Skip to main content

അഖീഖയ്ക്ക് പ്രായ പരിധിയുണ്ടോ?

'അഖീഖ' അറുക്കാന്‍ വൈകിയാല്‍ (ഏകദേശം ഒരു വര്‍ഷം) പ്രശ്‌നം ഉണ്ടോ? 'അഖീഖ' അറുക്കുന്നതിന് പകരം തത്തുല്യമായ പണം പാവങ്ങളെ സഹായിക്കാന്‍ ചിലവഴിച്ചാല്‍ മതിയോ ? 

മറുപടി : കുട്ടി ജനിച്ചിട്ട് ഏഴാം ദിവസം നബി(സ്വ) അഖീഖ അറുത്തുവെന്ന് പ്രമാണികമായ ഹദീസിലുണ്ട്. അന്ന് അറുക്കാന്‍ കഴിയാത്തവര്‍ പിന്നീട് എപ്പോള്‍ അറുക്കണമെന്ന് നബി(സ്വ) വ്യക്തമാക്കിയതായി ഹദീസില്‍ കാണുന്നില്ല. കുട്ടിയുടെ പ്രായപൂര്‍ത്തിക്ക് മുമ്പ് എപ്പോള്‍ അറുത്താലും അത് അഖീഖഃ എന്ന പുണ്യകര്‍മമായി സ്വീകരിക്കപ്പെടുമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഖീഖഃ ഒരു നിര്‍ബന്ധ കര്‍മമല്ല. അതിന്നു പകരം പാവങ്ങള്‍ക്ക് സഹായം നല്‍കിയാല്‍ അഖീഖഃ എന്ന പുണ്യകര്‍മത്തിന്റെ പ്രതിഫലം ലഭിക്കുമെന്ന് പറയാന്‍ തെളിവുകളില്ല. ഉദ്ദേശ്യശുദ്ധിയോടെ ചെയ്യുന്ന ഏതു സഹായത്തിനും ദാനത്തിന്റെ പ്രതിഫലം ലഭിക്കും. അടുത്ത കുട്ടിയുണ്ടാകുമ്പോള്‍ രണ്ട് മൃഗങ്ങളെ അഖീഖഃ എന്ന നിലയില്‍ അറുക്കുകയാണ് വേണ്ടത്. ആണ്‍കുട്ടിയുടെ പേരില്‍ നബി(സ്വ) രണ്ട് കൂറ്റനാടുകളെ അറുത്തുവെന്ന് ഒരു ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശുവര്‍ഗത്തെയോ പോത്ത്, ഒട്ടകം എന്നിവയെയോ അഖീഖഃ എന്ന നിലയില്‍ നബി(സ്വ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രബലമായ ഹദീസുകളിലൊന്നും കാണുന്നില്ല. 


 

Feedback