ഖുര്‍ആനിന്ന് വിരുദ്ധമായ ഹദീസുകള്‍ സ്വീകാര്യമാണോ?
മറുപടി: വിശുദ്ധ ഖുര്‍ആനിലെ ആശയത്തിന്നും അധ്യാപനത്തിന്നും എതിരായി ഒരു ഹദീസ് നിവേദനം ചെയ്യപ്പെട്ടാല്‍ അതിലെ പരമ്പര സ്വഹീഹായാലും സ്വീകരിക്കുവാന്‍ പാടില്ല. ഈ വിഷയത്തില്‍ ഹദീസ് പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നതയില്ല. എല്ലാവരും യോജിച്ച് പ്രഖ്യാപിച്ചതാണിത്. പ്രഗത്ഭരായ സ്വഹാബിമാര്‍ പറയുന്ന പല സംഗതികളെയും ആഇശ(റ) ഖുര്‍ആന്‍ ഓതിക്കൊണ്ട് ഖണ്ഡിച്ച ധാരാളം സംഭവങ്ങള്‍ ബുഖാരിയില്‍ തന്നെ ഉദ്ധരിക്കുന്നതായി കാണാം. ഇബ്‌നുഅബ്ബാസ്(റ), ഖലീഫ ഉമര്‍(റ) മുതലായവരില്‍ നിന്നും ഉദ്ധരിക്കുന്നത് കാണാം.
ഇത്തരം ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഹജര്‍(റ) ഫതുഹുല്‍ബാരിയില്‍ പറയുന്നു: 'ഇതില്‍നിന്ന് ഹദീസിനെ ഖുര്‍ആന്‍ കൊണ്ട് എതിരിടാം' എന്ന് നമുക്കു മനസ്സിലാക്കാം. എന്നാല്‍ നിവേദക പരമ്പര സ്ഥിരപ്പെട്ടുവന്ന ഹദീസാണെങ്കില്‍ ഖുര്‍ആനുമായി യോജിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുക.
സുരക്ഷിതമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. മുസ്തസ്ഫാ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ബുഖാരിയിലെ ഒരു ഹദീസിനെ ഖുര്‍ആന്റെ അധ്യാപനത്തിന് എതിരാണെന്ന് അഭിപ്രായപ്പെട്ട് ഇമാം ഗസ്സാലി മാറ്റിവെക്കുന്നു. അതുപോലെ ഇമാം റാസി(റ)യും തന്റെ തഫ്‌സീറില്‍ ഇതേ നിലപാട് സ്വീകരിക്കുന്നു. ഇമാം ദഹബി(റ) പോലും ബുഖാരിയിലെ ഒരു ഹദീസിനെ ശക്തിയായി ഖണ്ഡിക്കുന്നതും കാണാം.
ഹദീസ് പ്രമാണമാണെന്നതിന്ന് ഇതൊന്നും എതിര്‍ രേഖയല്ല. ഹദീസായി ഉദ്ധരിക്കപ്പെട്ടതെല്ലാം സ്വീകരിക്കണമെന്ന വാദത്തിന്നാണ് എതിരാകുന്നത്. ഹദീസ് സ്വഹീഹായി പരിഗണിക്കുവാന്‍ പരമ്പര മാത്രം സ്വഹീഹായാല്‍ മതിയാവുകയില്ല. പറയുന്ന കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇബ്‌നുകസീര്‍(റ) തന്റെ അല്‍ബാഇസ് എന്ന ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെ നല്‍കി സമര്‍ഥിക്കുന്നു. ഇമാം ഇബ്‌നുജൗസി, ഇമാം സുയൂഥി, ഇബ്‌നുഹജര്‍(റ) മുതലായവരും ഇപ്രകാരം പ്രഖ്യാപിക്കുന്നു.