Skip to main content

വെള്ളിയാഴ്ച പെരുന്നാളായാല്‍

വെള്ളിയാഴ്ച പെരുന്നാളായാല്‍  പെരുന്നാള്‍ നമസ്‌കാരത്തിലും ജുമുഅയിലും പങ്കെടുക്കല്‍ നിര്‍ബന്ധമാണോ?

മറുപടി : അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ, എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. സൈദുബ്‌നു അര്‍ഖമി(റ)നോട് മുആവിയ(റ) ചോദിച്ചു: ''രണ്ടു വിശേഷ സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുവന്ന സന്ദര്‍ഭത്തില്‍ താങ്കള്‍ റസൂല്‍(സ്വ)നോടൊപ്പം പങ്കെടുത്തിട്ടുണ്ടോ?'' അദ്ദേഹം പറഞ്ഞു''അതേ''. പകലിന്റെ ആരംഭത്തില്‍ റസൂല്‍(സ്വ) നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് ജുമുഅയുടെ കാര്യത്തില്‍ ഇളവ് നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ജുമുഅ നമസ്‌കാരം നിര്‍വഹിക്കാന്‍ വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ അതവന്‍ ചെയ്തുകൊള്ളട്ടെ''.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് അബൂദാവൂദും ഇബ്‌നുമാജയും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. റസൂല്‍(സ്വ) പറഞ്ഞു: ''നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ട് വിശേഷ ദിനങ്ങള്‍ ഒത്തുവന്നിരിക്കുന്നു. വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅക്കു പകരം അവന്ന് പെരുന്നാള്‍ നമസ്‌കാരം മതിയാകും. എന്നാല്‍ നാം ജുമുഅ നമസ്‌കാരം നിര്‍വഹിക്കുകയാണ്''.


 

Feedback