Skip to main content

ചെമ്പ്രശ്ശേരി തങ്ങള്‍

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ എ.ഡി 1875 ല്‍ ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ ജനിച്ചു. സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ പിതാവും നെല്ലിക്കുത്ത് സ്വദേശിയായ ഫാത്വിമ ബിന്‍ത് അഹ്മദ് മാതാവുമാണ്. നെല്ലിക്കുത്തിലെ ശൈഖ് അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാരില്‍ നിന്ന് മതവിദ്യാഭ്യാസം നേടി. തൊട്ടടുത്ത ഗ്രാമമായ തൊടികപ്പുറത്ത് മുദര്‍രിസായി ജോലി ചെയ്തു. പിന്നീട് പിതാവിനൊപ്പം തുവ്വൂരിലേക്കും അതു കഴിഞ്ഞ് ചെമ്പ്രശ്ശേരിയിലുമെത്തി. ജീവിതാന്ത്യം വരെയും അവിടെത്തന്നെയായിരുന്നു.

ചെമ്പ്രശ്ശേരിയിലേക്കുള്ള വരവ് തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അക്കാലത്താണ് വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെയും മറ്റ് ഖിലാഫത്ത് നേതാക്കളെയും പരിചയപ്പെടുന്നത്. എം.പി നാരായണ മേനോന്‍, കെ. മാധവന്‍ നായര്‍, ആലി മുസ്‌ല്യാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അവര്‍ക്കൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ തങ്ങളും സമരത്തിനിറങ്ങി. 

മലബാര്‍ സമര കാലത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട രാജ്യത്തില്‍ പ്പെട്ട പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, കാളികാവ്, കരുവാരക്കുണ്ട്, വണ്ടൂര്‍, മേലാറ്റൂര്‍, തുവ്വൂര്‍ എന്നീ പ്രദേശങ്ങളിലെ ഭരണം നടത്താന്‍ പാണ്ടിക്കാട് നടന്ന യോഗത്തില്‍ ചെമ്പ്രശ്ശേരി തങ്ങളെയാണ് ചുമതലപ്പെടുത്തിയത്. 

സമരക്കാരുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ, ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിലെ മൂന്നിലൊരുഭാഗം ഇവിടങ്ങളില്‍ വിന്യസിച്ചു. കൂടാതെ പ്രത്യേകം പരിശീലനം ലഭിച്ച ചിന്‍, കച്ചിന്‍, ഗൂര്‍ക്ക തുടങ്ങി ബ്രിട്ടീഷ് സൈന്യത്തിലെ മികച്ച റെജിമെന്റുകളെയും ഇറക്കി. സെപ്തംബര്‍ 12 ആം തീയ്യതി ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം മണ്ണാര്‍ക്കാട്ടെ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ആക്രമിക്കുകയും കുടിയാന്‍ രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. സപ്തംബര്‍ 13 ന് ചെമ്പ്രശ്ശേരി തങ്ങളെ സമരക്കാരുടെ നേതാവായി തെരഞ്ഞെടുത്തു. തങ്ങളുടെയും വാരിയം കുന്നന്റെയും നേതൃത്വത്തില്‍ സെപ്തംബര്‍ 20-26 തീയ്യതികളില്‍ ചെര്‍പ്പുളശ്ശേരി, കാഞ്ഞിരമുക്ക്, മേലാറ്റൂര്‍, വെളിയഞ്ചേരി എന്നിവിടങ്ങളില്‍ വിപ്ലവ സംഗമങ്ങള്‍ നടന്നു. യോഗത്തില്‍ ഗറില്ലാ യുദ്ധമുറകളിലേക്ക് പോരാട്ടം വ്യാപിക്കുന്നതിന് തീരുമാനമായി.

ബ്രിട്ടീഷ് സൈന്യം വാരിയംകുന്നന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആഗസ്ത് 30 ന് ആലി മുസ്‌ല്യാര്‍ അറസ്റ്റു ചെയ്യപ്പെട്ടു. ബ്രിട്ടീഷ് സൈന്യം തിരിച്ചുപിടിക്കല്‍ ആരംഭിച്ചതോടെ പോരാട്ടം കനത്തു.

ബ്രിട്ടീഷുകാര്‍ മുസ്‌ലിം പ്രമാണിമാരെയും ഹൈന്ദവ ജന്‍മിമാരെയും ഉപയോഗിച്ച് ഒറ്റുകാരെ വളര്‍ത്തി. ബ്രിട്ടീഷ് സൈന്യത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വിപ്ലവക്കാര്‍ വര്‍ഗ്ഗീയ കൂട്ടായ്മയാണെന്നും കാട്ടി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. അപകടം മുന്നില്‍ കണ്ട ചെമ്പ്രശ്ശേരി തങ്ങള്‍ വിവിധ സംഘടനാ നേതാക്കള്‍ക്കു കത്തയച്ചു. മുഴുവന്‍ വിപ്ലവകാരികളും ഒത്തുചേര്‍ന്ന് ബ്രിട്ടീഷ് സൈന്യത്തിനെതിരെ അന്തിമപോരാട്ടം നടത്തുന്നതിനുള്ള ആഹ്വാനം നടത്തി. ഒറ്റുകാരിലൂടെ പദ്ധതി മണത്തറിഞ്ഞ സൈന്യം അവരെ ഉപരോധത്തിലാക്കി. ഭക്ഷണവും വെള്ളവും സഹായങ്ങളും മുടക്കിക്കൊണ്ട് ശക്തി ക്ഷയിപ്പിക്കാനുള്ള തന്ത്രമൊരുക്കി. പദ്ധതി നടപ്പായതോടെ ഉപരോധത്തിലായ തങ്ങളെയും കൂട്ടാളികളെയും പ്രലോഭിച്ചു കീഴടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.  

ഡിസംബര്‍ ഒന്നിന് സൈനിക അധികാരികള്‍ക്ക് ചെമ്പ്രശ്ശേരി തങ്ങള്‍ ഒരു കത്തയച്ചു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബ്രിട്ടീഷ് ഗവണ്‍മെന്റും ജന്‍മിമാരും വേട്ടയാടുകയാണെന്നും മാപ്പിളമാര്‍ അതിനെതിരെ പോരാടാന്‍ നിര്‍ബ്ബന്ധിതമാവുകയാണെന്നും ബ്രിട്ടീഷ് സൈന്യം അത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ പിന്‍മാറുന്ന കാര്യം വിപ്ലവകാരികളും ആലോചിക്കാമെന്നുമായിരുന്നു കത്തില്‍ സൂചിപ്പിച്ചത്. തങ്ങളും കൂട്ടരും പിന്‍മാറുകയാണെങ്കില്‍ സൈന്യം പിന്‍മാറുന്ന കാര്യം ആലോചിക്കാമെന്നും സമരക്കാരുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കമ്പനി മറുപടിയും നല്കി. സര്‍ക്കാര്‍ ചിലവില്‍ മക്കയിലയക്കാം, വിപ്ലവക്കാര്‍ക്കെതിരെയുള്ള കേസുകള്‍ എഴുതിത്തള്ളാം, കുടിയാന്‍ നിയമങ്ങള്‍ ചര്‍ച്ച ചെയ്യാം തുടങ്ങിയ മോഹന വാഗ്ദാനങ്ങളും കമ്പനി നല്കി. 

ചെമ്പ്രശ്ശേരി തങ്ങളുടെ വലംകൈയായിരുന്ന കോഴിശ്ശേരി മമ്മദിനെ വിശ്വാസത്തിലെടുത്ത സൈന്യം തങ്ങളെയും കൂട്ടി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി രഹസ്യമായി മേലാറ്റൂര്‍ പോലീസ് സറ്റേഷനില്‍ വരാന്‍ മമ്മദിനോട് ആവശ്യപ്പെട്ടു. മമ്മദ് ആവശ്യപ്പെട്ടതിനനുസരിച്ച് 1921 ഡിസംബര്‍ 17 ന് മേലാറ്റൂര്‍ എസ്.ഐക്കു മുമ്പില്‍ തങ്ങള്‍ ഹാജരായി. സൈന്യത്തിന്റെ പ്രത്യേക സംഘം അവരെ കീഴ്‌പ്പെടുത്തി. ഡിസംബര്‍ 19 ന് ചെമ്പ്രശ്ശേരി തങ്ങളെ ബ്രിട്ടീഷുകാര്‍ വെട്ടത്തൂര്‍ എസ്.ഐക്കു മുമ്പില്‍ ഹാജരാക്കി. തങ്ങളുടെയും കോഴിശ്ശേരി മമ്മദിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. യുദ്ധകോടതിയില്‍ വിചാരണ ചെയ്തു. 

1922 ജനുവരി 9 ന് ഇരുവരെയും ബ്രിട്ടീഷ് സൈന്യം വെടിവെച്ചു കൊന്നു.

Feedback