്പെട്ടപ്പോള്‍ ബേപ്പൂര്‍ അഹമ്മദ് സാഹിബ്, മൊയ്തു മൗലവി, സി.എന്‍. ഇമ്പിച്ചമ്മു എന്നിവര്‍ തലപുകഞ്ഞാലോചിച്ചു. അവസാനം തീരുമാനത്തിനായി സി.വി.യെ സമീപിച്ചു. എല്ലാ എതിര്‍പ്പും നേരിട്ട് മിസ്‌കാല്‍ പള്ളിയില്‍ മയ്യിത്തു നമസ്‌കാരവും കണ്ണംപറമ്പ് ശ്മശാനത്തില്‍ കബറടക്കവും നടത്തണമെന്ന് സി.വി. പറഞ്ഞു. എല്ലാവരും അതംഗീകരിക്കുകയും ചെയ്തു.
ഒന്നിലധികം തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്‌സരിക്കുകയും ഒരുതവണ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1937ല്‍ പന്നിയങ്കര ഇരുപത്തിമൂന്നാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി അഡ്വക്കറ്റ് പി.കെ. അസ്സന്‍ കോയയായിരുന്നു. കടുത്ത മല്‍സരത്തില്‍ സി.വി. വിജയിച്ചു.
1934ല്‍ മൗലാനാ മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ഖിലാഫത്തു സമ്മേളനത്തിന്റെ സ്വാഗതസംഘം വൈസ് പ്രസിഡണ്ടായിരുന്നു. തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭയുടെ നിര്‍വാഹക സമിതിയംഗമായും ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അറയ്ക്കല്‍ കുഞ്ഞിബിയാണ് സി.വി.യുടെ സഹധര്‍മ്മിണി. ആദ്യകാലത്തെ ബിരുദധാരികളിലൊരാളും കച്ചവടക്കാരനും മദ്രസത്തുല്‍ മുഹമ്മദിയ്യാ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന സി.എ. ഇമ്പിച്ചമ്മു അദ്ദേഹത്തിന്റെ ഏകപുത്രനാണ്.
1946 ഒക്ടോബര്‍ 26-ാം തിയ്യതി അമ്പത്തിനാലാം വയസ്സില്‍ നിര്യാതനായി.