Skip to main content

മഞ്ഞയും കാവിയും

മുസ്‌ലിം പുരുഷന്‍മാര്‍ മഞ്ഞ വസ്ത്രവും കാവി (കുങ്കുമം) വസ്ത്രവും ധരിക്കരുതെന്ന് പറയുന്നതിന് പ്രമാണങ്ങളുടെ (പ്രബലമായഹദീസുകള്‍) പിന്‍ബലമുണ്ടോ? അവര്‍ മഞ്ഞ വസ്ത്രം ധരിച്ചാല്‍ ഉറക്കത്തില്‍ ദുഃസ്വപ്നം കാണുമോ?

മറുപടി : പുരുഷന്‍മാര്‍ മഞ്ഞ വസ്ത്രം ധരിക്കരുതെന്ന് നബി(സ്വ) വിലക്കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. 'ഉസ്ഫുര്‍' (ഒരുതരം ചുവപ്പ്)ചായം പൂശിയ വസ്ത്രം ധരിക്കുന്നത് നബി(സ്വ) വിലക്കിയതായും അത് സത്യ നിഷേധികളുടെ വസ്ത്രങ്ങളില്‍പ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും മുസ്‌ലിം, നസാഈ, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നബി(സ്വ) ചുവപ്പ് വസ്ത്രം ധരിച്ചതായി പ്രബലമായ മറ്റൊരു ഹദീസിലുണ്ട്. എല്ലാ ചുവപ്പു വസ്ത്രങ്ങളും നിഷിദ്ധമല്ലെന്നും അറേബ്യയിലെ സത്യനിഷേധികള്‍ ധരിച്ചിരുന്ന ഒരു പ്രത്യേക തരം ചുവപ്പു ചായമിട്ട വസ്ത്രത്തിന്നേ വിലക്കുള്ളൂവെന്നുമാണ് ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്. കുങ്കുമച്ചായമുള്ള വസ്ത്രത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളുണ്ട്. നബി(സ്വ) വസ്ത്രത്തിന് കുങ്കുമച്ചായ നല്‍കിയിരുന്നു എന്ന് ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് അബൂദാവൂദ്, നസാഈ, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ആ നിറമുള്ള വസ്ത്രം നിഷിദ്ധമല്ലെന്നാണ് മനസ്സിലാക്കാവുന്നത്. മഞ്ഞ വസ്ത്രം ധരിച്ചാല്‍ ദുഃസ്വപ്നം കാണുമെന്ന് പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല.

Feedback